ഇന്ത്യയ്ക്ക് വൻ ബഹിരാകാശ നേട്ടം. രാജ്യം ഉപഗ്രഹവേധ മിസൈൽ (ASAT) വിജയകരമായി പരീക്ഷിച്ചെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്താനുള്ള ശേഷിയാണ് ഇതിലൂടെ ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. 'മിഷൻ ശക്തി' എന്ന് പേരിട്ട ഓപ്പറേഷൻ മൂന്ന് മിനിറ്റുകൊണ്ടാണ് ലക്ഷ്യം കണ്ടത്.
ലോ എർത്ത് ഓർബിറ്റിലുള്ള എതിർ പാളയത്തിലെ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ആക്രമിക്കാൻ ശേഷിയുള്ള മിസൈൽ ആണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, ഒരു രാജ്യവും ഇത് യുദ്ധത്തിൽ ഇതുവരെ ഉപയോഗിച്ചതായി അറിവില്ല.