മൂന്ന് ദിവസം നീണ്ടുനിന്ന പണനയ അവലോകനസമിതിയോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയത്തിൽ മാറ്റമൊന്നും പ്രഖ്യാപിച്ചില്ല. എന്നാൽ ഇതിനിടയിൽ ചില നിർണ്ണായകമായ നിരീക്ഷണങ്ങളും തീരുമാനങ്ങളും ആർബിഐയിൽ നിന്ന് വന്നിരുന്നു. യോഗത്തിൽ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ റേറ്റ് 6.5 ശതമാനത്തില്‍ തുടരാൻ ആർബിഐ ആറംഗ സമിതി തീരുമാനിക്കുകയായിരുന്നു.
പലിശ നിശ്ചയിക്കുന്നതിന് പുതിയ സംവിധാനം: ബാങ്കുകൾ വായ്പ പലിശ നിശ്ചയിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് ആർബിഐ നിർദേശിച്ചു. നിലവിലെ എല്ലാ ഫ്‌ളോട്ടിങ് ലോൺ നിരക്കുകളും ഇനി ബാഹ്യ ബെഞ്ച്മാർക്കുകളുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. പലിശ നിശ്ചയിക്കുന്നതിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഇതുവഴി സാധിക്കും. 2019 ഏപ്രിലോടെ ഇത് നിലവിൽ വരും. റിപോ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ മാനദണ്ഡം നടപ്പാക്കുക.
ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല നടപടിയാണ്. റിസർവ് ബാങ്ക് പലിശ നിരക്ക് വെട്ടിച്ചുരുക്കിയാലും അതിന്റെ മെച്ചം ഉപഭോക്താവിന് പലപ്പോഴും കിട്ടാറില്ല. പുതിയ സംവിധാനം നടപ്പിൽ വരുന്നതോടെ ഉപഭോക്താവിന് കുറഞ്ഞ പലിശയുടെ ഗുണം കൈമാറാൻ ബാങ്കുകൾ നിർബന്ധിതരാകും.
നാണയപ്പെരുപ്പം: 3.9-4.5 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ പണപ്പെരുപ്പം 2.7-3.2 ശതമാനത്തിലേക്ക് എത്തിക്കും. ഊർജ നിരക്കുകളില്‍ കുറവുണ്ടാകുന്നത് പണപ്പെരുപ്പം കുറയാന്‍ സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രൂഡ് ഓയ്ല്‍ വിലയിലെ കുറവും ഭക്ഷ്യ വിലയിലെ ഇടിവും നാണയപ്പെരുപ്പം കുറക്കാനിടയാക്കി.
ജിഡിപി വളർച്ച: മൂന്ന് പാദങ്ങളിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയ ശേഷം ജിഡിപി വളർച്ചാ നിരക്ക് രണ്ടാം പാദത്തിൽ 7.1 ശതമാനത്തിലേക്ക് കുറഞ്ഞു. സ്വകാര്യ ഉപഭോഗം, കയറ്റുമതി എന്നിവയിലുണ്ടായ മാന്ദ്യമാണ് ഇതിന് പിന്നിൽ. കാർഷിക, വ്യാവസായിക രംഗത്തും വളർച്ച മന്ദഗതിയിലായി. എന്നാൽ വരും മാസങ്ങളിൽ വളർച്ച ത്വരിത ഗതിയിലാകും.
ലിക്വിഡിറ്റി: സമ്പദ് വ്യവസ്ഥയിൽ ആവശ്യത്തിന് ലിക്വിഡിറ്റി ഉറപ്പു വരുത്താൻ ബോണ്ട് വാങ്ങൽ കൂടുതൽ വേഗത്തിലാക്കും. നിലവിലും അധികം ദീർഘകാല റിപ്പോ ഓപ്പറേഷനുകൾ നടത്തും. എൻബിഎഫ്‌സികൾക്കുള്ള പണലഭ്യത മുൻപത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ട്.