ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഊർജ ഉപഭോക്താവായ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ യുഎഇ. ഇന്ത്യയിൽ കൂടുതൽ എണ്ണ സംഭരിച്ച് സൂക്ഷിക്കുമെന്ന് യുഎഇ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) സിഇഒയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ അറിയിച്ചു.
അബുദാബി നാഷണൽ ഓയിൽ കമ്പനിയും പാർട്ണർ ആയ സൗദിയുടെ ആരാംകോയും ചേർന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ ആരംഭിക്കാനിരിക്കുന്ന റിഫൈനറി & പെട്രോകെമിക്കൽ കോംപ്ലെക്സിൽ 50 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇവർ തന്ത്രപ്രധാന ഭൂഗർഭ എണ്ണ ശേഖരങ്ങളായ കര്‍ണാടകയിലെ പാഡൂര്‍, മംഗലാപുരം എന്നിവിടങ്ങളിൽ സ്ഥലംവാങ്ങിയിട്ടുമുണ്ട്. ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വിൽക്കുക എന്നതിലുപരി ഇന്ത്യയുമായി ഈ രംഗത്ത് ഒരു സ്ട്രാറ്റജിക് പാർട്ണർഷിപ് ആണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
നോയിഡയിൽ നടക്കുന്ന പെട്രോടെക്ക് കോൺഫറൻസിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ലൈഫ്ടൈം അചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിശാഖപട്ടണം (1.33 എം.എം.ടി.), മംഗലാപുരം (1.5 എം.എം.ടി.), പാഡൂര്‍ (2.5 എം.എം.ടി.) എന്നീ മൂന്നു കേന്ദ്രങ്ങളിലായി ആകെ 5.33 എം.എം.ടി. അസംസ്‌കൃത എണ്ണ ശേഖരിക്കാനുള്ള കേന്ദ്രമാണ് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് (ഐ.എസ്.പി.ആര്‍.എല്‍.) ഇത് ഇന്ത്യക്ക് 9.5 ദിവസത്തേക്ക് ആവശ്യമായ എണ്ണയാണ്.
ഇന്ത്യയുടെ ഓയിൽ റിഫൈനിംഗ് ശേഷി 247 മില്യൺ ടൺ ആണ്. 202 മില്യൺ ടൺ എന്ന ഡിമാൻഡിനേക്കാളും ഉയർന്നതാണിത്. 2040-ൽ ഡിമാൻഡ് 458 ആയി ഉയരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൂട്ടൽ.