മഞ്ജു വാര്യരെ പ്രതിഫലത്തില്‍ കടത്തിവെട്ടി നയന്‍താര; പക്ഷേ...

സ്ത്രീക്കും പുരുഷനും സിനിമയില്‍ തുല്യവേതനം ലഭിക്കുന്നില്ല എന്ന സമീപകാല വിവാദത്തിന്റെ നിജസ്ഥിതി എന്താണ്?

Update:2024-09-06 11:46 IST

Image Courtesy: x.com/NayantharaU, x.com/ManjuWarrier4

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സ്ത്രീകളായ അഭിനേതാക്കള്‍ ഉന്നയിച്ച മുഖ്യപരാതികളിലൊന്ന് തൊഴിലിടത്തില്‍ അവര്‍ സുരക്ഷിതരല്ല എന്നതായിരുന്നു. സമാനമായ പ്രാധാന്യത്തോടെ അവര്‍ പറഞ്ഞ മറ്റൊരു പരാതി സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നില്ല എന്നാണ്. ഇതര മേഖലകളില്‍ ഈ വിവേചനം നിലനില്‍ക്കുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു തൊഴില്‍ സ്ഥാപനത്തില്‍ സ്ഥിര വരുമാനക്കാരും മാസശമ്പളക്കാരുമായ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനവും സിനിമയില്‍ താരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ലഭിക്കുന്ന പ്രതിഫലവും തമ്മിലുളള താരതമ്യം തന്നെ അടിസ്ഥാനപരമായി അര്‍ത്ഥശൂന്യമാണ്.
കാരണം സിനിമ ഒരു വലിയ വ്യവസായമാണ്. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്ഥിരം ജീവനക്കാരല്ല. കാലാകാലങ്ങളായി വിപണിയില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ക്കും താരമൂല്യത്തിലെ അന്തരത്തിനും അനുസരിച്ച് അവരുടെ പ്രതിഫലവും ഡിമാന്‍ഡും മാറി മറിഞ്ഞു കൊണ്ടിരിക്കും. ഒരു തൊഴില്‍ സ്ഥാപനത്തില്‍ ജീവനക്കാരന്റെ പ്രവൃത്തി പരിചയം, സീനിയോരിറ്റി എന്നിവ അടിസ്ഥാനമാക്കി ശമ്പള വര്‍ദ്ധനവ് സംഭവിക്കാം. അവിടെ ലിംഗപരമായ അതിര്‍വരമ്പുകളില്ല. തൊഴില്‍ വകുപ്പും നിലവിലുളള നിയമങ്ങളും അഥവാ സ്ഥാപനം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും അനുസരിച്ചാവും വേതനം നിശ്ചയിക്കപ്പെടുക. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അവിടെ സമതുലിതാവസ്ഥ പാലിക്കാന്‍ സാധിക്കും.
സിനിമയെ സംബന്ധിച്ച് വേതനത്തിന്റെ കാര്യത്തില്‍ സ്വീകരിക്കപ്പെടുന്ന നിലപാടുകളില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. അതില്‍ സ്ത്രീപുരുഷ വിവേചനത്തിന്റെ പ്രശ്‌നം ഉദിക്കുന്നതേയില്ല. മാര്‍ക്കറ്റ് വാല്യൂ അഥവാ വിപണനമൂല്യം നിര്‍ണ്ണയിക്കാനുളള സംവിധാനങ്ങള്‍ സിനിമയ്ക്കുണ്ട്. ഒരു താരം കേന്ദ്രകഥാപാത്രമാകുന്ന സിനിമയ്ക്ക് ലഭിക്കുന്ന ഇനീഷ്യല്‍ കളക്ഷന്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും ഈ താരത്തിന്റെ സിനിമയ്ക്ക് ഒരു നിശ്ചിത ശതമാനം ഷെയര്‍ തീയറ്ററുകളില്‍ നിന്ന് ലഭിക്കും.
ചാനലുകളിലും ഒ.ടി.ടിയിലും സിനിമ റിലീസ് ചെയ്യുമ്പോഴും ഈ ഏറ്റക്കുറച്ചില്‍ സംഭവിക്കാറുണ്ട്. അത്രയ്ക്ക് അറിയപ്പെടാത്തതോ ജനകീയനോ അല്ലാത്ത ഒരു താരത്തിന്റെ സിനിമയ്ക്ക് ലഭിക്കുന്നതിന്റെ പതിന്മടങ്ങ് സ്വീകാര്യത സൂപ്പര്‍-മെഗാ സ്റ്റാര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന താരസിനിമകള്‍ക്ക് ലഭിക്കും. റ്റാംപ്റ്റ് റേറ്റിംഗും ഒ.ടി.ടി. റേറ്റിംഗും വഴി ഇത് കൃത്യമായി മനസിലാക്കാന്‍ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകളുടെ പക്കല്‍ സംവിധാനങ്ങളുണ്ട്.

