രാജ്യം സ്വാതന്ത്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരു പുതിയ ഇന്ത്യയെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ 2022 ലേക്കുള്ള വികസന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് നീതി ആയോഗ്.
2022-ൽ ഇന്ത്യയെ 4 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കുക എന്നതാണ് "സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75" വിഭാവനം ചെയ്യുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നീതി ആയോഗ് വൈസ്-ചെയർമാൻ രാജീവ് കുമാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്ത രൂപരേഖയിലെ പ്രധാന നിർദേശങ്ങൾ:
സമ്പദ് വ്യവസ്ഥ
അഞ്ച് വർഷം കൊണ്ട് ഇന്ത്യയെ 4 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക, 8 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തുക. കൂടാതെ 2022-23 ആകുമ്പോഴേക്കും ജിഡിപി വളർച്ച 9-10% മായി ത്വരിതപ്പെടുത്തുക എന്നിങ്ങനെയാണ് ലക്ഷ്യങ്ങൾ. ഈ വളർച്ചാ നിരക്ക് കൈവരിക്കണമെങ്കിൽ നാല് കാര്യങ്ങളാണ് വേണ്ടത്:
- നിക്ഷേപ വളർച്ച: നിലവിലെ 29 ശതമാനത്തിൽ നിന്ന് നിക്ഷേപ വളർച്ച 2022 ഓടെ 36 ശതമാനമാക്കി ഉയർത്തണം.
- കർഷകരുടെ അഭിവൃദ്ധി: കർഷകരെ കാർഷിക സംരഭകരാക്കി മാറ്റണം. അതിനായി ഇ-നാം (e-National Agriculture Markets) കൂടുതൽ മെച്ചപ്പെടുത്തണം. അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി ആക്ടിന് പകരം അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്സ്റ്റോക്ക് മാർക്കറ്റിംഗ് ആക്ട് കൊണ്ടുവരണം. മിനിമം താങ്ങുവിലക്ക് പകരം മിനിമം റിസർവ് വില ഏർപ്പെടുത്തണം. ഏകീകൃതമായ ആഭ്യന്തര വിപണിയും, സ്വതന്ത്രമായ കയറ്റുമതി വിപണിയും കാർഷികരംഗത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് റദ്ദാക്കണമെന്നും നീതി ആയോഗ് നിർദേശിക്കുന്നു.
- കർഷകരുടെ ആദായം ഇരട്ടിയാക്കുക: ഇതിനായി 'സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ്' അതായത് ഏറ്റവും കുറഞ്ഞ ചെലവിലുള്ള പ്രകിതിദത്ത കൃഷി രീതികൾ വികസിപ്പിക്കണം. ഇത് ചെലവ് ചുരുക്കുമെന്ന് മാത്രമല്ല, മണ്ണിന്റെ ഗുണം മെച്ചപ്പെടുത്തുകയും ചെയ്യും.
- പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി, തൊഴിൽ നിയമങ്ങൾ പുനക്രമീകരിക്കണം.
നികുതി
- ദേശീയ വരുമാനത്തിൽ നികുതി വരുമാനത്തിന്റെ പങ്ക് 17 ൽ നിന്ന് 22 ശതമാനമായി ഉയർത്തുക
- ഇന്ധനം, വൈദ്യുതി, പ്രകൃതി വാതകം, കൽക്കരി എന്നിവ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക.
ഇൻഫ്രാസ്ട്രക്ച്ചർ
- അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരണം. കേൽക്കാർ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് പിപിപി മോഡൽ നടപ്പാക്കണം.
- വിമാനത്താവളങ്ങൾ, ചരക്ക് ടെർമിനൽ പോലുള്ള പ്രധാന റെയിൽവേ അസറ്റുകൾ എന്നിവയുടെ സ്വകാര്യവൽക്കരണം. ഭാരത് മാല ഫേസ്-I പോലുള്ള പ്രോജക്ടുകൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് നിർമ്മാണ പദ്ധതികൾ എന്നിവ പൂർത്തിയാക്കുക.
- കൊച്ചി, വിഴിഞ്ഞം. കുളച്ചൽ എന്നീ തുറമുഖങ്ങൾ കൂട്ടിനാക്കിയുള്ള ട്രാൻസ്ഷിപ്മെന്റ് ക്ലസ്റ്റർ 2022 നകം പൂർത്തിയാക്കണം.
- 2.5 ലക്ഷം ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കൊണ്ടുവരാനുള്ള പദ്ധതിയായ ഭാരത് നെറ്റ് 2019ൽ പൂർത്തിയാകും. ഇതിന്റെ അടുത്ത ഘട്ടം 2022-23ൽ പൂർത്തിയാകുന്നതോടെ എല്ലാ സർക്കാർ സേവങ്ങളും ഓൺലൈൻ ആകും.
ടൂറിസം
- ഇ-വിസ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക, വാലിഡിറ്റി 10 വർഷമായി ഉയർത്തുക.
- ഇ-മെഡിക്കൽ വിസയിൽ അനുവദിച്ചിരിക്കുന്ന സന്ദർശങ്ങളുടെ എണ്ണം വർധിപ്പിക്കുക. നിലവിൽ വർഷത്തിൽ മൂന്ന് സന്ദർശങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
- എഫ്ആർആർഒയിൽ ഓൺലൈൻ രെജിസ്ട്രേഷൻ ലളിതമാക്കുക.
- എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ ഒരു കോടിക്ക് മുകളിലുള്ള പദ്ധതികളെ 'ഇൻഫ്രാസ്ട്രക്ച്ചർ' ഗണത്തിൽപ്പെടുത്താം.
- 100 സ്മാർട്ട് ടൂറിസം കേന്ദ്രങ്ങളും, 100 സ്വച്ഛ് ടൂറിസം കേന്ദ്രങ്ങളും സ്ഥാപിക്കുക.
- ഓരോ ടൂറിസ്റ്റ് മേഖലയിലും ഫോറിൻ എക്സ്ചേയ്ഞ്ച് കൗണ്ടറുകൾ സ്ഥാപിക്കുക.