സാധാരണ ഉത്പന്നത്തെ അസാധാരണമാക്കാം, ഇതൊന്നു പരീക്ഷിക്കൂ

വിശാലമായ ആഗോള വിപണിയാണ് മുന്നിലുള്ളതെന്ന് തിരിച്ചറിയുമ്പോഴാണ് പരിമിതികളെ മറികടക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രമിച്ചു തുടങ്ങുന്നത്

Update:2024-01-15 14:22 IST

Image courtesy: canva

കൊക്കകോളയെ ശ്രദ്ധിക്കൂ. ഈ ഉല്‍പ്പന്നം ലോകം മുഴുവന്‍ വിറ്റഴിക്കപ്പെടുന്നു. ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ശീതളപാനീയമായി ദശാബ്ദങ്ങളായി നിലനില്‍ക്കുന്നു. ഏതൊരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസമാനമായ നേട്ടമാണ്. വിപണിയിലേക്ക് കടന്നുവരുന്ന ഒരു ഉല്‍പ്പന്നം ഇത്തരത്തില്‍ ഉപഭോക്താക്കളുടെ മനം കവരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഗതിയാണ്.

എന്തുകൊണ്ടാണ് ചില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇങ്ങനെ അഭൂതപൂര്‍വമായ വിജയം കൈവരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ട ഉല്‍പ്പന്നമായി പരിണമിക്കുന്നത്. കേവലം യാദൃശ്ചികമായ നേട്ടമായി ഇതിനെ കണക്കാക്കാനാവില്ല. അത്യസാധാരണങ്ങളായ ചില ഗുണവിശേഷങ്ങള്‍ അല്ലെങ്കില്‍ സവിശേഷതകള്‍ ഒത്തുചേരുമ്പോഴാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയുടെ ഹൃദയം കീഴടക്കുന്നത്, അസാമാന്യമായ കരുത്തോടെ, ചൈതന്യത്തോടെ ദശകങ്ങള്‍ തിളങ്ങി നില്‍ക്കുന്നത്.

എന്തൊക്കെ സവിശേഷതകളാണ് ഉല്‍പ്പന്നങ്ങളെ ഇതിനു പ്രാപ്തമാക്കുന്നത്. ഒരൊറ്റ സവിശേഷത മാത്രം ഇതിനു പോരാതെ വരും. പല ഗുണവിശേഷങ്ങളുടെ സമ്മിശ്രമാണ് ഉല്‍പ്പന്നത്തിന് ഈ സവിശേഷ വ്യക്തിത്വം സമ്മാനിക്കുന്നത്. വില്‍പ്പനയുടെ അസാധാരണ വിജയത്തിനായി ഈ ചേരുവ ഉല്‍പ്പന്നത്തെ തയ്യാറെടുപ്പിക്കുന്നു. ഈ സവിശേഷതകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

1. വലിയ വിപണിക്ക് യോജ്യം

ഉല്‍പ്പന്നം ചെറിയൊരു വിപണിയെ മാത്രം ലക്ഷ്യമിടുന്നതാവരുത്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആവശ്യങ്ങളെയോ ആഗ്രഹങ്ങളെയോ പൂര്‍ത്തീകരിക്കാന്‍ ഉല്‍പ്പന്നത്തിന് കഴിയണം. വിവിധ തലത്തിലുള്ള ഉപഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന അതിവിശാലമായ വിപണികള്‍ക്കിണങ്ങും രീതിയില്‍ രൂപകല്‍പ്പന ചെയ്തതാവണം ഉല്‍പ്പന്നം.

സണ്‍സ്‌ക്രീന്‍ ഉല്‍പ്പന്നങ്ങളെ നിരീക്ഷിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ എളുപ്പമാണ്. അനന്തമായ ആഗോള വിപണിയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിടുന്നത്. പല പ്രായങ്ങളിലുള്ളവര്‍ക്കും വ്യത്യസ്തങ്ങളായ ചര്‍മ്മമുള്ളവര്‍ക്കും (Skin) യോജിച്ച തരം വിഭിന്നങ്ങളായ ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ പുറത്തിറക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്നും രക്ഷനേടാന്‍ ഉപഭോക്താക്കള്‍ ലോകമെങ്ങും ഇത്തരം ക്രീമുകളെ ആശ്രയിക്കുന്നു. ഉപഭോക്താക്കളുടെ പോക്കറ്റുകള്‍ക്കിണങ്ങുന്ന വിലയില്‍ വിവിധങ്ങളായ ഫോര്‍മുലേഷനുകളില്‍ ഇവ ലഭ്യമാക്കുന്നു.

