കോവിഡിനു ശേഷം വിദേശത്ത് തൊഴില്‍ നേടണോ, എങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍

Update:2020-04-26 09:00 IST

കോവിഡിന് ശേഷം ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ തന്നെ നടക്കും. നമ്മുടെ ജീവിതശൈലി മാറും. യാത്രകള്‍, ബിസിനസ് ശൈലികള്‍, രാഷ്ട്രീയ സമവാക്യങ്ങള്‍, സാമ്പത്തിക ശക്തികള്‍ എല്ലാം മാറിമറിയും. ലോക രാജ്യങ്ങളുടെ ക്രയശേഷിയില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കും. ലോകം ഇതുവരെ കണ്ടതുപോലാകില്ല.

അപ്പോള്‍ തൊഴില്‍ അന്വേഷിക്കുന്നവരും ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓഫീസും റീറ്റെയ്ല്‍ സ്റ്റോറുമെല്ലാം ഇനി വരും കാലത്ത് ഉണ്ടാകണമെന്നില്ല. ലോകത്തെ ജനങ്ങള്‍ കുറച്ചുകാലത്തേക്കെങ്കിലും യാത്രകളെ ഭയക്കും.  

കോവിഡ് കാലത്തിനുശേഷമുണ്ടാകുന്ന പ്രവണതകള്‍ തൊഴിലുകളെ ഏറെ സ്വാധീനിക്കും. അത്തരം പ്രവണതകളെന്തൊക്കെയെന്ന് നോക്കാം. തൊഴിലുകളുടെ സാധ്യതകളിലേക്കുള്ള വിരല്‍ ചൂണ്ടല്‍ കൂടിയാകും ഇത്.

1. ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചാലും യാത്രകള്‍ കുറയും. അതുകൊണ്ട് മീറ്റിംഗുകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ നടത്തുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാകും. ഇത് എയര്‍ലൈന്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ പ്രതികൂലമായി ബാധിക്കും. ഈ രംഗങ്ങളിലാകും ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാവുക.

2. ലോകരാജ്യങ്ങള്‍ പലതും പ്രതിരോധത്തിനാണ് ഏറ്റവും കൂടുതല്‍ ബജറ്റ് വിഹിതം ചെലവിട്ടിരുന്നതെങ്കില്‍ ഇനി അത് ഹെല്‍ത്ത് കെയര്‍ മേഖലയ്ക്കാവും. പൊതുജനാരോഗ്യത്തിനു വേണ്ടിയുള്ള ചെലവ് കോവിഡിന് ശേഷം കൂടും. അതുകൊണ്ട് ആ മേഖലയില്‍ സാധ്യതകളുണ്ട്.

3. ഉല്‍പ്പാദന, സേവന രംഗത്തും ദൈനംദിന ജീവിതത്തിലും നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവയുടെ ഉപയോഗങ്ങള്‍ കൂടും. ഈ രംഗത്ത് പുതിയ അവസരങ്ങള്‍ വരും.

4. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലോകം കീഴടക്കും.

5. യൂറോപ്പ്, വടക്ക് - തെക്ക് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ പേരെ തൊഴില്‍ മേഖലയില്‍ വേണ്ടിവരും.

6. മാറുന്ന ലോകത്ത് ജോലി ലഭിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനം മാത്രം പോര. ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഷകള്‍ കൂടി അറിഞ്ഞിരിക്കണം. കൂടുതല്‍ ഭാഷകള്‍ അറിയുന്നവര്‍ക്ക് സാധ്യതകളും കൂടും.

7. ഓണ്‍ലൈനും ഓഫ്‌ലൈനും ചേര്‍ന്നുള്ള പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായം വരും. ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബഹുനില സമുച്ചയങ്ങള്‍ വേണ്ടിവരില്ല.

8. ആതുരസേവന രംഗം ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയായി മാറും.

9. പ്രിന്റ് മീഡിയയുടെ പ്രസക്തി കുറയും ഓണ്‍ലൈന്‍ മാധ്യമമങ്ങള്‍ ശക്തിയാര്‍ജ്ജിക്കും.

10. സ്വന്തം വീടിന്റെ സ്വീകരണമുറിയിലിരുന്ന് ടൂറിസം ഡെസ്റ്റിനേഷന്റെ അനുഭവം ആസ്വദിക്കാന്‍ പറ്റുന്ന വെര്‍ച്വല്‍ 7D വീഡിയോ ട്രാവല്‍ സൗകര്യങ്ങള്‍ ജനകീയമാകും.

11. ലോകത്തിലെ മാറുന്ന ശൈലികള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ശീലങ്ങള്‍ക്കും അനുസൃതമായ വിധത്തിലുള്ള വൈദഗ്ധ്യം ഉദ്യോഗാര്‍ത്ഥികള്‍ സ്വായത്തമാക്കണം.

12. കോവിഡ് പലരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതൊരു തിരിച്ചറിവിന്റെ കാലം കൂടിയാണ്. ഭാവിയിലേക്ക് കരുതല്‍ ഇല്ലെങ്കില്‍ ജീവിതം കടക്കെണിയിലാകുമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി. അതുകൊണ്ട് ജനങ്ങള്‍ കിട്ടുന്ന കാശില്‍ നിന്ന് കുറച്ചെങ്കിലും സമ്പാദിക്കാന്‍ നോക്കും. ഇത് സാമ്പത്തിക സേവന, ഇന്‍ഷുറന്‍സ് മേഖലയില്‍ അവസരങ്ങള്‍ കൂട്ടാന്‍ ഇടയാക്കും.

(ധനം ഓണ്‍ലൈന്‍ ഗോപിയോയുമായി ചേര്‍ന്ന നടത്തിയ വെബിനാറില്‍ നടത്തിയ പ്രഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News