ദീര്‍ഘകാല ലോക്ക് ഡൗണ്‍ മുന്നില്‍ കണ്ട് പ്ലാന്‍ ചെയ്യൂ ബിസിനസ് സ്ട്രാറ്റജിസ്റ്റ് അമീന്‍ അഹ്‌സന്‍ പറയുന്നു,

Update:2020-04-04 14:18 IST

കൊവിഡ് 19 ബിസിനസ് മേഖലയില്‍ വരുത്തുന്ന ആഘാതം അത്രപെട്ടെന്ന് ഇല്ലാതാവില്ല. കുറഞ്ഞത് രണ്ടു മൂന്നു വര്‍ഷമെങ്കിലും കൊവിഡ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. സാധ്യമായ രീതിയില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുക എന്നതാണ് സംരംഭകരെ സംബന്ധിച്ചിടത്തോളം പ്രധാനം. എന്നാല്‍ വ്യത്യസ്ത മേഖലകളിലെ സംരംഭകര്‍ വ്യത്യസ്തങ്ങളായ തന്ത്രങ്ങളിലൂടെ വേണം അതിനെ നേരിടാന്‍. എല്ലാവര്‍ക്കും അനുയോജ്യമായൊരു ഫോര്‍മുല ഇതിലുണ്ടാവില്ല.
എത്രകാലത്തേക്കാണ് ലോക്ക് ഡൗണ്‍ എന്നതിനെ ആശ്രയിച്ചിരിക്കും ഏതു തരത്തിലുള്ള തന്ത്രങ്ങളാണ് ബിസിനസ് വീണ്ടെടുക്കാന്‍ നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കാന്‍.

വ്യത്യസ്തമായ അനുഭവം

മുമ്പ് പ്രളയം ഉണ്ടായപ്പോള്‍ നമുക്ക് മുന്നില്‍ വ്യക്തതയുണ്ടായിരുന്നു. ഏറിയാല്‍ ഒരു മാസം എന്നൊരു കണക്കുകൂട്ടലിന് പ്രസ്‌ക്തിയുണ്ടായിരുന്നു. ഓരോ സംരംഭകനും ഭൗതികമായി സ്ഥാപനങ്ങള്‍ക്കോ ഉല്‍പ്പന്നത്തിന നേരിടുന്ന നഷ്ടമായിരുന്നു അന്ന് പ്രധാനമായും വെല്ലുവിളി. കസ്റ്റമറെ നഷ്ടപ്പെടുമെന്നോ, ആളുകളുടെ വരുമാന സ്രോതസ്സുകള്‍ക്ക് വലിയ കോട്ടം സംഭവിക്കാത്തതു കൊണ്ടു തന്നെ അവരുടെ ചെലവിടല്‍ ശേഷി കാര്യമായി കുറയുമെന്നോ ഉള്ള ഭയം അന്നുണ്ടായിരുന്നില്ല. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ പിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.

എന്നാല്‍ കൊവിഡ് ഉയര്‍ത്തുന്നത് വ്യത്യസ്തമായ ഭീഷണിയാണ്. എന്ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാകുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതി. ഒരു മാസത്തേക്കാണോ മൂന്നു മാസത്തേക്കാണോ ആറുമാസത്തേക്കാണോ എന്നതിനനുസരിച്ച് ബിസിനസ് പ്ലാനുകളില്‍ മാറ്റം വരുത്തണം. എന്റെ അഭിപ്രായത്തില്‍ ചുരുങ്ങിയത് സെപ്തംബര്‍ വരെയെങ്കിലും കൊവിഡ് ഭീഷണി ഒഴിയില്ല. മാത്രവുമല്ല, കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവം വെച്ച് ഓഗസ്റ്റില്‍ മറ്റൊരു പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനനുസരിച്ചുള്ള കാര്യങ്ങളാണ് എന്റെ സ്ഥാപനത്തില്‍ നടത്തിയിരിക്കുന്നത്.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠന പ്രകാരം കൊവിഡ് വ്യാപനം ഏപ്രില്‍ പകുതിയോടെ കൂടുതലാവാനാണ് സാധ്യത. അതുകൊണ്ട് ലോക്ക് ഡൗണ്‍ ഏപ്രില്‍ 15 ന് പിന്‍വലിക്കപ്പെട്ടാലും വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങേണ്ട സ്ഥിതിയുണ്ടാകും.

