റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. വിപണി പ്രതീക്ഷിച്ച പോലെ 25 ബേസിസ് പോയ്ന്റ് ആണ് നിരക്കിൽ കുറവ് വരുത്തിയത്.
മൂന്ന് ദിവസത്തെ മൊണേറ്ററി പോളിസി മീറ്റിംഗിന് (എംപിസി) ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ നിരക്ക് കുറക്കുന്നത്.
ബാങ്കിന്റെ പോളിസി നിലപാട് 'ന്യൂട്രൽ' എന്നതിൽ നിന്നും 'accommodative' എന്ന തലത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണമൊഴുകാനും അങ്ങനെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനും സഹായിക്കുന്ന നയങ്ങൾ കേന്ദ്ര ബാങ്ക് സ്വീകരിക്കുമെന്നാണ് 'accommodative' എന്ന നിലപാട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ജിഡിപി വളർച്ചാ നിരക്ക് കുറയുന്നതാണ് ആർബിഐയെ പലിശ നിരക്ക് കുറയ്ക്കണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനവും ആയി വെട്ടിക്കുറച്ചു. CRR 4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും.