പണനയം കാത്ത് നിക്ഷേപകർ; നേട്ടം തുടരാൻ വിപണി; രണ്ടാം പാദ റിസൽട്ടുകൾ മെച്ചമെന്നു നിഗമനം; ഐടിയിൽ വളർച്ച വെെകുമെന്നു റിപ്പോർട്ട്

നിഫ്റ്റി 50 കമ്പനികൾ മികച്ച വരുമാന-ലാഭ വളർച്ച കാണിക്കുമെന്ന് ഇക്കണോമിക് ടൈംസ്

Update: 2023-10-06 03:06 GMT

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തെ ഉറ്റുനോക്കിയാണ് ഇന്ത്യൻ വിപണി ഇന്നു വ്യാപാരം തുടങ്ങുക. രാവിലെ പത്തിനാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നയം പ്രഖ്യാപിക്കുക. റീപോ നിരക്കിൽ വർധന പ്രതീക്ഷിക്കുന്നില്ലെങ്കിലും പണലഭ്യത ചുരുക്കുന്ന നടപടികൾ ഉണ്ടാകുമോ എന്നു വിപണിക്ക് ആശങ്കയുണ്ട്.

ഇന്നലെ യു.എസ് വിപണി നേരിയ താഴ്ചയിലായെങ്കിലും ഇന്നും നേട്ടം പ്രതീക്ഷിച്ചാണ് ഇന്ത്യൻ വിപണി തുറക്കുക. ഏഷ്യൻ വിപണികൾ ചെറിയ കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നതും ഡോളർ സൂചിക അൽപം താണതും വിപണികൾക്ക് ആശ്വാസമാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,610 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,620 വരെ കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച ഭിന്ന ദിശകളിലായിരുന്നു. ജർമൻ ഓഹരികൾ താഴ്ന്നു, ഫ്രഞ്ച് ഓഹരികൾ കയറി. യൂറോ സ്റ്റാേക്സ് 600 ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

യു.എസ് വിപണി ഇന്നലെ അനിശ്ചിതത്വത്തിലായിരുന്നു. 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം ഉയർന്നു. പക്ഷേ 4.71 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിൽ തന്നെയാണു കടപ്പത്രങ്ങൾ.

യു.എസ് സൂചികകൾ നേരിയ താഴ്ചയിൽ അവസാനിച്ചു.

ഡൗ ജോൺസ് 9.98 പോയിന്റ് (0.03%) താണ് 33,119.57 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.56 പോയിന്റ് (0.13%) നഷ്ടത്തിൽ 4258.19 ൽ അവസാനിച്ചു. നാസ്ഡാക് 16.18 പോയിന്റ് (0.12) കുറഞ്ഞ് 13,219.83ലും ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.04 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

വ്യാഴാഴ്ച വലിയ നേട്ടത്തിൽ ക്ലോസ് ചെയ്ത ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ 0.25 ശതമാനം കയറി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണിക്ക് ആശ്വാസത്തിന്റെ ദിവസമായിരുന്നു വ്യാഴാഴ്ച. രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ ഉയർന്നു. ഒടുവിൽ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു.

സെൻസെക്സ് 65,753 വരെയും നിഫ്റ്റി 19,577 വരെയും കയറിയിരുന്നു. സെൻസെക്സ് 405.53 പോയിന്റ് (0.62%) ഉയർന്ന് 65,631.57 ൽ അവസാനിച്ചു. നിഫ്റ്റി 109.65 പോയിന്റ് (0.56%) കയറി 19,545.75 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 249.3 പോയിന്റ് (0.57%) നേട്ടത്താേടെ 44,213.35 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക മാറ്റമില്ലാതെ 40,046 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.63 ശതമാനം കയറി 12,735.52 ൽ അവസാനിച്ചു.

ഇന്നലെയും വിദേശനിക്ഷേപകർ വിൽപന തുടർന്നു. അവർ 1864.2 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 521.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

മീഡിയ, ഐടി, വാഹന, ധനകാര്യ ഓഹരികൾ ഇന്നലെ നേട്ടം ഉണ്ടാക്കി. പൊതുമേഖലാ ബാങ്കുകൾ, ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ മേഖലകൾക്കായിരുന്നു താഴ്ച.

നിഫ്റ്റി ഹ്രസ്വകാല മുന്നേറ്റത്തിനുള്ള സൂചനകൾ നൽകുന്നുണ്ട് എന്നാണു വിശകലനം. ഇന്നു നിഫ്റ്റിക്ക് 19,500 ലും 19,445 ലും പിന്തുണ ഉണ്ട്. 19,570 ഉം 19,630 ഉം തടസങ്ങളാകും.

ടിൻ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടരുകയാണ്. അലൂമിനിയം 0.45 ശതമാനം താണ് ടണ്ണിന് 2234.98 ഡോളറിലായി. ചെമ്പ് 1.24 ശതമാനം താഴ്ന്നു ടണ്ണിന് 7812.25 ഡോളറിലെത്തി. ടിൻ 0.31 ശതമാനം കയറി. സിങ്ക് 0.56 ശതമാനവും നിക്കൽ 1.95 ശതമാനവും ലെഡ് 0.46 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും 

എണ്ണവിപണി താഴ്ന്നു നിൽക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് 84. 18 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.54 ഡോളറിലും ക്ലോസ് ചെയ്തു.