എന്തുകൊണ്ട് നായിക സൂപ്പര്‍ താരമാവുന്നില്ല?

മലയാളം കണ്ട മികച്ച നടിയായ ഉര്‍വശിക്ക് അവരുടെ പ്രതാപകാലത്ത് പോലും ഒരു സിനിമ തനിച്ച് ഷോര്‍ഡര്‍ ചെയ്ത് മെഗാഹിറ്റാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉര്‍വശിയുടെ ഹിറ്റ് സിനിമകളിലെല്ലാം തന്നെ അക്കാലത്ത് വിപണന മൂല്യമുളള നായകനുണ്ടായിരുന്നു. നായികയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ തലയിണമന്ത്രത്തില്‍ അന്ന് മാര്‍ക്കറ്റുണ്ടായിരുന്ന ജയറാം, ശ്രീനിവാസന്‍ എന്നിങ്ങനെ രണ്ട് നായകന്‍മാരും ഒപ്പം സ്റ്റാര്‍ ഡയറക്ടറായ സത്യന്‍ അന്തിക്കാടുമുണ്ടായിരുന്നു.
ലേഡീസുപ്പര്‍സ്റ്റാര്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന മഞ്ജു വാര്യരുടെ കാര്യമെടുക്കാം. സൂപ്പര്‍താരങ്ങളോളം ജനപ്രീതിയുളള നടിയാണ് മഞ്ജു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആദ്യവരവിലും രണ്ടാം വരവിലും മഞ്ജുവിന്റെ വിജയചിത്രങ്ങളിലെല്ലാം താരമുല്യമുളള വലിയ നായകന്‍മാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മഞ്ജു ലീഡ് റോളില്‍ വന്ന ഹൗ ഓള്‍ഡ് ആര്‍ യുവില്‍ കുഞ്ചാക്കോ ബോബന്‍ എന്ന ബിസിനസ് വാല്യൂ ഉളള നായകനുണ്ട്. മഞ്ജു തനിച്ച് ഷോര്‍ഡര്‍ ചെയ്ത് വിജയിച്ചു എന്ന് പറയാവുന്ന ഏകചിത്രം ഉദാഹരണം സുജാതയാണ്. അതിലും പേരിന് ഒരു ഹീറോയുണ്ട്. താരമൂല്യമുളള ജോജു ജോര്‍ജ്.
ജോ ആന്‍ഡ് ദി ബോയ്, വെളളരിക്കപ്പട്ടണം പോലെ മഞ്ജു തനിച്ച് ചെയ്ത സിനിമകള്‍ തീയറ്ററില്‍ കച്ചിയടിച്ചില്ല. ഇത് മഞ്ജുവിന്റെ തെറ്റുകൊണ്ട് സംഭവിക്കുന്നതല്ല. പ്രേക്ഷകരില്‍ 90% പേരും തീയറ്ററിലെത്തുന്നത് നായകനോടുളള താരാരാധനയുടെ പേരിലാണ്. നായികമാര്‍ക്ക് സ്ഥിരമായി നിലനില്‍ക്കാന്‍ കഴിയാത്തതും ഈ വിവേചനം മൂലമാണ്. മൂന്‍കാലങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ന് പരമാവധി അഞ്ച് വര്‍ഷത്തിനപ്പുറം ഒരു നായികയ്ക്കും നിലനില്‍പ്പില്ല. ഇത് അറിയാവുന്ന പുതിയ കുട്ടികള്‍ ഒരു പടം കഴിഞ്ഞാലുടന്‍ താരതമ്യേന വലിയ പ്രതിഫലം ലഭിക്കുന്ന തമിഴ്-തെലുങ്ക് സിനിമകളിലേക്ക് ചാഞ്ചാടുകയായി. ഇതര ഭാഷകളിലും ഇതു തന്നെയാണ് സ്ഥിതി
ശ്രീദേവിയെ പോലെ ഇന്ത്യ ഒന്നടങ്കം ആരാധിച്ച ഒരു നായിക ഇന്നേവരെ ഒരു സിനിമ ഒറ്റയ്ക്ക് നയിച്ച ചരിത്രമില്ല. നായകന്റെ പിന്നിലായിരുന്നു അവര്‍ക്കും സ്ഥാനം. ഈ പ്രവണതയ്ക്ക് ഏക അപവാദം എന്ന് പറയാവുന്നത് നയന്‍താര മാത്രമാണ്. ശക്തമായ കഥാപാത്രം ലഭിച്ചാല്‍ നായകനില്ലെങ്കിലും ദുര്‍ബലനായ നായകനാണെങ്കിലും അവരുടെ സിനിമകള്‍ കളക്ട് ചെയ്യും. മറ്റ് പ്ലാറ്റ്‌ഫോമുകളിലും മികച്ച ബിസിനസ് നടക്കും. ഒരു കാലത്ത് തെലുങ്ക് സിനിമയില്‍ ആക്ഷന്‍ ഹീറോയിന്‍ വിജയശാന്തിക്കും ഈ സൗഭാഗ്യം ലഭിച്ചിരുന്നു. പിന്നീട് അവരും അപ്രസക്തയായി.
സൂപ്പര്‍താരങ്ങളുടെ സ്ഥിതി അതല്ല. മമ്മൂട്ടി നായകനാകുന്ന പടം ഏത് പോലീസുകാരന്‍ സംവിധാനം ചെയ്താലും മിനിമം കളക്ഷന്‍ ലഭിക്കും. ഫര്‍ദര്‍ ബിസിനസുകളും ലഭിക്കും. അതുകൊണ്ട് തന്നെ ഈ താരങ്ങള്‍ക്ക് വലിയ പ്രതിഫലം കൊടുത്താലും അതാണ് സേഫ് ബിസിനസെന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നു.

