ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? റിസ്‌ക് കുറഞ്ഞ 4 ബിസിനസ് സാധ്യതകള്‍
വലിയ മുടക്കുമുതലില്ലാതെ തുടക്കക്കാര്‍ക്ക് വിജയിപ്പിക്കാന്‍ കഴിയുന്ന ബിസിനസ് അവസരങ്ങള്‍
ആദ്യമായി ബിസിനസിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മുന്നില്‍ സംശയങ്ങളുടെ കൂമ്പാരമായിരിക്കും ഉണ്ടാവുക. ശരിയേത്, തെറ്റേത്, മാര്‍ക്കറ്റിംഗ് എങ്ങനെ ചെയ്യണം, ഉല്‍പ്പന്നം ആളുകള്‍ സ്വീകരിക്കുമോ, വില്‍പ്പന നടന്നില്ലെങ്കില്‍ എന്ത് ചെയ്യും, റീറ്റെയ്‌ലര്‍ കമ്മീഷന്‍ എത്ര നല്‍കണം, വില എങ്ങനെയാണ് നിര്‍ണയിക്കേണ്ടത് എന്നു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംശയവുമായായിരിക്കും ഇവര്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്.
യുവാക്കളെ സംബന്ധിച്ചിടത്തോളം ആദ്യ ബിസിനസ് എന്നത് ചെയ്ത് പഠിക്കാനുള്ള ഒരു അവസരമായി വേണം കാണാന്‍. അത്തരത്തില്‍ റിസ്‌ക് കുറഞ്ഞ എന്നാല്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന 4 ബിസിനസ് ആശയങ്ങള്‍ പങ്കിടാം. ഇവയില്‍ ഏതു ബിസിനസ് ആണെങ്കിലും അതിലെ മാര്‍ക്കറ്റിംഗ് വിഭാഗം സ്വയം കൈകാര്യം ചെയ്യാനായി നോക്കുക. എങ്കിലേ കസ്റ്റമറെ പഠിക്കാനും മാര്‍ക്കറ്റ് ട്രെന്‍ഡ് മനസിലാക്കാനും കഴിയുകയുള്ളു.
1. അച്ചാര്‍ ബിസിനസ്:
ഭക്ഷ്യോല്‍പ്പാദന മേഖലയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഏറ്റവും ഉചിതം അച്ചാര്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ്. അച്ചാര്‍ ബിസിനസിന് കുറച്ച് പ്രത്യേകതകളുണ്ട്. ഒന്ന്, അച്ചാറിന്റെ ഷെല്‍ഫ് കാലാവധി കൂടുതലാണ്. അതിനാല്‍ ഉടനെ വിറ്റുപോയില്ലെങ്കിലും പ്രശ്നമില്ല. രണ്ട്, വൈവിധ്യങ്ങള്‍കൊണ്ട് ഒത്തിരി പരീക്ഷങ്ങള്‍ നടത്തി വിവിധ തരം ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. മൂന്ന്, ഉല്‍പ്പന്നത്തിന്റെ വില കുറച്ചും കൂട്ടിയും അവതരിപ്പിക്കാന്‍ പ്രയാസമില്ല; പാക്കിംഗില്‍ വൈവിധ്യം കൊണ്ടുവന്നാല്‍ മതിയാകും. ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് അച്ചാര്‍ ഇനത്തില്‍ പെടുന്ന ബിസിനസുകള്‍ തുടക്കകാര്‍ക്ക് പരീക്ഷിക്കാന്‍ കഴിയുന്ന മികച്ച ബിസിനസ് ആശയങ്ങളില്‍ ഒന്നാവുന്നതും.
2. ഡ്രോപ്പ് ഷിപ്പിംഗ്:
ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്കില്‍ സൂക്ഷിക്കാതെ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഡ്രോപ്പ് ഷിപ്പിംഗ്. നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ അയയ്ക്കുന്ന വിതരണക്കാരുമായി നിങ്ങള്‍ പങ്കാളിയാകുന്നു. ഉപഭോക്താവ് നിങ്ങള്‍ വഴി ഉത്പന്നം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ വിതരണകാര്‍വഴി നേരിട്ട് നിങ്ങളുടെ പേരില്‍ ഉപഭോക്താവിന് അയച്ചുകൊടുക്കുന്നു.
