കയറ്റത്തിനാെരുങ്ങി ഇന്ത്യൻ വിപണി; ശ്രദ്ധ റിസർവ് ബാങ്കിലേക്ക്;ആശങ്കകൾ അകറ്റി ആഗോള വിപണികൾ

ക്രൂഡ് ഓയിൽ ഇടിഞ്ഞിട്ടു കയറ്റത്തിൽ

Update: 2023-10-05 02:57 GMT

വിപണികൾ ആശങ്കയ്ക്ക് അവധി നൽകി. യു.എസ് വിപണി ഉയർന്നു. പിന്നാലെ ഏഷ്യൻ വിപണികളും കയറ്റത്തിലായി. പലിശക്കാര്യത്തിലെ ഭീഷണി മാറിയില്ലെങ്കിലും ഇനിയും താഴാേട്ടു പോകേണ്ട കാര്യമില്ലെന്നു നിക്ഷേപകർ കണക്കാക്കുന്നു എന്നാണു നിഗമനം.

ഇവയുടെ ചുവടു പിടിച്ച് ഇന്ന് ഇന്ത്യൻ വിപണിയും കയറ്റത്തിലേക്കു മാറുമെന്നാണു സൂചന. നാളെയാണു റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുക. നാടകീയതകൾ ഉണ്ടാകുകയില്ലെങ്കിലും ഇന്ത്യൻ വിപണിയുടെ ശ്രദ്ധ അതിലാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,483 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,499 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ബുധനാഴ്ച തുടക്കത്തിൽ കയറിയെങ്കിലും ഒടുവിൽ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. കടപ്പത്രവില അൽപം ഉയർന്ന സാഹചര്യത്തിൽ യുഎസ് വിപണി ഇന്നലെ ഉയർന്നു. ഡൗ ജോൺസ് 127.17 പോയിന്റ് (0.39%) കയറി 33,129.55 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 34.3 പോയിന്റ് (0.81%) ഉയർന്ന് 4263.75 ൽ അവസാനിച്ചു. നാസ്ഡാക് 176.5 പോയിന്റ് (1.35%) കുതിച്ച് 13,236.01ലും ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.09 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. ബുധനാഴ്ച വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്ത ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ 0.9 ശതമാനം കയറി.

ഇന്ത്യൻ വിപണി 

തലേ ദിവസത്തേതു പോലെ ബുധനാഴ്ചയും ഇന്ത്യൻ വിപണി വലിയ താഴ്ചയിൽ എത്തിയിട്ടു കുറേ തിരിച്ചു കയറി അരശതമാനത്തിൽ താഴെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 64,878 വരെയും നിഫ്റ്റി 19,333 വരെയും താഴ്ന്നിട്ടു കയറി. സെൻസെക്സ് 286.06 പോയിന്റ് (0.44%) താഴ്ന്ന് 65,226.04 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 92.65 പോയിന്റ് (0.47%) കുറഞ്ഞ് 19,436.1 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 435 പോയിന്റ് (0.98%) ഇടിഞ്ഞ് 43,964.05 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.38 ശതമാനം താഴ്ന്ന് 40,047.5 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.25 ശതമാനം വീണ് 12,656 ൽ അവസാനിച്ചു. 

ഇന്നലെ വിദേശനിക്ഷേപകരുടെ വിൽപന കുത്തനേ കൂടി. അവർ 4424.02 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1769.49 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഐടി ഓഹരികൾ ഇന്നലെ രാവിലെ താഴ്ന്ന ശേഷം ഉച്ച കഴിഞ്ഞ് ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലായ ശേഷമായിരുന്നു ആ കയറ്റം. എഫ്എംസിജി ഓഹരികളും നേട്ടത്തിൽ അവസാനിച്ചു.

പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇന്നലെ വലിയ വീഴ്ചയിലായി. എസ്.ബി.ഐ  രണ്ടു ശതമാനം ഇടിഞ്ഞു. ഹെൽത്ത് കെയർ, റിയൽറ്റി, ഫാർമ, മീഡിയ, വാഹന, മെറ്റൽ ഓഹരികൾക്കായിരുന്നു വലിയ താഴ്ച.

നിഫ്റ്റി 19,500-നു താഴെ പോയെങ്കിലും തിരിച്ചു കയറ്റത്തിനുള്ള സൂചനകൾ നൽകിയാണ് വ്യാപാരം അവസാനിപ്പിച്ചത് എന്നാണു വിശകലനം. ഇന്നു നിഫ്റ്റിക്ക് 19,365 ലും 19,280 ലും പിന്തുണ ഉണ്ട്. 19,460 ഉം 19,530 ഉം തടസങ്ങളാകും.

വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടരുന്നു. വ്യാവസായിക ഡിമാൻഡ് കുറയുന്നു എന്നാണു വിലയിരുത്തൽ. അലൂമിനിയം 2.14 ശതമാനം താണ് ടണ്ണിന് 2245.15 ഡോളറിലായി. ചെമ്പ് 0.61 ശതമാനം താഴ്ന്നു ടണ്ണിന് 7910.25 ഡോളറിലെത്തി. ടിൻ 0.31 ശതമാനവും സിങ്ക് 1.9 ശതമാനവും ഇടിഞ്ഞു. നിക്കൽ 1.01 ശതമാനവും ലെഡ് 0.47 ശതമാനവും കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ഒപെക് തീരുമാനം കാത്തിരുന്ന എണ്ണവിപണി അഞ്ചര ശതമാനത്തിലധികം ഇടിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ എണ്ണ ഉപയോഗം കുറയുകയാണ് എന്ന ജെപി മോർഗൻ റിപ്പോർട്ടാണു വിപണിയെ താഴ്ത്തിയത്. ബ്രെന്റ് ഇനം ക്രൂഡ് 85.81 ഡോളറിലും ഡബ്ള്യുടിഐ ഇനം 84.48 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 87.86 ഡോളറിലാണ്.

ഉൽപാദനത്തിൽ മാറ്റം വരുത്തേണ്ട എന്നാണ് ഒപെക് തീരുമാനിച്ചത്. ഇത് അറിഞ ശേഷം വില അൽപം കയറി. ബ്രെന്റ് 86.08 ഡോളറിൽ എത്തി.

സ്വർണവില താഴ്ന്നു നിൽക്കുന്നു. ഇന്നലെ 1815-1831 മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഔൺസിന് 1822 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1827 ഡോളറിലേക്കു കയറി.

കേരളത്തിൽ ഇന്നലെ പവൻവില മാറ്റമില്ലാതെ 42,080 രൂപയിൽ തുടർന്നു.

രൂപ ചൊവ്വാഴ്ച സമ്മർദ്ദത്തിലായി. ഡോളർ മൂന്നു പൈസ കൂടി 83.24 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക അൽപം താണു. ഇന്നു രാവിലെ 106.75 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ്കോയിൻ 27,800 നു മുകളിലാണ്. 

കമ്പനികൾ, ഓഹരികൾ

ആക്സിസ് ബാങ്ക് ഓഹരി ഇന്നലെ 4.38 ശതമാനം ഇടിഞ്ഞ് 994.4 രൂപയായി. ബാങ്ക് 10,000 കോടി രൂപ ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്) വഴി സമാഹരിക്കും എന്ന റിപ്പോർട്ടാണു വീഴ്ചയ്ക്കു കാരണം. എന്നാൽ വൈകുന്നേരം ബാങ്ക് ആ റിപ്പോർട്ട് നിഷേധിച്ചു.

റിയൽ എസ്റ്റേറ്റ് കമ്പനിയായ പുറവങ്കര ലിമിറ്റഡിന്റെ ഓഫീസിലും 40 സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് ഇന്നലെ റെയിഡ്  നടത്തി. ഓഹരി വില മൂന്നു ശതമാനത്തിലധികം താഴ്ന്നിട്ട് 2.1 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു.

മറ്റൊരു റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിനെതിരേ കൃത്രിമരേഖ ചമയ്ക്കലിനു കേസ് എടുത്തതോടെ കമ്പനിയുടെ ഓഹരി വില കുത്തനേ ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ട് ഓഹരിക്ക് എട്ടു ശതമാനം തകർച്ചയുണ്ടായി.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ 2.15 ശതമാനം താണു. അഞ്ചു ദിവസം കൊണ്ട് 5.83 ശതമാനം ഇടിവാണ് ഓഹരിക്കുണ്ടായത്. മസഗാേൺ ഡോക്ക്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് എന്നിവയും ഒരാഴ്ചയ്ക്കകം അഞ്ചു ശതമാനത്തോളം താഴ്ചയിലായി.

വിപണി സൂചനകൾ

(2023 ഒക്ടോബർ 4, ബുധൻ)

സെൻസെക്സ് 30 65,226.04 -0.44%

നിഫ്റ്റി 50 19,436.10 -0.47%

ബാങ്ക് നിഫ്റ്റി 43,964.05 -0.98%

മിഡ് ക്യാപ് 100 40,047.50 -1.38%

സ്മോൾ ക്യാപ് 100 12,656.00 -1.25%

ഡൗ ജോൺസ് 30 33,129.60 +0.39%

എസ് ആൻഡ് പി 500 4263.75 +0.81%

നാസ്ഡാക് 13,236.00 +1.35%

ഡോളർ ($) ₹83.24 +₹0.03

ഡോളർ സൂചിക 106.80 -00.20

സ്വർണം(ഔൺസ്) $1822.00 -$01.60

സ്വർണം(പവൻ) ₹40,080 -₹48.0.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $85.81 -$5.11

Tags:    

Similar News