ദിശ കാണാതെ വിപണി; കറന്റ് അക്കൗണ്ട് കമ്മി കൂടുന്നു; ക്രൂഡ് ഓയിൽ അൽപം താഴ്ന്നു

യുഎസിൽ ഓഹരികൾ കയറി, ഏഷ്യയിൽ സമ്മിശ്രം

Update: 2023-09-29 02:59 GMT

വിപണി ഇനിയും ദിശ കണ്ടെത്തിയിട്ടില്ല. കടപ്പത്ര വില അൽപം ഉയർന്നപ്പോൾ ഓഹരികൾ തിരിച്ചു കയറി. ഡോളർ താണു. യുഎസ് ക്രൂഡ് ഓയിൽ സ്റ്റോക്ക് കൂടിയതോടെ ക്രൂഡ് ഓയിൽ വില റെക്കോഡ് നിലവാരത്തിൽ നിന്നു താഴോട്ടു പോന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,659- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,628 വരെ താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ അഞ്ചു ദിവസത്തെ നഷ്ടകഥ മാറ്റി നേട്ടത്തിലായി. ജർമനിയിലെ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി. 4.5 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്തു സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം 4.3 ശതമാനം മാത്രം. ഓഗസ്റ്റിൽ 6.4 ശതമാനമായിരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി വിലക്കയറ്റം. ക്രൂഡ് ഓയിൽ വില ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നു താഴ്ന്നതും വിപണിയെ സഹായിച്ചു.

യൂറോയും പൗണ്ടും ചെറിയ നേട്ടം ഉണ്ടാക്കി. പൗണ്ട് 1.22 ഡോളർ വരെയും യൂറോ 1.056 ഡോളർ വരെയും കയറി.

കടപ്പത്രവിപണിയിലും എണ്ണ വിപണിയിലും കണ്ട ആശ്വാസം ഓഹരി വിപണിയെ ചെറിയ ഉയർച്ചയിലേക്കു നയിച്ചു. ക്രൂഡ് ഓയിൽ 97.56 ഡോളർ എന്ന ഒരു വർഷത്തെ ഉയർന്ന നിലയിൽ നിന്ന് മൂന്നു ശതമാനം ഇടിഞ്ഞു. 10 വർഷ സർക്കാർ കടപ്പത്രവില നിക്ഷേപത്തിന് 4.688 ശതമാനം ആദായം കിട്ടുന്ന വിലയിലേക്കു താഴ്ന്നിട്ടു തിരിച്ചു കയറി. തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകൾ പ്രതീക്ഷയിലും കുറവായതും വിപണിയെ സഹായിച്ചു.

വ്യാഴാഴ്ച ഡൗ ജോൺസ് 116.07 പോയിന്റ് (0.35%) ഉയർന്ന് 33,666.3 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 25.19 പോയിന്റ് (0.59%) കയറി 4299.7 ലും നാസ്ഡാക് 108.43 പോയിന്റ് (0.83%) ഉയർന്ന് 13,200.3 ലും ക്ലോസ് ചെയ്തു.

യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് അൽപം കയറി. ഡൗ 0.2 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.18 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

തുടർച്ചയായ രണ്ടാം മാസവും യുഎസ് ഓഹരി സൂചികകൾ നഷ്ടത്തിൽ അവസാനിക്കുമെന്നാണു നിഗമനം ഡൗ ഈ മാസം ഇതുവരെ

മൂന്നു ശതമാനം താഴ്ചയിലാണ്. എസ് ആൻഡ് പി 4.6ഉം നാസ്ഡാക് ആറും ശതമാനം നഷ്ടത്തിൽ നിൽക്കുന്നു.

വ്യാഴാഴ്ച ചൈനയിലടക്കം ഏഷ്യൻ വിപണികൾ തുടക്കത്തിലെ നഷ്ടങ്ങൾ നേട്ടമാക്കി ക്ലോസ് ചെയ്തു.

ഇന്നു രാവിലെ ജപ്പാനിൽ വിപണി താഴ്ചയിലാണ്, ഓസ്ട്രേലിയൻ വിപണി ഉയർന്നു. ഹോങ് കോങ്ങിലും സൂചിക ഉയർന്നു.

ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെയുടെ സ്ഥാപക ചെയർമാൻ അറസ്റ്റിലായെന്നു സ്ഥിരീകരിക്കപ്പെട്ടു. കമ്പനിയുടെ ഓഹരികൾ വ്യാപാരത്തിൽ നിന്നു നീക്കി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം വലിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപകർ വലിയ വിൽപനക്കാരായത് തകർച്ചയുടെ ആക്കം കൂട്ടി. സെൻസെക്സ് 66,406 വരെ കയറിയിട്ട് 983 പോയിന്റ് നഷ്ടപ്പെടുത്തി 65,423 വരെ താണു. നിഫ്റ്റി 19,767 ൽ നിന്ന് മുതൽ 19,492 വരെ ഇറങ്ങി. സെൻസെക്സ് 610.37 പോയിന്റ് (0.92%) നഷ്ടത്തോടെ

65,508.32 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 192.9 പോയിന്റ് (0.98%) ഇടിഞ്ഞ് 19,533.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 287.35 പോയിന്റ് (0.64%) താഴ്ന്ന് 44,300.95 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.32 ശതമാനം ഇടിഞ്ഞ് 40,104.05 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.41 ശതമാനം താഴ്ന്ന് 12,623.75 ൽ അവസാനിച്ചു.

വ്യാഴാഴ്ച വിദേശനിക്ഷേപകർ 3364 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2711 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

എല്ലാ വ്യവസായ മേഖലകളും ഇന്നലെ ഇടിഞ്ഞു. 2.19 ശതമാനം ഇടിഞ്ഞ ഐടി സൂചികയും 1.91 ശതമാനം താണ എഫ്എംസിജിയും തകർച്ചയുടെ മുന്നിൽ നിന്നു. കൺസ്യൂമർ ഡ്യുറബിൾസ്, വാഹനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, ഹെൽത്ത് കെയർ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ മേഖലകളും ഇടിഞ്ഞു.

വിദേശികൾ വിൽപന തുടരുകയും വിപണി ബെയറിഷ് സൂചനകൾ കാണിക്കുകയും ചെയ്തത് ഇനി തിരുത്തലിന്റെ നാളുകൾ എന്ന ധാരണ പലരിലും ജനിപ്പിച്ചു. എന്നാൽ രാത്രി യുഎസ് കടപ്പത്രവില അൽപം ഉയരുകയും യുഎസ് വിപണി നേട്ടത്തിലാവുകയും ക്രൂഡ് ഓയിൽ വില താഴുകയും ചെയ്തതു വിപണിമനോഭാവം പോസിറ്റീവാകാൻ സഹായിക്കും. 19,450 നു താഴെ പോയാൽ നീണ്ട തിരുത്തൽ പലരും പ്രവചിച്ചിട്ടുണ്ട്.

ഇന്നു നിഫ്റ്റിക്ക് 19,490 ലും 19,320 ലും പിന്തുണ ഉണ്ട്. 19,700 ഉം 19,850 ഉം തടസങ്ങളാകും.

വ്യാവസായിക ലോഹങ്ങൾ സമ്മിശ്രനീക്കം തുടരുന്നു. അലൂമിനിയം 1.71 ശതമാനം കയറി ടണ്ണിന് 2275.32 ഡോളറിലായി. ചെമ്പ് 0.69 ശതമാനം ഉയർന്ന് ടണ്ണിന് 8111.9 ഡോളറിൽ എത്തി. ടിൻ 0.76 ശതമാനവും ലെഡ് 0.26 ശതമാനവും നിക്കൽ 0.27 ശതമാനവും താഴ്ന്നു. സിങ്ക് 3.9 ശതമാനം കുതിച്ചു.

രണ്ടു ദിവസത്തെ കുതിപ്പിനു ശേഷം ക്രൂഡ് ഓയിൽ ഇന്നലെ താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 97.56 ഡോളർ വരെയും ഡബ്ള്യുടിഐ ഇനം 95.03 ഡോളർ വരയും കയറി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലകളാണവ. പിന്നീട് വില യഥാക്രമം 95.14 ഡോളറിലേക്കും 91.83 ഡോളറിലേക്കും താണു. യുഎസ് ക്രൂഡ് ഓയിൽ സ്റ്റോക്ക് നില മെച്ചപ്പെട്ടതും വില താഴാൻ സഹായിച്ചു.

