ആർബിഐ പലിശ നിരക്ക് വീണ്ടും കുറച്ചു

Update:2019-08-07 12:19 IST

തുടർച്ചയായ നാലാം തവണയും പലിശ നിരക്ക് കുറച്ച് ആർബിഐ. ഇത്തവണ 35 ബേസിസ് പോയ്ന്റ് ആണ് നിരക്കിൽ കുറവ് വരുത്തിയത്. 2010 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

ഇതനുസരിച്ച് റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്നും 5.4 ശതമാനമായി കുറഞ്ഞു. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.15 ശതമാനവുമായി വെട്ടിക്കുറച്ചു.

മൂന്ന് ദിവസത്തെ മൊണേറ്ററി പോളിസി മീറ്റിംഗിന് (എംപിസി) ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്. മാർജിനൽ സ്റ്റാന്റിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് റേറ്റും 5.65 ശതമാനമായി കുറയും.

കാൽ ശതമാനമോ അര ശതമാനമോ അല്ല; ഇത്തവണ 35!

സാധാരണഗതിയിൽ ആർബിഐ പലിശ നിരക്ക് കുറക്കുമ്പോൾ 25 ബേസിസ് പോയ്‌ന്റ് അല്ലെങ്കിൽ 50 ബേസിസ് പോയ്‌ന്റ് എന്നിങ്ങനെയാണ് കുറക്കാറ്. എന്നാൽ ഇത്തവണ അപ്രതീക്ഷിതമായി 35 ബേസിസ് പോയ്‌ന്റ് ആണ് നിരക്കിൽ കുറവ് വരുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണിതെന്നത് ആർബിഐ ഗവർണർ തന്നെ വിശദീകരിക്കുന്നുണ്ട്.

"ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ 25 ബേസിസ് പോയ്‌ന്റ് കുറവ് വരുത്തുന്നത് അപര്യാപ്തമായിരിക്കും. 50 ബേസിസ് പോയ്‌ന്റ് എന്നാൽ ആവശ്യത്തിലധികമായിരിക്കും. 35 ബേസിസ് പോയ്‌ന്റ് എന്നത് അഭികാമ്യമാണെന്നാണ് എംപിസിയുടെ നിലപാട്," ശക്തികാന്ത ദാസ് വിശദീകരിച്ചു.

ബാങ്കിന്റെ പോളിസി നിലപാട് ‘accommodative’ എന്ന തലത്തിൽ തുടരും. നിരക്ക് കുറക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ വളർച്ചാ മുരടിപ്പും കുറഞ്ഞ നാണയപ്പെരുപ്പവും കണക്കിലെടുത്താണ് ആർബിഐ തീരുമാനം. 

സ്വകാര്യ ഉപഭോഗത്തിലുണ്ടായ കുറവ് പരിഹരിക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും 2019 ഫെബ്രുവരി മുതൽ പലിശ നിരക്കിൽ വരുത്തിയ കുറവുകൾ സഹായിക്കുമെന്നാണ് കേന്ദ്രബാങ്കിന്റെ പ്രതീക്ഷ.    

Similar News