മണിട്രാപ്പ് മാട്രിമോണിയൽ ആപ്പിലൂടെയും
സാമാന്യബോധം കൈവിടാതിരിക്കുക. കുറക്കുവഴികള്‍ അത് എന്തിനായാലും അപകടങ്ങളിലേക്ക് നയിച്ചേക്കാം
രാജേഷ് (പേര് സാങ്കൽപ്പികം) നാല് കൊല്ലം മുമ്പാണ് ദുബൈയില്‍ ജോലിക്കായി പോയത്. സാമ്പത്തികസ്ഥിതി ഒരുവിധം 'ഒ.കെ' ആയിരിക്കുന്നു. ഇനിയൊപ്പൊ കല്യാണമൊക്കെ ആലോചിക്കാമല്ലോ എന്ന് ചങ്ങാതിമാരും ബന്ധുക്കളുമൊക്കെ പറയുന്നു.
അങ്ങനെയിരിക്കേ, രാജേഷ് മാട്രിമണി ആപ്പില്‍ ചേര്‍ന്നു. ഒരു ചെറുപ്പക്കാരിയെ പരിചയപ്പെട്ടു; ചാറ്റിംഗും തുടങ്ങി. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും വിവാഹം കഴിക്കാം എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. അങ്ങനെയിരിക്കേയാണ് ചെറുപ്പക്കാരി രാജേഷിനോട് ബിറ്റ്‌കോയിന്‍ നിക്ഷേപത്തെ കുറിച്ച് പറയുന്നത്. സംഗതി കൊള്ളാല്ലോ എന്ന് തോന്നിയ രാജേഷിന് ചെറുപ്പക്കാരി ഒരു ആപ്പും പണം അയയ്ക്കാനും ലിങ്കും അയച്ചുകൊടുത്തു.
തന്റെ ഭാവി വധുവിനെ വിശ്വസിച്ച രാജേഷ് രണ്ടുമാസത്തോളം വലിയ തുകകള്‍ ലിങ്കിലേക്ക് അയച്ചുകൊടുത്തു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ബിറ്റ്‌കോയിന്‍ നഷ്ടത്തിലായെന്നും പണമെല്ലാം പോയെന്നും ചെറുപ്പക്കാരി പറഞ്ഞു. പിന്നീട് ആ ചെറുപ്പക്കാരിയെ കുറിച്ച് രാജേഷ് ഒന്നും കേട്ടില്ല. വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ വഴികളും വിഫലമായി.
പണമയച്ച ലിങ്കിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ തട്ടിപ്പായിരുന്നുവെന്നും മാട്രിമണിയിലൂടെ വന്ന മണിട്രാപ്പായിരുന്നു എന്നും രാജേഷിന് മനസ്സിലായി.
തട്ടിപ്പിന്റെ പുതിയ മുഖം
ഡിജിറ്റല്‍, ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് പണം കൈമാറ്റങ്ങള്‍ കൂടുന്ന ഇക്കാലത്ത് തട്ടിപ്പുകളും ഏറിവരികയാണ്. അതിന്റെ പുതിയൊരു മുഖം മാത്രമാണ് മാട്രിമണി വഴിയുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക്‌ചെയ്ത് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണംതട്ടുന്ന കഥകള്‍ നിരവധി നാം കേട്ടുകഴിഞ്ഞു. ഇപ്പോഴിതാ, എ.ഐ വഴിയുള്ള തട്ടിപ്പിനെ കുറിച്ചും നാം നമ്മുടെ കേരളത്തില്‍ തന്നെ കേട്ടു. ഡീപ് ഫേക്ക് എ.ഐ തട്ടിപ്പായിരുന്നു അത്.
സുഹൃത്തിന്റെ രൂപവും സംസാരരീതിയും ഡീപ് ഫേക്ക് എ.ഐ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചശേഷം വീഡിയോ, ഓഡിയോ സന്ദേശങ്ങളുടെ പണം ആവശ്യപ്പെടും. സുഹൃത്തിന്റെ രൂപം, ഭാവം, ശബ്ദം എല്ലാം കിറുകൃത്യമെന്ന് തോന്നും. പലരും അത് വിശ്വസിക്കും. പണം നല്‍കും. പിന്നീടേ മനസ്സിലാകൂ എല്ലാം 'ഫേക്ക്' ആയിരുന്നു എന്ന്.