ക്രൂഡ് ഓയിലും സ്വർണവും 

ഇന്നു രാവിലെ ബ്രെന്റ് ഇനം 95.17 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.6.4 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 95.41 ഡോളറിലാണ്.

സ്വർണവില ഇടിവ് തുടരുകയാണ്. 1857 ഡോളർ വരെ താഴ്ന്ന സ്വർണം വ്യാഴാഴ്ച ഔൺസിന് 1865.3 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1867 ഡോളറിലേക്കു കയറി.

കേരളത്തിൽ ഇന്നലെ പവൻവില 480 രൂപ കുറഞ്ഞ് 43,120 രൂപയായി. ഇന്നും വില കുറയാം.

രൂപ ദുർബലമായി തുടരുന്നു. ഡോളർ രണ്ടു പൈസ കുറഞ്ഞ് 83.2 രൂപയിൽ ക്ലോസ് ചെയ്തു. രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിൽക്കുന്നുണ്ട്.

ഡോളർ സൂചിക താഴ്ന്ന് 106.22 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.11 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 27,100 നടുത്താണ്. 

കറന്റ് അക്കൗണ്ട് കമ്മി കൂടുന്നു 

രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നു. ജനുവരി - മാർച്ചിൽ 130 കോടി ഡോളർ (ജിഡിപിയുടെ 0.2 ശതമാനം) ആയിരുന്ന കമ്മി ഏപ്രിൽ - ജൂണിൽ 920 കോടി ഡോളർ (ജിഡിപിയുടെ 1.1ശതമാനം) ആയി. ഉൽപന്ന കയറ്റുമതിയും സേവന കയറ്റുമതിയും കുറഞ്ഞു, ക്രൂഡ് ഓയിൽ വില കൂടി. ഇതാണു കാരണം. പ്രവാസികളിൽ നിന്നുള്ള വരവ് 2860 കോടി ഡോളറിൽ നിന്ന് 2710 കോടി ഡോളറായി കുറഞ്ഞു. വിദേശത്തേക്കുള്ള നിക്ഷേപങ്ങൾ 1260 കോടി ഡോളറിൽ നിന്ന് 1060 കോടി ഡോളറായി കുറഞ്ഞു. വിദേശത്തു നിന്ന് ഇങ്ങോട്ടുള്ള പ്രത്യക്ഷ നിക്ഷേപം ഒരു വർഷം മുൻപത്തെ 1340 കോടി ഡോളറിൽ നിന്ന് 510 കോടി ഡോളറായി ചുരുങ്ങി. എന്നാൽ ഓഹരികളിലെ വിദേശനിക്ഷേപം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1460 കോടി ഡോളർ പുറത്തേക്ക് പോയപ്പോൾ ഇത്തവണ 1570 കോടി ഡോളർ വരവായി.

അടുത്ത പാദത്തിലും കമ്മി കൂടുമെന്നാണു റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ. സർക്കാർ തലത്തിലെ കടം ഒഴികെയുള്ള വിദേശനാണ്യ ഇടപാടുകളുടെ ശിഷ്ടനിലയാണ് കറന്റ് അക്കൗണ്ടിലെ കമ്മി. 

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 28, വ്യാഴം)


സെൻസെക്സ് 30 65,508. 32 -0.92%

നിഫ്റ്റി 50 19,523.55 -0.98%

ബാങ്ക് നിഫ്റ്റി 44,300.95 -0.64%

മിഡ് ക്യാപ് 100 40,104.05 -1.32%

സ്മോൾ ക്യാപ് 100 12,623.72 -0.41%

ഡൗ ജോൺസ് 30 33,666.30 +0.35%

എസ് ആൻഡ് പി 500 4299.70 +0.59%

നാസ്ഡാക് 13,200.30 +0.83%

ഡോളർ ($) ₹83. 20 -₹0.02

ഡോളർ സൂചിക 106.22 -00.45

സ്വർണം(ഔൺസ്) $1865.30 -$10.70

സ്വർണം(പവൻ) ₹43,120 -₹480.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $95.14 -$1.41

Tags:    

Similar News