ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കാന്‍ 3 ലക്ഷം കോടിയുടെ പദ്ധതി

Update:2020-05-13 18:38 IST

ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കാന്‍ മൂന്ന് ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക്് വായ്പ ലഭിക്കും. നാല് വര്‍ഷമാണ് വായ്പാ കാലാവധി. 12 മാസത്തേക്ക് മൂലധന തിരിച്ചടവ് ഒഴിവാക്കും.

രാജ്യത്തെ 45 ലക്ഷം വ്യാപാരികള്‍ക്ക് ഗുണകരമാകുന്ന പദ്ധതി പ്രകാരം ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേ്ക്ക് നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി നടത്തിയ  മാധ്യമ സമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്.

സൂക്ഷ്മ ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ നിര്‍വ്വചനം മാറ്റുന്നതായി ധനമന്ത്രി അറിയിച്ചു.അവ വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യും - മന്ത്രി പറഞ്ഞു. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ സൂക്ഷ്മ വ്യവസായം. 10 കോടി നിക്ഷേപവും 50 കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തില്‍  ഉള്‍പ്പെടും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തിലും. ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 45000 കോടി രൂപ വായ്പയായി നല്‍കും. 200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ സംഭരണത്തില്‍ ആഗോള ടെന്‍ഡറുകള്‍ ഒഴിവാക്കാന്‍ തീരുമാനമായി.' ഇന്ത്യന്‍ എംഎസ്എംഇകളും മറ്റ് കമ്പനികളും വിദേശ കമ്പനികളില്‍ നിന്ന് അന്യായമായ മത്സരം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ 200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ സംഭരണ ടെന്‍ഡറുകളില്‍ ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. ഇതിനായി പൊതു ധനകാര്യ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും. ഇത് സ്വാശ്രയ ഇന്ത്യയിലേക്കുള്ള ഒരു ഘട്ടമായിരിക്കും. എംഎസ്എംഇ ബിസിനസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും - ധനമന്ത്രി പറഞ്ഞു.

പി.എഫ് ഉള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കും. നിര്‍ബന്ധമായും അടയ്‌ക്കേണ്ട പി.എഫ് വിഹിതം 10 ശതമാനമായി കുറയും. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസത്തെ പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും.നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.റിസര്‍വ് ബാങ്ക് , സര്‍ക്കാര്‍ നടപടികള്‍ക്ക് അനുബന്ധമായി 30,000 കോടി രൂപയുടെ പ്രത്യേക പണലഭ്യത പദ്ധതി സര്‍ക്കാര്‍ ആരംഭിക്കും. എന്‍ബിഎഫ്സി , എച്ച്എഫ്സി, എംഎഫ്ഐകളുടെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് ഡെറ്റ് പേപ്പറില്‍ പ്രാഥമിക, ദ്വിതീയ മാര്‍ക്കറ്റ് ഇടപാടുകളില്‍ ഈ നിക്ഷേപം നടത്തും. സെക്യൂരിറ്റികള്‍ക്ക് പൂര്‍ണമായും ഗ്യാരണ്ടി നല്‍കും. കടപത്രങ്ങള്‍ വഴി പണം സമാഹരിക്കാനുള്ള പദ്ധതിയില്‍ ആദ്യത്തെ 20 ശതമാനം കടപ്പത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങും

റെയില്‍വേ, റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തുടങ്ങി എല്ലാ കേന്ദ്ര ഏജന്‍സികളുടെയും കരാറുകാര്‍ക്ക് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 6 മാസം വരെ നീട്ടിനല്‍കും. ഇത് നിര്‍മ്മാണ ജോലികളും ചരക്ക് സേവന കരാറുകളും പൂര്‍ത്തീകരിക്കാന്‍ സഹായിക്കും. കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിന് പൂര്‍ത്തീകരിച്ച കരാറിന്റെ പരിധി വരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഭാഗികമായി ബാങ്ക് ഗ്യാരന്റി പുറത്തിറക്കും. അങ്ങനെ പണമൊഴുക്ക് മെച്ചപ്പെടും.ലാഭകരമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് സഹായം നല്‍കും.ഇതിന് 'ഫണ്ട് ഓഫ് ഫണ്ട്' ആയി 50000 കോടി നീക്കിവച്ചിട്ടുണ്ട്. പൂട്ടിപ്പോയ വ്യവസായങ്ങള്‍ പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഇടത്തരം വ്യവസായങ്ങള്‍ക്ക് 20000 കോടി രൂപ വായ്പയായി നല്‍കും. വിവിധ മേഖലകള്‍ക്കായി 15 ഇന പദ്ധതി നടപ്പാക്കും.ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി രൂപ നല്‍കും.