2. ഉപകാരപ്രദം

വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ പൊതുവായ പ്രശ്‌നം പരിഹരിക്കുവാനുള്ള പ്രാപ്തി ഉല്‍പ്പന്നത്തിനുണ്ടാവണം. ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതോടെ വിപണിയില്‍ ഉല്‍പ്പന്നത്തിന് ആവശ്യകത സ്വാഭാവികമായി ഉയരുന്നു.

3. താങ്ങാന്‍ കഴിയുന്ന വില

ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന വില ഉല്‍പ്പന്നത്തെ ജനകീയമാക്കുന്നു. വിലയ്‌ക്കൊത്ത മൂല്യം ഉല്‍പ്പന്നത്തിന് നല്‍കാന്‍ സാധിക്കണം. താങ്ങാവുന്ന വിലയില്‍ മേന്മയുള്ള ഉല്‍പ്പന്നം വിപണിയെ കീഴടക്കാന്‍ പ്രാപ്തി നേടും.

4. ഉപയോഗിക്കാന്‍ എളുപ്പം

സങ്കീര്‍ണതകളില്ലാത്ത ഉപയോഗ സൗഹൃദമായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളെ പെട്ടെന്ന് കയ്യിലെടുക്കും. സരളമായ രൂപകല്‍പ്പനയും കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഉപഭോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കും. പ്രായമോ സാങ്കേതികജ്ഞാനമോ തടസ്സമാകാതെ ഉല്‍പ്പന്നം ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ അതിനു സാധ്യമാകും.

ആമസോണ്‍ എക്കോ സ്പീക്കേഴ്‌സ് എത്ര അനായാസമായി ഉപയോഗിക്കാന്‍ സാധിക്കുന്നുവെന്ന് നോക്കൂ. നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഈ സ്പീക്കറുകളെ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. യാതൊരു സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഇത് കൈകാര്യം ചെയ്യാം. ഈ പ്രത്യേകത ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

5. ഈട് നില്‍ക്കുന്നു

സ്ഥിരതയുള്ള, ഈടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടും. ഉപഭോക്താക്കള്‍ അത്തരം ഉല്‍പ്പന്നങ്ങളെ കൂടുതല്‍ വിശ്വസിക്കും. ഉല്‍പ്പന്നത്തിന്റെ ഉപയോഗം അവരില്‍ ആത്മവിശ്വാസം നിറയ്ക്കും. ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിക്കാനും മറ്റുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യാനും അവര്‍ തയ്യാറാകും.

6. മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു

കാലത്തിനനുസരിച്ചുള്ള, സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ഉല്‍പ്പന്നത്തിന് തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കണം. ഉപഭോക്താക്കളുടെ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. അതിനനുസൃതമായ മാറ്റങ്ങള്‍ ഉല്‍പ്പന്നത്തിലും ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. നവീനങ്ങളായ (Innovative) ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടും. ഉപഭോക്താക്കള്‍ പുതുമ ഇഷ്ടപ്പെടുന്നു. ഇത് തിരിച്ചറിയുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എന്നും പുതുമയോടെ നിലനില്‍ക്കുന്നു.

സാധാരണ ഐസ്‌ക്രീമിനെ ശ്രദ്ധിക്കൂ. അത് നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കുന്നു. പുതുരുചികളില്‍ പുതിയ ചേരുവകളില്‍ ഐസ്‌ക്രീമുകള്‍ വിപണിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കളുടെ അഭിരുചികള്‍ മാറുന്നു അതിനനുസരിച്ച് ഉല്‍പ്പന്നങ്ങളും.