വളരെ ചിലവ് കുറഞ്ഞ മാര്‍ഗത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന ബിസിനസ് രീതി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷിക്കാനും പഠിക്കാനും കഴിയുന്ന ഒന്നാണിത്. എന്നാല്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റിംഗും ഉപഭോക്തൃ സേവനവും ആവശ്യമാണ്. ഇന്‍സ്റ്റാഗ്രാം യൂട്യൂബ് മുതലായ സോഷ്യല്‍ മീഡിയകളില്‍ സാമാന്യം നല്ല ഫോളോവേഴ്‌സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ മികച്ച രീതിയില്‍ റിസ്‌ക് കുറച്ച് ബിസിനസ് വളര്‍ത്താന്‍ സാധിക്കും.
3. വൈദഗ്ധ്യം (Skill-based business) അടിസ്ഥാനമാക്കിയുള്ള ബിസിനസുകള്‍:
പഠിച്ച വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതോ ആയ ബിസിനസുകളിലേക്ക് ചുവടു വയ്ക്കുന്നതാണ് യുവാക്കള്‍ക്ക് ഏറ്റവും ഉചിതം. വെബ്/ആപ്പ് ഡെവലപ്‌മെന്റ്, ഓട്ടോമേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിവുണ്ടെകില്‍ അവ ചെയ്യാന്‍ ജീവനക്കാരെ നിയമിക്കാം. എന്നാല്‍ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റും, ഉപയോക്താക്കളുമായി ഇടപെടുന്നതും നിങ്ങള്‍ കെകാര്യം ചെയ്യുക. എങ്കിലേ മാര്‍ക്കറ്റിന്റെ രീതി മനസിലാക്കാന്‍ സാധിക്കുകയുള്ളു. അറിയുന്ന മേഖലയായതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ നടത്തുന്നത് എളുപ്പമായിരിക്കും.
4. ഫ്രാഞ്ചൈസി:
അറിയപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ആരംഭിക്കുകയാണെങ്കില്‍ രണ്ട് റിസ്‌കുകള്‍ കുറയ്ക്കാം. മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് എന്നീ മേഖലയിലെ റിസ്‌ക് കുറച്ചു കൊണ്ടുവരാന്‍ കഴിയുന്ന ബിസിനസ് മോഡല്‍ സെറ്റ് ചെയ്യുകയാണ് വേണ്ടത്. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഇന്‍വെന്ററി മാനേജ്മന്റ്, അക്കൗണ്ട്‌സ് മാനേജ്മന്റ്, പേ റോള്‍ മാനേജ്മെന്റ് , ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലയില്‍ പരിശീലനമോ സഹായമോ ഫ്രാഞ്ചൈസി നല്‍കുന്നയാള്‍ (franchisor) നല്‍കുമെന്നതിനാല്‍ ഒട്ടും ബുദ്ധിമുട്ടില്ലാതെ ബിസിനസ് മുന്നോട്ടു നയിക്കാന്‍ സാധിക്കും. അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് ആണെങ്കില്‍ മാര്‍ക്കറ്റിംഗ് അധികം ചെയ്തില്ല എങ്കില്‍ പോലും വില്‍പ്പന സാധ്യമാകും. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ വലിയ മൂലധനം വേണ്ടിവരും.
ഏതൊരു ബിസിനസ് തെരഞ്ഞെടുത്താലും സ്ഥിരമായി പഠനത്തിനുവേണ്ടി സമയം കണ്ടെത്തുകയും പഠിച്ച കാര്യങ്ങള്‍ നിരന്തരമായി ബിസിനസില്‍ പരീക്ഷിക്കുകയും ചെയ്യുക.
വിവരങ്ങള്‍ക്ക്:
Siju Rajan
Business Branding Strategist
BRANDisam LLP
+91 8281868299, www.sijurajan.com