ഗൃഹോപകരണ വിപണി: ക്ഷാമം നേരിടും, വില കൂടും

Update: 2020-03-18 11:53 GMT

കൊറോണ തകര്‍ത്ത വിപണിയെ കുറിച്ച് മാത്രമല്ല കേരളത്തിലെ ഗൃഹോപകരണ വ്യാപാരികള്‍ ആശങ്കപ്പെടുന്നത്. പൂര്‍ണമായും ചൈനയെ ആശ്രയിച്ച് കഴിയുന്ന ഈ വിപണി ഉല്‍പ്പന്നങ്ങളുടെ ക്ഷാമം കൂടി നേരിടേണ്ടി വരുമെന്ന സ്ഥിതിയാണ്.
ഫെബ്രുവരിയില്‍ മികച്ച നിലയില്‍ ആകേണ്ടിയിരുന്ന എസി വില്‍പ്പന ഇതുവരെയായും സജീവമായിട്ടില്ല. കൊറോണ മൂലം വിവാഹങ്ങളും ഗൃഹപ്രവേശനങ്ങളുമെല്ലാം മാറ്റിവെച്ചത് എസിയെ മാത്രമല്ല എല്ലാ ഗൃഹോപകരണങ്ങളുടെയും വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്ന് കണ്ണൂരിലെ പ്രമുഖ ഗൃഹോപകരണ ശൃംഖലയായ നിക്ഷാന്റെ മാനേജിംഗ് ഡയറക്റ്റര്‍ എം എം വി മൊയ്തു ചൂണ്ടിക്കാട്ടുന്നു.

ഗൃഹോപകരണ മേഖലയില്‍ ഏകദേശം 40 ശതമാനത്തിന്റെ ഇടിവെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. രാജ്യത്ത് ഈ വര്‍ഷം 95000 കോടി രൂപയുടെ അപ്ലയന്‍സസ്, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് വിഗദ്ധരുടെ അഭിപ്രായം. 2019 ല്‍ 85300 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.

സപ്ലൈ കുറയുന്നു

കൊറോണ നിയന്ത്രണ വിധേയമായാലും ഗൃഹോപകരണ വിപണി സജീവമാകാനിടയില്ലെന്നാണ് മൊയ്തു പറയുന്നത്. കാരണം മിക്ക ഗൃഹോപകരണങ്ങളുടെയും നിര്‍മാതാക്കളായ ചൈനയില്‍ നിന്നുള്ള സപ്ലൈയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. പുതുവര്‍ഷാവധിക്കാലം കഴിയുന്നതിനു മുമ്പാണ് ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ നിര്‍മാണ ഫാക്റ്ററികളെല്ലാം അടച്ചു പൂട്ടി. ഇപ്പോഴും പൂര്‍ണമായ തോതില്‍ നിര്‍മാണം തുടങ്ങിയിട്ടില്ല. നിലവില്‍ കേരളത്തില്‍ സാമ്പത്തിക മാന്ദ്യവും കൊറോണയും മൂലം വില്‍പ്പനയില്ലാത്തതിനാല്‍ സപ്ലൈയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് അറിയാനില്ല. എന്നാല്‍ കൊറോണ വിട്ടൊഴിയുമ്പോള്‍ ഈ മേഖല നേരിടുന്നത് ഉല്‍പ്പന്നങ്ങളുടെ ക്ഷാമായിരിക്കുമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആന്‍ഡ് അപ്ലയന്‍സസ് (ഡാറ്റ) സംസ്ഥാന പ്രസിഡന്റ് വിനോദ് പി മേനോന്‍ പറയുന്നു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബ്രാന്‍ഡുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കായി ചൈനയെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ നിര്‍മാണം പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഉല്‍പ്പന ക്ഷാമം ചൈനീസ് ഉല്‍പ്പന്നങ്ങളെ മാത്രമായിരിക്കില്ല ബാധിക്കുക.

വിലയും കൂടും

ഉല്‍പ്പന്ന ക്ഷാമം കൂടുന്നതോടെ വിലയിലും വര്‍ധനയുണ്ടാകും. അതു മാത്രമല്ല വിലയെ ബാധിക്കുക. ചൈനയില്‍ പരിമിതമായ തോതില്‍ ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും കൊറോണ പേടിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കിയാല്‍ മാത്രമേ ജോലി ചെയ്യൂ എന്ന സ്ഥിതിയാണ്. അതും വിലയില്‍ പ്രതിഫലിക്കുന്നതോടെ ലോകമെമ്പാടും ഗൃഹോപകരണങ്ങള്‍ക്ക് വില കൂടുമെന്നാണ് കരുതപ്പെടുന്നത്. സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയില്‍ ഇപ്പോള്‍ തന്നെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് വിനോദ് പി മേനോന്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News