ജിഎസ്ടി കൗണ്‍സില്‍: കേന്ദ്ര നീക്കം പൊളിച്ചടുക്കി പ്രതിപക്ഷ സംസ്ഥാനങ്ങള്‍

Update:2020-10-06 15:24 IST

ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ഈ വര്‍ഷത്തെ തുക കേന്ദ്രം നിര്‍ദേശിക്കും പോലെ കണ്ടെത്തണമെന്ന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍ പിരിയാനുള്ള നീക്കം പൊളിച്ചത് പ്രതിപക്ഷ സംസ്ഥാനങ്ങള്‍.

നഷ്ടപരിഹാരതുക ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ പറ്റുന്ന പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന ഓപ്ഷന്‍ വണ്‍ നടപ്പാക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഏതാണ്ട് 21 ഓളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോട് അനുകൂലവുമായിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ കേന്ദ്രം വായ്പ എടുക്കണമെന്ന നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്നലെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗം മണിക്കൂറുകളോളം നീണ്ടുപോയപ്പോള്‍ ഫിനാന്‍സ് സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള സംവിധാനം ഒരുക്കാന്‍ സാമ്പത്തിക കാര്യ വകുപ്പിന് നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച് യോഗം പിരിച്ചുവിടാന്‍ ഒരുങ്ങി. ഇതിനെ കേന്ദ്ര തീരുമാനത്തെ അനുകൂലിക്കാത്ത സംസ്ഥാനങ്ങള്‍ ശക്തിയുക്തം എതിര്‍ത്തു. അതിനിടെ നേരത്തെ, കേന്ദ്രം അവതരിപ്പിച്ച ഓപ്ഷന്‍ വണ്ണിനോട് അനുകൂല സമീപനം പുലര്‍ത്തിയിരുന്ന ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാര്‍ കേന്ദ്രം തന്നെ കടമെടുത്ത് നല്‍കണമെന്ന നിലപാടിലേക്കും എത്തിച്ചേര്‍ന്നു.

എന്നിരുന്നാലും 19 സംസ്ഥാനങ്ങള്‍ ഇപ്പോഴും സംസ്ഥാനങ്ങള്‍ വായ്പയെടുക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ അനുകൂലിക്കുന്നുണ്ട്. പക്ഷേ യോഗം നീണ്ടതോടെ ഇവരില്‍ പലരും സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷരായി. അതോടെ വോട്ടിനിട്ടാല്‍ കേന്ദ്ര നിലപാട് തള്ളുമെന്ന നിലയിലായി. അതേ തുടര്‍ന്നാണ് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ ഇടപെട്ട്, ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ ഒക്ടോബര്‍ 12ന് വീണ്ടും യോഗം ചേരാമെന്ന് വ്യക്തമാക്കിയത്.

നഷ്ടപരിഹാര സെസ് 2022 ജൂണിനുശേഷം

നഷ്ടപരിഹാര സെസ് 2022 ജൂണിനുശേഷവും തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ നഷ്ടപരിഹാരത്തില്‍ 20,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. കേരളത്തിന് ഈയിനത്തില്‍ 800 കോടി രൂപ ലഭിക്കും. മറ്റ് പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.

അന്തര്‍സംസ്ഥാന ഇടപാടുകളുടേതായ സംയോജിത ജിഎസ്ടി ഇനത്തില്‍ 2017-18ല്‍ കുറവ് തുക ലഭിച്ച സംസ്ഥാനങ്ങള്‍ക്കായി മൊത്തം 24,000 കോടി അടുത്താഴ്ച നല്‍കും. ഈയിനത്തില്‍ കേരളത്തിന് ഏകദേശം 800 കോടി കിട്ടും.

അഞ്ച് കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ അടുത്ത ജനുവരി മുതല്‍ പ്രതിമാസ റിട്ടേണ്‍ നല്‍കേണ്ട. മൂന്ന് മാസത്തിലൊരിക്കല്‍ മതി. എന്നാല്‍ എല്ലാ മാസവും നികുതി വരുമാനം അടയ്ക്കണം. ആദ്യ രണ്ടുമാസം അടയ്‌ക്കേണ്ടത് മുന്‍പത്തെ മൂന്ന് മാസം അടച്ച തുകയുടെ 35 ശതമാനം.

ജനുവരി ഒന്നുമുതല്‍ റീഫണ്ട് പാന്‍, ആധാര്‍ എന്നിവയുമായി ബന്ധിപ്പിച്ച് ബാങ്ക് എക്കൗണ്ടിലേക്ക് മാത്രം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News