പലവിധം ചതിക്കുഴികള്‍
ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ചവരെ വിളിച്ച്, കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതാണ് മറ്റൊരു തട്ടിപ്പ്. നിലവിലുള്ള അക്കൗണ്ട് വിവരങ്ങള്‍, നിലവില്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍, പിന്‍ ഇതൊക്കെ ചോദിക്കും. ചിലര്‍ക്കെങ്കിലും ഇത് തട്ടിപ്പാണെന്ന് അപ്പോഴെ പിടികിട്ടും.
ചതിക്കുഴി മനസ്സിലാക്കാത്തവര്‍ വിവരങ്ങളെല്ലാം കൈമാറും. അതോടെ അക്കൗണ്ടിലെ പണമെല്ലാം തട്ടിപ്പുകാര്‍ റാഞ്ചും. സോഷ്യല്‍ മീഡിയയില്‍ നിന്നോ ഗൂഗിളില്‍ നിന്നോ മറ്റോ തപ്പിയെടുക്കുന്ന ഫോണ്‍നമ്പറുകളിലേക്കാണ് പലപ്പോഴും ഇത്തരം തട്ടിപ്പിന്റെ വിളികളെത്തുക.
ഇത്തരം ഫോണ്‍വിളികള്‍ വന്നാല്‍, ജാഗ്രതയോടെ മാത്രം പ്രതികരിക്കുക. ചിലപ്പോള്‍ രണ്ടുരൂപ, 10 രൂപ എന്നിങ്ങനെ പണം അയച്ചുകൊടുക്കാന്‍ പറയും. അതുപക്ഷേ, അവസാനിക്കുന്നത് വലിയ തട്ടിപ്പിലായിരിക്കും. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ നിന്നാണ്. പണം ഉടന്‍ അയച്ചുതന്നില്ലെങ്കില്‍ ഇന്ന് ഫ്യൂസ് ഊരും എന്ന് പറഞ്ഞ് ഫോണ്‍ വന്നാല്‍ മനസ്സിലാക്കുക 99.99 ശതമാനം, അത് ഫ്രോഡാണ്.
വീടോ വാടകയ്ക്ക് നല്‍കാനോ വില്‍ക്കാനോ വാഹനം വില്‍ക്കാനോ ഒ.എല്‍.എക്സില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് വരുന്ന ഫോണുകളോ മെസ്സേജുകളോ അന്ധമായി വിശ്വസിച്ച് പണമൊന്നും അയച്ചുകൊടുക്കരുത്. പലപ്പോഴും കാണുന്ന മറ്റൊരു തട്ടിപ്പാണ് കസ്റ്റംസില്‍ നിന്നാണെന്നും പറഞ്ഞുള്ള കോളുകള്‍. വീടോ ഓഫീസോ വാടകയ്ക്ക് വേണമെന്നാവശ്യപ്പെട്ടായിരിക്കും കോള്‍. കുറച്ച് തുക ആദ്യം അങ്ങോട്ട് അയയ്ക്കാന്‍ പറയും. പിന്നീട് അതും വാടകയും ചേര്‍ത്ത് ഉടന്‍ തിരിച്ചുതരാമെന്ന് പറയും. അങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാല്‍ മനസ്സിലാക്കുക, അത് തട്ടിപ്പാണ്.
അപരിചിതരില്‍ നിന്നുള്ള ലിങ്കുകളോ ആപ്പുകളോ തുറക്കാതിരിക്കുക. നിങ്ങളുടെ പിന്‍, ഒ.ടി.പി, പാസ്‌വേഡ് തുടങ്ങിയവ ആര് ചോദിച്ചാലും വെളിപ്പെടുത്തരുത്.
വേണം കരുതല്‍; സ്വയം കാവലാളാകുക
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന ബന്ധങ്ങള്‍ ചിലപ്പോള്‍ ആകര്‍ഷക നിക്ഷേപ വാഗ്ദാനങ്ങളോ ബിസിനസ് പദ്ധതികളോ മുന്നോട്ടുവച്ച് നിങ്ങളെ ക്ഷണിച്ചേക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ പണം അപഹരിക്കാനുള്ള ഒരു കെണി ആയിരിക്കാം അത്. സാങ്കേതികവിദ്യ ഇക്കാലത്ത് ഏറെ മുന്നോട്ട് പോയിരിക്കുന്നു. അവ ഉപയോഗിക്കുമ്പോള്‍ കണ്ണും കാതും തുറന്നിരിക്കട്ടെ.
സാമാന്യബോധം കൈവിടാതിരിക്കുക. കുറക്കുവഴികള്‍ അത് എന്തിനായാലും അപകടങ്ങളിലേക്ക് നയിച്ചേക്കാം എന്ന ചൊല്ല് മറക്കാതിരിക്കുക.