നിശ്ചിത പരിധിയിലധികം സ്വര്‍ണം കൈവശം വെക്കാന്‍ അനുവദിക്കില്ല; വന്‍ പിഴ ഈടാക്കാന്‍ പദ്ധതി വരും
കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ പ്രതിനിധികളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും ഉള്‍പ്പെട്ട ഗോള്‍ഡ് ബോര്‍ഡ് രൂപവത്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് പരിഷ്‌കരിക്കാനും ധാരണയായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളത്. സ്വര്‍ണത്തിന്റെ മൂല്യം സര്‍ക്കാര്‍ ഉടന്‍ കണക്കാക്കില്ല. മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ ആളിനെ നിയോഗിക്കും. വിവാഹിതകളായ സ്ത്രീകള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ പരിധിയില്‍ ഇളവു നല്‍കും. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും.
സ്വയം വെളിപ്പെടുത്താനുള്ള കാലാവധി അവസാനിച്ചതിനു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിന് വലിയപിഴ ഈടാക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതുവഴി നികുതിവരുമാനം വര്‍ധിപ്പിക്കാമെന്നാണു പ്രതീക്ഷ.