സ്വർണവില താഴ്ന്നു നിൽക്കുന്നു. ഇന്നലെ 1811-1830 മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഔൺസിന് 1821.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1822.4 ഡോളറിലേക്കു കയറി.

കേരളത്തിൽ ഇന്നലെ പവൻവില 160 രൂപ കുറഞ്ഞ് 41,920 രൂപയിൽ എത്തി. മാർച്ച് 13-നു ശേഷം ആദ്യമാണ് വില 42,000 ഡോളറിനു താഴെ വരുന്നത്. മേയ് അഞ്ചിനു പവൻ 45,760 രൂപ വരെ കയറിയിരുന്നു.

ഡോളർ ഒരു പൈസ കൂടി 83.25 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്കിന്റെ ഇടപെടലിലാണു രൂപ പിടിച്ചു നിന്നത്. ഡോളർ സൂചിക താഴ്ന്ന് 106.33 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.41 ലേക്കു കയറി. ക്രിപ്‌റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ് കോയിൻ   27,400 നു മുകളിലാണ്. 

ഐടിക്കു ക്ഷീണം തുടരുമെന്ന് ജെപി മോർഗൻ 

ഇന്ത്യൻ ഐടി കമ്പനികളുടെ ഉണർവ് അടുത്ത ധനകാര്യ വർഷമേ സംഭവിക്കൂ എന്ന് ജെപി മോർഗൻ വിലയിരുത്തി. അടുത്തയാഴ്ച മുതൽ വരുന്ന രണ്ടാം പാദ റിസൽട്ടുകൾ കാര്യമായ നേട്ടം കാണിക്കുകയില്ലെന്നാണ് ബാങ്കിലെ വിശകലനക്കാരുടെ നിഗമനം. യു. എസ് കമ്പനികളാണ് ഇന്ത്യൻ ഐടി കമ്പനികൾക്കു കരാർ ജോലികൾ നൽകുന്നത്. അവർ ഐടിയിലടക്കം ചെലവ് ചുരുക്കുകയാണ്. അതു മൂലം ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനം കുറയും. 

നിഫ്റ്റി 50 കമ്പനികൾക്കു ലാഭം കുതിക്കുമെന്ന് 

രണ്ടാം പാദത്തിൽ നിഫ്റ്റി 50 സൂചികയിലെ കമ്പനികൾ മികച്ച വരുമാന - ലാഭ വളർച്ച കാണിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ലാഭവളർച്ച 37.8 ശതമാനവും വരുമാന വളർച്ച 10.2 ശതമാനവും ഉണ്ടാകുമെന്നാണു പ്രതീക്ഷ. അസംസ്കൃത പദാർഥങ്ങൾക്കും മറ്റും വില കുറഞ്ഞതു ലാഭ മാർജിൻ കൂട്ടും. മുൻകൂർ നികുതി അടവ് 21.1 ശതമാനം വർധിച്ചതു കമ്പനികളുടെ ലാഭം ഗണ്യമായി വർധിച്ചതിന്റെ തെളിവായി റിപ്പോർട്ടിൽ പറയുന്നു. വാഹന, ബാങ്കിംഗ്, ധനകാര്യ, ഇൻഷ്വറൻസ് കമ്പനികളാകും മികച്ച നേട്ടം കാണിക്കുക എന്നാണു വിലയിരുത്തൽ.

സേവന മേഖലയ്ക്കു നല്ല വളർച്ച 

രാജ്യത്തു സേവനമേഖലയുടെ പ്രവർത്തനം കൂടുതൽ വേഗം കെെവരിച്ചതായി പി.എം.ഐ സർവേ. പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് സെപ്റ്റംബറിൽ 61 ലേക്കു കയറി. ഓഗസ്റ്റിൽ 60.1 ആയിരുന്നു. ജൂലെെയിലെ 62.3 ലും കുറവാണെങ്കിലും സേവന മേഖലയുടെ വളർച്ച മികച്ച തോതിൽ കൂടുന്നതായി ഇതു കാണിക്കുന്നു എന്നാണു വിലയിരുത്തൽ.

വിപണി സൂചനകൾ

(2023 ഒക്ടോബർ 5, വ്യാഴം)

സെൻസെക്സ് 30 65,631.57 +0.62%

നിഫ്റ്റി 50 19,545.75 +0.56%

ബാങ്ക് നിഫ്റ്റി 43,213.35 +0.57%

മിഡ് ക്യാപ് 100 40,046.00 00.00

സ്മോൾ ക്യാപ് 100 12,735.52 +0.63%

ഡൗ ജോൺസ് 30 33,119.57 -0.03%

എസ് ആൻഡ് പി 500 4258.19 -0.13%

നാസ്ഡാക് 13,219.83 -0.12%

ഡോളർ ($) ₹83.25 +₹0.01

ഡോളർ സൂചിക 106.33 -00.47

സ്വർണം(ഔൺസ്) $1821.20 -$00.80

സ്വർണം(പവൻ) ₹41,920 -₹160.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.18 -$1.53

Tags:    

Similar News