നോട്ടു നിരോധനം നടപ്പാക്കിയത് ആർബിഐയുടെ എതിർപ്പവഗണിച്ച്

Update: 2019-03-12 06:19 GMT

മോദി സർക്കാർ രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) യുടെ എതിർപ്പ് അവഗണിച്ചാണെന്ന് രേഖകൾ. നോട്ടു നിരോധന പ്രഖ്യാപനത്തിന്
മൂന്ന് മണിക്കൂർ മുൻപ് മാത്രമാണ് ഇക്കാര്യം ചർച്ച ചെയ്യാൻ ആർബിഐ ബോർഡ് യോഗം ചേർന്നതെന്ന് വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു.

വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായക്കിന് നൽകിയ മറുപടിയിലാണ് ഡിമോണറ്റൈസേഷൻ പ്രഖ്യാപനത്തിന് തൊട്ടു മുൻപ് ചേർന്ന യോഗത്തിലെ മിനിറ്റ്സ് പുറത്തുവിട്ടത്. അന്നത്തെ ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇപ്പോഴത്തെ ഗവർണർ ശക്തികാന്തദാസും പങ്കെടുത്തിരുന്നു. അന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം.

ആത്യന്തികമായി നോട്ട് നിരോധനത്തിനെ അനുകൂലിച്ചെങ്കിലും കള്ളപ്പണം നിയന്ത്രിക്കാനുള്ള ഒരു മാർഗമായി ഇതിനെ കാണാനാകില്ലെന്ന് ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് മിനിറ്റ്സ് വ്യക്തമാക്കുന്നത്. നടപ്പുവർഷത്തെ സാമ്പത്തികവളർച്ചയെ ഇത് ബാധിക്കുമെന്ന മുന്നറിയിപ്പും ബോർഡ് അംഗങ്ങൾ നൽകിയിരുന്നു

അഞ്ചുവർഷത്തിനുള്ളിൽ 500 ന്റെയും 1000ന്റെയും നോട്ടുകളിൽ വൻവർധന ഉണ്ടായെന്ന്‌ ചൂണ്ടിക്കാട്ടിയാണ് നോട്ടുനിരോധിക്കുന്നതിന് ധനമന്ത്രാലയം ആർ.ബി.ഐ.യുടെ അനുമതി തേടിയത്. 2011-12 മുതൽ 2015-16 വരെ സാമ്പത്തികവളർച്ച 30 ശതമാനമായിരുന്നു. എന്നാൽ, അഞ്ഞൂറിന്റെ നോട്ട് 76 ശതമാനവും ആയിരത്തിന്റേത് 109 ശതമാനവും കൂടി.

രാജ്യത്ത് മൊത്തം 400 കോടിയുടെ കള്ളപ്പണമാണ് ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നത്. ഈ പശ്ചാത്തലത്തിൽ നോട്ടുകൾ അസാധുവാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

എന്നാൽ, സാമ്പത്തികവളർച്ചയുമായി താരതമ്യംചെയ്യുമ്പോൾ പ്രചാരത്തിലുള്ള കള്ളപ്പണം നാമമാത്രമാണെന്നായിരുന്നു ആർബിഐ നിലപാട്. കള്ളപ്പണം പ്രധാനമായും സ്വർണത്തിലും റിയൽ എസ്റ്റേറ്റിലുമാണ് ഉള്ളത്. അതിനാൽ, നോട്ടുനിരോധിക്കുന്നത് ഫലംചെയ്യില്ല എന്ന് ചില ആർ.ബി.ഐ. ബോർഡംഗങ്ങൾ വാദിച്ചു.

വിനോദസഞ്ചാരമേഖലയിലടക്കം നോട്ടുനിരോധനം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബോർഡ് യോഗം മുന്നറിയിപ്പ്‌ നൽകിയിരുന്നു.

Similar News