ജൂനിയര്‍ വേറെ; സീനിയര്‍ വേറെ

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യത്തില്‍ ഈ വേര്‍തിരിവില്ല. പുരുഷനും സ്ത്രീക്കും ഇവിടെ തുല്യവേതനം ലഭിക്കും. ഡെയ്‌ലി വേജസുകാരായ അവര്‍ക്ക് ഒരു നിശ്ചിത തുക കൃത്യമായി ലഭിക്കും. കാരണം ഇവര്‍ സ്ത്രീയോ പുരുഷനോ ആവട്ടെ അവരുടെ പങ്കാളിത്തം സിനിമയുടെ ബിസിനസിനെ ഒരു തരത്തിലും ബാധിക്കുന്ന ഘടകമല്ല. ഒരു ഓഫീസ് ജോലി പോലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സപ്ലയേഴ്‌സിന്റെ ക്ഷണപ്രകാരം ഒരേ സ്വഭാവമുളള ജോലി ചെയ്ത് മടങ്ങുന്നു എന്നതു കൊണ്ട് അവരുടെ കാര്യത്തില്‍ തുല്യവേതനം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകും. നായിക നായകന്‍മാരുടെ കാര്യത്തിലും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെ സംബന്ധിച്ചും കൃത്യമായ നിയമാവലി വച്ച് പ്രതിഫലം നിശ്ചയിക്കാനാവില്ല.
മുതിര്‍ന്ന താരങ്ങളൂടെ കാര്യം തന്നെയെടുക്കാം. ഒരു കാലത്ത് വലിയ നായികയായി തിളങ്ങി നിന്ന പലരും ഇന്ന് ക്ഷണിക്കപ്പെടുന്നത് അമ്മ വേഷങ്ങളിലേക്കും മറ്റുമാണ്. നായികാ നായകന്‍മാരുടെ നിഴലായി വരുന്ന അമ്മ വേഷത്തിന് ഇവര്‍ക്ക് ചെറിയ പ്രതിഫലമാവും ലഭിക്കുക. കാരണം ഇന്ന് അവര്‍ക്ക് സിനിമയില്‍ വലിയ ഡിമാന്‍ഡില്ല. ചെറുവേഷങ്ങള്‍ ലഭിക്കുന്നത് പോലും ആരുടെയോ ഔദാര്യത്തണലിലാണ്.
അതേ സമയം നടി ഉര്‍വശിയുടെ സ്ഥിതി വിഭിന്നമാണ്. അവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. അച്ചുവിന്റെ അമ്മയിലെയും മറ്റും വേഷം മറ്റൊരു നടിയെ വച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ ഡിമാന്റ് ചെയ്യുന്ന തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ബാധ്യസ്ഥരാവുന്നു. മാത്രമല്ല ഉര്‍വശി കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകള്‍ ഈ പ്രായത്തിലും വിജയമാണ്. അതുകൊണ്ട് തന്നെ അരക്കോടിയോളം അവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. അതേ സമയം മലയാളത്തിലെ ഏറ്റവും മുന്‍നിര നായികമാര്‍ക്ക് നായകന്റെ പത്തിലൊന്ന് പോലും ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യവും മുന്നിലുണ്ട്.
ഒരു കോടിക്കടുത്ത് എത്തിയ നായികമാരുടെ പട്ടികയില്‍ മഞ്ജു വാര്യര്‍, പാര്‍വതി എന്നീ പേരുകളല്ലാതെ മറ്റാരുമില്ല. ഈ പറഞ്ഞ പേരുകാര്‍ അഭിനയിച്ചു എന്നത് കൊണ്ട് മാത്രം സിനിമ വിജയമാകണമെന്നുമില്ല. ഒരു സമീപകാല ഉദാഹരണം നോക്കാം. ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച ഉളെളാഴുക്ക് മികച്ച സിനിമയായിരുന്നിട്ടും തീയറ്ററില്‍ ഹിറ്റായില്ല. ശക്തനായ ഒരു നായക കഥാപാത്രം ആ സിനിമയില്‍ ഇല്ലായിരുന്നു എന്നത് മാത്രമല്ല സിനിമയുടെ പരാജയ കാരണം. രസിപ്പിക്കുന്ന സിനിമകളുടെ കാലമാണിത്. ദുഖസാന്ദ്രമായ സിനിമകള്‍ക്ക് ഇന്ന് സ്ത്രീപ്രേക്ഷകര്‍ പോലും കയറുന്നില്ല. കരയാന്‍ ആരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.

