സഹകരണ ബാങ്കും കിഡ്‌നിയും തമ്മിലെന്ത്? മൂവാറ്റുപുഴ ആനിക്കാടു നിന്നൊരു കണ്ണീര്‍ കഥ

നിര്‍ധനയായ വീട്ടമ്മ ആനിക്കാട് ഇടമലത്തടത്തില്‍ സുനിത നാരായണന്‍ ആശുപത്രിയില്‍

Update:2024-07-12 11:15 IST

Image : Canva

സുനിതയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നാട്ടുകാര്‍ പണം സ്വരൂപിച്ചതാണ്. അത് മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. പ്രതിസന്ധി നേരിടുന്ന ബാങ്ക്, ഈ തുക വേണ്ട സമയത്ത് സുനിതക്ക് നല്‍കുന്നില്ല. ചികിത്‌സ മുടങ്ങിയ സുനിതയെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
15 ലക്ഷം രൂപയാണ് സുനിതയുടെ പേരില്‍ ബാങ്കിലുള്ളത്. ആശുപത്രിയില്‍ ചികിത്‌സക്കുള്ള പണമെങ്കിലും കിട്ടിയാല്‍ കുറച്ചു കാലം കൂടി ജീവനോടെയിരിക്കുമെന്ന് പറഞ്ഞു കെഞ്ചിയിട്ടും സുനിതക്ക് പണം കിട്ടിയില്ലെന്നാണ് പരാതി. ഡയാലിസിസിനു പോലും പണം കിട്ടിയില്ല.
ആനിക്കാട് നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന 'സ്വപ്‌നഭൂമി'യില്‍ നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് സുനിതയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനും രോഗിയായ മാതാവും കഴിയുന്നത്. അമ്മയെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന മകന്റെ വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതോടെയാണ് സുനിതക്ക് ചികിത്‌സാ സഹായം ഒഴുകിയെത്തിയത്.
തട്ടിപ്പിന്റെ വിളനിലമായി സഹകരണ ബാങ്കുകള്‍
വര്‍ഷങ്ങളായി സാമ്പത്തിക തട്ടിപ്പു നടന്നു വന്നത് കണ്ടെത്താന്‍ സഹകരണ വകുപ്പ് ഓഡിറ്റര്‍മാര്‍ക്ക് കഴിയാതെ പോയി. 10 ലക്ഷം രൂപ വരെ നല്‍കാവുന്ന വസ്തുവായ്പ സഹകരണ ബാങ്ക് പ്രസിഡന്റും മറ്റു രണ്ടു പേരും ചേര്‍ന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്കും മാറ്റുകയായിരുന്നു. സഹകരണ ബാങ്കില്‍ അംഗത്വം ഇല്ലാത്തവരുടെ പേരിലാണ് വായ്പ എടുത്തിരിക്കുന്നത്. ഓഡിറ്റിങ്ങില്‍ ഇത് എളുപ്പം കണ്ടുപിടിക്കേണ്ടതാണ്. പക്ഷേ ക്ലീനായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍.
സഹകരണ ബാങ്കുകളിലെ വായ്പ ക്രമക്കേടുകള്‍ ഇന്ന് കേരളത്തില്‍ വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. അത്രത്തോളമാണ് വിവിധ ബാങ്കുകളില്‍ നിന്ന് തുടര്‍ച്ചയായി വരുന്ന വായ്പ വെട്ടിപ്പിന്റെ കഥകള്‍. മഞ്ഞള്ളൂര്‍ അതിലൊന്ന്. സുനിതയുടെ ജീവന്‍ പക്ഷേ, ആരു രക്ഷിക്കും?
10 ലക്ഷത്തിനു മേല്‍ വായ്പ നല്‍കാന്‍ കര്‍ക്കശ വ്യവസ്ഥ വരുന്നു
10 ലക്ഷത്തില്‍ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സഹകരണ ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കം നടത്തുന്നുണ്ട്. പ്രധാന വ്യവസ്ഥകള്‍:
1. രണ്ട് ഭരണ സമിതി അംഗങ്ങള്‍, രണ്ട് ബാങ്ക് ജീവനക്കാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്ക് മാത്രമാണ് 10 ലക്ഷത്തില്‍ കൂടുതല്‍ വായ്പ ശിപാര്‍ശ ചെയ്യാന്‍ അധികാരം.
2. ഈട് നല്‍കുന്ന വസ്തുവിന്റെ മൂല്യനിര്‍ണയം നടത്തേണ്ടത് ഡപ്യൂട്ടി തഹസില്‍ദാരാണ്.
3. വസ്തുവിന് കണക്കാക്കുന്ന വിലയുടെ പകുതി മാത്രമേ വായ്പയായി ലഭിക്കൂ. വായ്പ അനുവദിക്കുമ്പോള്‍ തിരിച്ചടവു ശേഷിയും രേഖപ്പെടുത്തണം.
4. മൂന്നു മാസം കൂടുമ്പോള്‍ വായ്പ വിവരങ്ങള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രജിസ്ട്രാര്‍ക്ക് നല്‍കണം.
5. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെ വായ്പ വിവരങ്ങള്‍ പൊതുയോഗത്തില്‍ വെക്കണം.
ഭേദഗതി ചട്ടങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കിയേക്കും.
Tags:    

Similar News