ഹുറൂണ്‍ ലിസ്റ്റില്‍ ഒമ്പതാം തവണയും അതിസമ്പന്നന്‍ അംബാനി; മലയാളികളില്‍ യൂസഫലി ഒന്നാമത്

Update: 2020-10-05 09:41 GMT

ഹുറൂണ്‍ ഇന്ത്യ 2020 വര്‍ഷത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി തന്നെ ഒന്നാമന്‍. 6,58,400 കോടി രൂപയുടെ ആസ്തിയുമായി തുടര്‍ച്ചയായി ഒന്‍പതാമത്തെ വര്‍ഷമാണ് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ അംബാനി ഒന്നാമതെത്തുന്നത്. ഐ.ഐ.എഫ്.എല്‍. ഹൂറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ആദ്യ നൂറില്‍ ഇത്തവണയും എട്ട് മലയാളികളെത്തി. ആകെ ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടത് 36 മലയാളികളാണ്. കഴിഞ്ഞ വര്‍ഷം 23 മലയാളികളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇത്തവണ 2,72,300 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള സമ്പന്നരുടെ സംയോജിത ആസ്തി. 42,700 കോടി രൂപയുടെ ആസ്തിയുമായി ഇക്കുറിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി മലയാളി സമ്പന്നരില്‍ ഒന്നാമനായി. യൂസഫലിയുടെ സമ്പത്തില്‍ 20 ശതമാനം വര്‍ധനയാണുണ്ടായത്. പൂര്‍ണമായ ലിസ്റ്റില്‍ പത്തൊമ്പതാം സ്ഥാനത്താണ് എംഎ യൂസഫലിയുടെ സ്ഥാനം. തൊട്ടു പിന്നാലെ ജെംസ് എജുക്കേഷന്‍ സ്ഥാപകനും ചെയര്‍മാന്‍ സണ്ണി വര്‍ക്കി (22,400 കോടി)യുമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും നിക്ഷേപം നേടിയ മലയാളി കമ്പനിയുടെ സ്ഥാപകന്‍ ബൈജു രവീന്ദ്രനും കുടുംബവുമാണ് ലിസ്റ്റിലെ മൂന്നാമത്തെ മലയാളി സാന്നിധ്യം. ആകെ ലിസ്റ്റില്‍ 52 ാം സ്ഥാനത്താണ് ബൈജു എത്തിയത്. പട്ടികയിലെ പ്രായം കുറഞ്ഞ സമ്പന്നനും ബൈജു രവീന്ദ്രനാണ്. 20,400 കോടി രൂപയുടെ ആസ്തിയുമായാണ് ഇത്രയും പ്രമുഖരെ കടത്തിവെട്ടി ലിസ്റ്റില്‍ ബൈജു രവീന്ദ്രന്‍ സ്ഥാനമുറപ്പിച്ചത്. ഗൂഗ്ള്‍ സി ഇഓ സുന്ദര്‍ പിച്ചൈയെ കടത്തിവെട്ടിയാണ് ബൈജു രവീന്ദ്രന്‍ ലിസ്റ്റിലെത്തിയത്.

ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (18,100 കോടി), പി.എന്‍.സി. മേനോന്‍ (പി.എന്‍.സി. ഇന്‍വെസ്റ്റ്മെന്റ്സ്, 15,600 കോടി), ഷംസീര്‍ വയലില്‍ (വി.പി.എസ്. ഹെല്‍ത്ത് കെയര്‍, 14,500 കോടി), ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ്, 12,000 കോടി), എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ്, 12,000 കോടി), തോമസ് കുര്യന്‍ (ഒറാക്കിള്‍, 11,300 കോടി) എന്നിവരാണ് ലിസ്റ്റിലെ മലയാളികളില്‍ ആദ്യ ഒമ്പതില്‍ ഇടം പിടിച്ചവര്‍. 9,000 കോടി രൂപ വീതം ആസ്തിയുമായി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, എം.ജി. ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) എന്നീ നാലുപേര്‍ പത്താം സ്ഥാനത്തെത്തി.

എസ്എഫ് ഓ ടെക്‌നോളജീസിന്റെ സിഇഓ ജഹാംഗീര്‍ റാവുത്തറും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഹുറൂണില്‍ ഇടം നേടിയ മലയാളി സംരംഭകരില്‍ 31 ശതമാനം പേരും എന്‍.ആര്‍.ഐ.കളാണ്. മാത്രമല്ല, സംരംഭത്തിന്റെ ആസ്ഥാനം ഗള്‍ഫിലെങ്കിലും എംഎ യൂസഫലി അടക്കം നിരവധി തൃശൂര്‍ സ്വദേശികളായ സംരംഭകരാണ് ഇത്തവണ ഹൂറൂണ്‍ ലിസ്റ്റില്‍ എത്തിയിരിക്കുന്ന മലയാളികള്‍. വര്‍ഗീസ് ജോസ് ആലുക്കാ വരെ ഈ ലിസ്റ്റില്‍ പെടും.

ദേശീയ തലത്തില്‍ ഹിന്ദുജ സഹോദരന്മാര്‍ (1,43,700 കോടി), ശിവ് നാഡാര്‍ (1,41,700 കോടി), ഗൗതം അദാനി (1,40,200 കോടി), അസിം പ്രേംജി (1,14,400 കോടി) തുടങ്ങിയവരാണ് ആദ്യ അഞ്ചാം സ്ഥാനത്തെത്തിയത്. 2020 ല്‍ ആദ്യ 20 ലിസ്റ്റില്‍ വനിതകളാരും അതിസമ്പന്ന പട്ടികയില്‍ ഇടം നേടിയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News