7. ശക്തമായ ഉല്‍പ്പാദന വിതരണ സംവിധാനങ്ങള്‍

ഉല്‍പ്പന്നങ്ങള്‍ വലിയ അളവില്‍ അതിവേഗം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതും കാലതാമസം കൂടാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കഴിയുന്നത് വിപണിയിലെ മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ സഹായിക്കും. ദൗര്‍ലഭ്യം കൂടാതെ അനായാസമായി ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമാകുന്നത് ഉപഭോക്താക്കളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കും. ഉല്‍പ്പന്നത്തിന്റെ തുടര്‍ച്ചയായ ലഭ്യത വില്‍പ്പനയെ ഉയര്‍ത്തുന്നു.

8. ബ്രാന്‍ഡിലുള്ള വിശ്വാസം

ബ്രാന്‍ഡില്‍ വിശ്വസിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. കാര്യം പറയാന്‍ പെട്ടെന്ന് കഴിയുമെങ്കിലും പ്രായോഗികമായി അതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്. നിരന്തരമായ ശ്രമത്തിലൂടെ മാത്രമേ ഉപഭോക്താക്കളുടെ മനസ്സില്‍ കയറിക്കൂടാന്‍ ബ്രാന്‍ഡിന് സാധിക്കുകയുള്ളൂ. വിപണിയിലെ ദുഷ്‌കരമായ പാതകള്‍ താണ്ടാന്‍ ബ്രാന്‍ഡില്‍ ഉപഭോക്താക്കളുടെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്.

9. വില്‍പ്പനാനന്തര സേവനം

വില്‍പ്പനയോടെ കര്‍ട്ടന്‍ വീഴുന്നില്ല എന്നു മനസ്സിലാക്കുന്നിടത്താണ് ഉപഭോക്താക്കളുടെ വിശ്വാസം ബ്രാന്‍ഡ് നേടുന്നത്. ഉല്‍പ്പന്നത്തിനനുസരിച്ച് പിന്നീടുള്ള സേവനങ്ങള്‍ കൂടി ഉറപ്പുവരുത്താന്‍ ബ്രാന്‍ഡിന് കഴിയണം. തങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ബ്രാന്‍ഡെന്ന തോന്നല്‍ ഉപഭോക്താക്കളില്‍ ഉളവാക്കാന്‍ കഴിയേണ്ടതുണ്ട്.

10. മാര്‍ക്കറ്റിംഗ്... മാര്‍ക്കറ്റിംഗ്... മാര്‍ക്കറ്റിംഗ്...

എത്രയൊക്കെ സവിശേഷതകള്‍ ഉണ്ടായിട്ടും എന്തൊക്കെ ഗുണഗണങ്ങള്‍ ഉണ്ടായിട്ടും മാര്‍ക്കറ്റിംഗ് ഫലപ്രദമായില്ലെങ്കില്‍ ഉല്‍പ്പന്നം വിപണിയില്‍ നിലംതൊടില്ല. ഉപഭോക്താക്കളുമായുള്ള ഇടമുറിയാതുള്ള ആശയവിനിമയം ഉല്‍പ്പന്നത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാകുന്നു. ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍, പ്രയോജനങ്ങള്‍, യു.എസ്.പി, പ്രത്യേകതകള്‍ തുടങ്ങിയവയൊക്കെ നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കണം.

ഈ 10 ഘടകങ്ങളും ഒരുമിക്കുമ്പോഴാണ് സാധാരണമായ ഒരുല്‍പ്പന്നം അസാധാരണ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതും വിപണിയില്‍ അടങ്ങാത്ത ഓളങ്ങള്‍ സൃഷ്ടിക്കുന്നതും. വിശാലമായ ആഗോള വിപണിയാണ് മുന്നിലുള്ളതെന്ന് തിരിച്ചറിയുമ്പോഴാണ് പരിമിതികളെ മറികടക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രമിച്ചു തുടങ്ങുന്നത്. വിപണിയുടെ അതിര്‍ത്തികളെ ഭേദിക്കുകയും വില്‍പ്പനയെ ബൃഹത്തായ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക അത്ര അനായാസമായ പ്രവൃത്തിയല്ല എന്നത് തിരിച്ചറിയുക. എന്നാല്‍ കൃത്യമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ അത് സാധ്യമാക്കാന്‍ കഴിയും.

Tags:    

Similar News