ആദായനികുതി റിട്ടേണ്‍ അടയ്ക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി. നാളെ മുതല്‍ 2021 മാര്‍ച്ച് 21 വരെ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം വരെ കുറയും. നിലവിലുള്ള തുകയുടെ 75 ശതമാനം അടച്ചാല്‍ മതി.ഇതോടെ സാധാരണക്കാര്‍ക്ക് 50000 കോടി രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

റെറയ്ക്ക് കീഴിലുള്ള 2020 മാര്‍ച്ച് 25-നോ അതിനുശേഷമോ കാലഹരണപ്പെടുന്ന എല്ലാ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്‌ട്രേഷനും പൂര്‍ത്തീകരണ തീയതിയും 6 മാസം നീട്ടി നല്‍കും. പുതുക്കിയ ടൈംലൈനുകള്‍ ഉപയോഗിച്ച് പുതിയ പ്രോജക്റ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വപ്രേരിതമായി നല്‍കാം. ഈ നടപടികള്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരുടെ സമ്മര്‍ദ്ദം കുറച്ച് പ്രോജക്റ്റുകളുടെ പൂര്‍ത്തീകരണം ഉറപ്പാക്കും.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വികസനപദ്ധതികള്‍ നടപ്പാക്കും.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം തുകയാണ് പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്ന സാമ്പത്തിക പാക്കേജിനായി നീക്കിവച്ചിരിക്കുന്നത്. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനുള്ള സാമ്പത്തിക പരിഷ്‌കരണവും ലക്ഷ്യമിടുന്ന പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതും സ്വയംപര്യാപ്തത കൈവരിക്കുന്നതുമാണ് 'ആത്മനിര്‍ഭര്‍ ഭാരത് പാക്കേജെ'ന്ന് ധനമന്ത്രി പറഞ്ഞു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നടത്തിയ കൂടിയാലോചനയിലൂടെ രൂപപ്പെടുത്തിയ സമഗ്രമായ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ഭൂമി, പണലഭ്യത, തൊഴില്‍ നിയമം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് സാമ്പത്തിക പാക്കേജ്. സ്വയംപര്യാപ്തത ലക്ഷ്യമാക്കി ദീര്‍ഘവീക്ഷണമുള്ള പരിപാടികളാണ് നടപ്പാക്കുന്നത്.ആഗോളവത്കരണത്തില്‍നിന്ന് വേറിട്ടുനില്‍ക്കുകയെന്ന അര്‍ഥമല്ല സാശ്രയത്വം എന്ന വാക്കിനുള്ളതെന്നും ധനമന്ത്രി വിശദീകരിച്ചു. ജപ്പാന്‍, യു.എസ്, സ്വീഡന്‍, ഓസ്ട്രേലിയ, ജര്‍മ്മനി എന്നിവയുടെയത്രയില്ലെങ്കിലും ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജുകളിലൊന്നാണ്് ഇന്ത്യയുടേത്.

സാമ്പത്തികം,അടിസ്ഥാന സൗകര്യങ്ങള്‍,സംവിധാനം,ജനസംഖ്യാശാസ്ത്രം, ആവശ്യകത എന്നിങ്ങനെ അഞ്ച് തൂണുകളിലാണ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനകം 41 കോടി എക്കൗണ്ടുകളിലേക്ക് 52000 കോടി രൂപ നേരിട്ട് എത്തിക്കാനായി. ചെറുകിട ഇന്‍ഷുറന്‍സ് നിരവധിപ്പേര്‍ക്ക് തുണയായിട്ടുണ്ട്.ധനസഹായം ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. 18,000 കോടി രൂപയുടെ ആദായനികുതി റീഫണ്ട് ത്വരിതപ്പെടുത്തും. ദ്രവ്യത മെച്ചപ്പെടുന്നതിന് ഇതുപകരിക്കും.

മെച്ചപ്പെട്ട വ്യവസായിക അന്തരീക്ഷം ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.ജനങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ പല തവണ അനുകൂലമായി പ്രതികരിച്ചു.ലോക്ക്ഡൗണ്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് കൃഷിക്കാര്‍ക്ക് നേരിട്ടു സഹായം നല്‍കി. ആറു വര്‍ഷമായി ധീരമായ പരിഷ്‌കാരങ്ങള്‍ നടക്കുന്നുവെന്നും ഇന്ത്യ 'നിര്‍ഭര്‍' ആകുന്നതുവരെ ഇത് തുടരുമെന്നും ധനകാര്യവകുപ്പ് സമഹന്ത്രി  അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News