ഉപഭോക്തൃശീലം മാറുന്നു, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ദ്ധനവ്

Update: 2018-10-02 07:30 GMT

നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള കാലയളവില്‍ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ റിപ്പോര്‍ട്ട്. 2018 ജൂണിലെ കണക്ക് പ്രകാരം ക്രെഡിറ്റ് കാര്‍ഡുള്ള ഉപഭോക്താക്കളുടെ എണ്ണം 23.3 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 36.6 മില്യണ്‍ ആയി ഉയര്‍ന്നു.

നോട്ട് പിന്‍വലിക്കുന്നതിന് മുന്‍പ് പി.ഒ.എസ്(പോയിന്റ് ഓഫ് സെയില്‍) ടെര്‍മിനലുകളില്‍ പ്രതിമാസം ശരാശരി 70 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളാണ് നടന്നിരുന്നതെങ്കില്‍ കറന്‍സി റദ്ദാക്കിയ 2016 നവംബര്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ അത്് 67 ശതമാനം വളര്‍ച്ചയോടെ 117 മില്യണായി വര്‍ദ്ധിച്ചു.

ഇതേ കാലയളവില്‍ പി.ഒ.എസ് ടെര്‍മിനലുകളിലെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ 171 ശതമാനം വളര്‍ച്ചയോടെ 291 മില്യണായിത്തീര്‍ന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന പി.ഒ.എസുകളിലെ പ്രതിമാസ ചെലവാക്കല്‍ ഇക്കാലയളവില്‍ 217 ബില്യണില്‍ നിന്നും 375 ബില്യണ്‍ രൂപയായി ഉയര്‍ന്നു. ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയുള്ള ചെലവഴിക്കലാകട്ടെ 181 ശതമാനം ഉയര്‍ന്ന് 406 ബില്യണ്‍ രൂപയായി.

തിരിച്ചടവില്‍ വീഴ്ചയില്ല

ഉപഭോക്താക്കളുടെ പര്‍ച്ചേസ് ബിഹേവിയറില്‍ നോട്ട് നിരോധനത്തിന് ശേഷം വലിയൊരു വ്യതിയാനം സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭ്യത ഉണ്ടായി എന്നതാണ് മറ്റൊരു മാറ്റം.

റീറ്റെയ്ല്‍ വായ്പാ ഉല്‍പന്നങ്ങളുടെ തിരിച്ചടവില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഉപഭോക്താക്കള്‍ മികച്ച രീതിയില്‍ തങ്ങളുടെ വായ്പാ ബാദ്ധ്യത നിറവേറ്റുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സംസ്ഥാന അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ 3 സംസ്ഥാനങ്ങളാണ് റീറ്റെയ്ല്‍ വായ്പാ രംഗത്ത് മുന്നിലുള്ളത്. നഗരങ്ങള്‍ കണക്കിലെടുത്താല്‍ മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ് എന്നിവ ഉള്‍പ്പെടെയുള്ള എട്ട് ടയര്‍-1 നഗരങ്ങളാണ് റീറ്റെയ്ല്‍ വായ്പാ രംഗത്ത് മുന്നില്‍. ഈ എട്ട് നഗരങ്ങളിലും ക്രെഡിറ്റ് കാര്‍ഡുകളാണ് റീറ്റെയ്ല്‍ വായ്പാ ഉല്‍പന്നങ്ങളില്‍ എറ്റവും മുന്നില്‍നില്‍ക്കുന്നത്.

Similar News