ദീര്‍ഘകാലം മുന്നില്‍ കാണുക

സംരംഭകര്‍ ചെയ്യേണ്ടത് ദീര്‍ഘകാലത്തെ ലോക്ക് ഡൗണ്‍ മുന്നില്‍ കണ്ട് ബിസിനസ് പ്ലാന്‍ ചെയ്യുക എന്നതാണ്. ആറു മാസം മുന്നില്‍ കണ്ട് ചെയ്യുമ്പോള്‍ സപ്ലൈയേഴ്‌സിനോടും കെട്ടിട ഉടമയോടും ആറുമാസം പ്രതീക്ഷിക്കേണ്ട എന്ന് പറയാന്‍ നമുക്കാവും. ജീവനക്കാരുടെ ശമ്പളവും അത്തരത്തില്‍ ക്രമീകരിക്കാനാവും.
ബിസനസ് വളര്‍ച്ചയല്ല, തല്‍ക്കാലം നിലനില്‍പ്പ് മാത്രമായിരിക്കണം ലക്ഷ്യം. സെപ്തംബറിന് ശേഷം മാത്രമേ ബിസിനസ് സാധാരണഗതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. പക്ഷേ അപ്പോഴും വിപണി അനുകൂലമായിരിക്കണമെന്നില്ല.
നഷ്ടം പരമാവധി കുറയ്ക്കുക എന്നതായിരിക്കണം ലോക്ക് ഡൗണ്‍ കാലത്ത് സംരംഭകരുടെ ലക്ഷ്യം. ഫിക്‌സഡ് കോസ്റ്റിലാണ് ഇത്തരത്തില്‍ കുറവ് വരുത്താനാകുക. ശമ്പളമടക്കമുള്ള കാര്യങ്ങളില്‍ ജീവനക്കാരുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ. അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ വിപരീത ഫലം ചെയ്യും. പരമാവധി ബാധ്യത കുറയ്ക്കുക എന്നതു മാത്രമായിരിക്കണം ഇപ്പോഴത്തെ ലക്ഷ്യം.

പ്ലാനിംഗിനുള്ള സമയം

ഇന്റേണല്‍ പ്ലാനിംഗിനുള്ള സമയമാണിത്. മാറിയ സാഹചര്യത്തില്‍ സ്വന്തം ബിസിനസ് മോഡലിന് എത്രകണ്ട് നിലനില്‍പ്പുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം. അതനുസരിച്ച് മാറ്റം വരുത്താന്‍ തയാറാവണം. വലിയ പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചു വരുന്ന ഉപഭോക്താക്കളുടെ ചെലവിടല്‍ ശീലങ്ങളില്‍ വലിയ മാറ്റമുണ്ടായേക്കാം. സ്വന്തം ഉല്‍പ്പന്നത്തിന് / സേവനത്തിന് മാറിയ സാഹചര്യത്തിലും ഡിമാന്‍ഡ് ഉണ്ടാകുമോ എന്ന് പുനര്‍വിചിന്തനം നടത്തണം. അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തണം. ബിസിനസ് രീതി സാഹചര്യം നോക്കി മാറ്റാനാകണം.

പുതിയ ബിസിനസ് മോഡലുകള്‍ കണ്ടെത്താം

പുതിയ ബിസിനസ് മോഡലുകള്‍ ഉദയം കൊണ്ടിരിക്കുന്ന സമയമാണ്. ഓണ്‍ലൈന്‍ ലേണിംഗ് പോലെയുള്ളവ കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്നുണ്ട്. വെബിനാറുകളും വിഡീയോ കോണ്‍ഫറന്‍സും പരിചിതമായി മാറിയിരിക്കുന്നു. വര്‍ക്ക് അറ്റ് ഹോം എന്ന രീതിക്ക് ലോകവ്യാപകമായ സ്വീകാര്യത വന്നെങ്കിലും അത് എല്ലാ ബിസിനസുകളിലും പ്രായോഗികമല്ലെന്ന പരിമിതിയുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും ഉല്‍പ്പാദന യൂണിറ്റുകളിലും റസ്റ്റൊറന്റുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമൊന്നും അത് പ്രായോഗികമല്ല. ഉചിതമായത് തെരഞ്ഞെടുക്കുക എന്നതിലാണ് ഭാവിയില്‍ നിലനില്‍പ്പിനാധാരം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News