ഒരു 'സോളോ ട്രിപ്പ്' നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം!
ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നതാണ് ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്
ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ഒരു സോളോ ട്രിപ്പിന് തയാറെടുക്കുന്നത്. കോളെജ് അടയ്ക്കാന്‍ പോകുകയായിരുന്നു. അവധിക്കാലത്ത് ഋഷികേശിലേക്ക് ഞാന്‍ ഒരു സോളോ ട്രിപ്പ് നടത്താന്‍ പോകുകയാണെന്ന് എന്റെ അടുത്ത സുഹൃത്തുക്കളോട് മാത്രം പറഞ്ഞു. അവരാകട്ടെ അത് മറ്റു ചിലരോടൊക്കെ സൂചിപ്പിച്ചു. അത് എനിക്കല്‍പ്പം അസ്വസ്ഥതയുണ്ടാക്കി. കാരണം, ഏകാന്തയാത്ര നടത്തുന്ന ഒരു വിചിത്ര സ്വഭാവക്കാരനാണ് ഞാനെന്ന് അവര്‍ കരുതുമോ എന്ന് ഞാന്‍ ചിന്തിച്ചു.
എന്റെ പരിചയത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ആരും ഇല്ലായിരുന്നു. യാത്രയെ കുറിച്ചും അത് എന്താകുമെന്നും ഒക്കെ എനിക്ക് ആശങ്കകളുണ്ടായിരുന്നു.
എന്നാല്‍ രണ്ടു വര്‍ഷമായി ഋഷികേശിലേക്ക് പോകാനുള്ള തീക്ഷണമായ ആഗ്രഹം എന്നിലുണ്ടായിരുന്നു. അത് യഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കാന്‍ ഞാന്‍ തയാറായിരുന്നില്ല.
ഋഷികേശിലേക്കുള്ള എന്റെ യാത്ര ഹ്രസ്വമായിരുന്നു. ഒരാഴ്ച കൊണ്ട് മടങ്ങി വന്നു. എന്നാല്‍ എനിക്കത് വളരെയധികം ഇഷ്ടമായി. അതിനാല്‍ തന്നെ രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ ഒറ്റയ്ക്ക് ചുറ്റി സഞ്ചരിച്ചു. അത്തവണ യാത്ര മൂന്നു മാസം നീണ്ടു നിന്നു.
രണ്ടാമത്തെ യാത്ര ജീവിതം മാറ്റിമറിക്കുന്നതായിരുന്നു. ഇപ്പോഴെനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വിചിത്രമായ കാര്യമായോ അതില്‍ ജാള്യതയോ തോന്നാറില്ല. കാരണം, വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനേക്കാള്‍ മികച്ച ഒരു അനുഭവമാണത്. ഒരിക്കലെങ്കിലും നിങ്ങളും ഒറ്റയ്ക്ക് യാത്ര ചെയ്യണം. അതിന്റെ കാരണങ്ങളാണ് ചുവടെ.
നിരവധി ആളുകളെ പരിചയപ്പെടാം
സോളോ ട്രിപ്പിനെതിരെ പലപ്പോഴും കേള്‍ക്കുന്ന വാദം 'അത് വളരെ ഏകാന്തമല്ലേ' എന്നതാണ്. എന്നാല്‍ എന്റെ അനുഭവത്തില്‍ സുഹൃത്തുക്കളുടെ ഒപ്പമല്ലാതെ ഒറ്റയ്ക്ക് യാത്ര പോയപ്പോഴാണ് കൂടുതല്‍ പേരെ കണ്ടു മുട്ടാനും പരിചയപ്പെടാനും സാധിച്ചത്.
സംഘമായി യാത്ര ചെയ്യുമ്പോള്‍ നാം ഒരു കംഫര്‍ട്ട് സോണിലാണ്. സുഹൃത്തുക്കളുടെ കമ്പനിയുള്ളതിനാല്‍ മറ്റുള്ളവരെ പരിചയപ്പെടാന്‍ കൂടുതല്‍ താല്‍പ്പര്യമൊന്നും സാധാരണ കാണിക്കില്ല. എന്നാല്‍ തനിയെ യാത്ര ചെയ്യുമ്പോള്‍ ആളുകളുമായി കൂടുതല്‍ ഇടപഴകാന്‍ സ്വാഭാവികമായും നാം ശ്രമിക്കും. മാത്രമല്ല, യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ ആളുകള്‍ നിങ്ങളെ വഴിവിട്ട് സഹായിക്കാന്‍ പോലും തയാറാകും.
ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ചെയ്യുന്നതു പോലെ ഒരു ബാക്ക് പായ്ക്കര്‍ ഹോസ്റ്റലില്‍ നിങ്ങള്‍ താമസിക്കുകയാണെങ്കില്‍ നിങ്ങളില്‍ ആശ്ചര്യമുളവാക്കുന്ന നിരവധി പേരെ കണ്ടുമുട്ടാനാവും. പ്രത്യേകിച്ചും മറ്റു ഏകാന്ത യാത്രികരെ.
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ തനിച്ചിരിക്കുന്ന സമയങ്ങളുണ്ടാകും. ആ സമയങ്ങളില്‍ നിങ്ങളോടൊപ്പം തന്നെ ആയിരിക്കുന്നതില്‍ സന്തോഷം കണ്ടെത്താനും സ്വന്തം കമ്പനി എങ്ങനെ ആസ്വദിക്കാമെന്ന് മനസ്സിലാക്കാനും കഴിയും.
യാത്രാ ഷെഡ്യൂളില്‍ പൂര്‍ണ നിയന്ത്രണം
സംഘമായി യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ യാത്രാ ഷെഡ്യൂള്‍ മറ്റു ആളുകളെ ആശ്രയിച്ചിക്കും. മറ്റുള്ളവരുടെ സൗകര്യം മാനിച്ച് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. എന്നാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ എത്രനേരം ചെലവിടണമെന്നോ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ലഭിക്കുന്നു.
നിങ്ങള്‍ക്ക് ഒരു സ്ഥലം ആകര്‍ഷകമായി തോന്നുന്നുണ്ടെങ്കില്‍ മണിക്കൂറുകളോളം അവിടെ കഴിയാം. ഋഷികേശിലെ ബീറ്റ്ല്‍സ് ആശ്രമം ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ (1960 കളില്‍ ബീറ്റ്ല്‍സ് മെഡിറ്റേഷന്‍ പരിശീലിക്കാന്‍ വന്ന സ്ഥലം) ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന മറ്റൊരാളെ കാണുകയും അദ്ദേഹത്തോട് സംസാരിച്ചും ആശ്രമം കണ്ടും നാലു മണിക്കൂറോളം അവിടെ ചെലവിടുകയും ചെയ്തു.
ഒരു കൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു എന്റെ യാത്രയെങ്കില്‍ അതുപോലെ എന്തെങ്കിലും ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
നിങ്ങളുടെ സോഷ്യല്‍ സ്‌കില്‍സ് വളരെയധികം മെച്ചപ്പെടും
ഒറ്റയ്ക്കുള്ള യാത്രകള്‍ എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തി. കൂടാതെ എന്റെ ജീവിതത്തെ മോശമായി ബാധിച്ചിരുന്ന ലജ്ജയെ മറികടക്കാന്‍ സഹായിക്കുകയും ചെയ്തു. പുതിയ ആളുകളെ പരിചയപ്പെടുമ്പോഴും അപരിചിതരുടെ ഇടയിലായിരിക്കുമ്പോഴുമെല്ലാം അല്പം അസ്വസ്ഥത തോന്നിയിരുന്ന ആളായിരുന്നു ഞാന്‍.
ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകളില്‍ താമസിക്കുകയും അപരിചിതമായ സ്ഥലങ്ങളില്‍ ആയിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടന്ന് നിരവധി പുതിയ ആളുകളുമായി ഓരോ ദിവസവും സംസാരിക്കാന്‍ നിര്‍ബന്ധിതനാകും. നിങ്ങളുടെ ആത്മവിശ്വാസത്തിലും സാമൂഹിക ഇടപെടലുകളിലും ക്രിയാത്മകമായ മാറ്റമുണ്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്നതില്‍ സംശയമില്ല.
ഒറ്റയ്ക്കുള്ള യാത്ര, പ്രത്യേകിച്ച് മൂന്നു മാസം ഇന്ത്യ ചുറ്റിക്കറങ്ങിയ രണ്ടാമത്തെ സോളോ ട്രിപ്പ്, ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്തതില്‍ ഖേദിക്കുന്ന ഒരാളെ പോലും ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല. പകരം, നിരവധി ഏകാന്ത യാത്രികര്‍ പറഞ്ഞിട്ടുണ്ട്, അവരിത് നേരത്തേ തുടങ്ങേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന്.
തനിച്ചു യാത്ര ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും താല്‍പ്പര്യം തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊന്ന് പരീക്ഷിക്കാവുന്നതാണ്.
For more simple and practical tips to live better and be happier visit Anoop's Blog : https://www.thesouljam.com