ജനകീയ സിനിമകളെ മുന്നില്‍ നിന്ന് നയിക്കാന്‍ ഏതു നായികയുണ്ട്?

ജനകീയ സ്വഭാവമുളള ഹ്യൂമര്‍, ആക്ഷന്‍ സിനിമകള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ശേഷിയുളള ഒരു നായികയും മലയാളത്തിലില്ല. ഒരു കാലത്ത് ആക്ഷന്‍ ഹീറോയിന്‍ എന്ന ടാഗ് ലൈനുമായി വന്ന വാണി വിശ്വനാഥ് ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. ഫീല്‍ഡിലുളള കാലത്തും വാണി തനിച്ച് സിനിമകള്‍ വിജയിപ്പിച്ച ചരിത്രമില്ല. ഹ്യൂമര്‍ ചെയ്യുന്ന നടി ഉര്‍വശിയാണ്. പുതുതലമുറയില്‍ രജീഷാ വിജയനെ പോലെ ചിലരുമുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും സൂപ്പര്‍താരപദവിയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. തെന്നിന്ത്യന്‍ സിനിമയിലെ താരറാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയന്‍താര പോലും മലയാളത്തില്‍ നായക സാന്നിദ്ധ്യമില്ലാത്ത പടം തനിച്ച് ചെയ്താല്‍ പച്ച തൊടില്ല.
ഒരു നായികയെ മുന്‍നിര്‍ത്തി ഈ തരത്തില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ പ്രായോഗികമായി സാധിക്കില്ലെന്നതാണ് വസ്തുത. വാസ്തവത്തില്‍ സ്ത്രീപുരുഷ ഭേദം എന്നൊന്ന് വേതന കാര്യത്തില്‍ സിനിമയില്‍ പരിഗണിക്കാറേയില്ല. പുരുഷനും പുരുഷനും തമ്മിലും വ്യത്യാസമുണ്ട്. മാര്‍ക്കറ്റ് വാല്യൂ ഉളള നടനും അതില്ലാത്ത നടനും എന്നതാണ് മാനദണ്ഡം. മികച്ച നടനായ മനോജ്. കെ. ജയന്‍ നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ആളാണ്. താരതമ്യേന ജൂനിയറായ നായകന്‍മാര്‍ക്ക് ലഭിക്കുന്നതിന്റെ ചെറിയ അംശം പോലും മനോജിന് കൊടുക്കാന്‍ സാധിക്കില്ല. നടികളില്‍ ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മി വാങ്ങുന്നതിന്റെ എത്രയോ ഇരട്ടിയാണ് മഞ്ജു വാര്യര്‍ക്കും പാര്‍വതിക്കും ലഭിക്കുന്നത്.
നായകന്‍മാരെ അതിശയിപ്പിക്കുന്ന ജനപ്രീതിയുമായി ഒരു പടം ഒറ്റയ്ക്ക് ഷോള്‍ഡര്‍ ചെയ്ത് കോടികളുടെ വരുമാനം സൃഷ്ടിക്കാന്‍ കഴിവുളള ഒരു നായിക നാളെകളില്‍ ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ നയന്‍താരയെ പോലെ ചെറുതല്ലാത്ത ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവരുടെ സിനിമകള്‍ മാത്രമല്ല സ്വകാര്യ യാത്രകള്‍ പോലും ചിത്രീകരിച്ചാല്‍ കോടാനുകോടികള്‍ വില നല്‍കി വാങ്ങാന്‍ തയ്യാറായി ആമസോണ്‍ പോലുളള ആഗോള ഭീമന്‍മാര്‍ കാത്തു നില്‍ക്കുകയാണ്. അപ്പോള്‍ സാഹചര്യം അനുകൂലമായാല്‍ സ്ത്രീയായി എന്നത് ഒരു പരിമിതിയല്ല തന്നെ.
Tags:    

Similar News