നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടോ? ബ്രാന്‍ഡല്ലാത്ത ബ്രാന്‍ഡ് തന്ത്രം പരീക്ഷിക്കാം

വിപണിയില്‍ മുന്നേറാന്‍ ബ്രാന്‍ഡ് വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല, പിന്നെ?

Update:2022-03-28 11:30 IST

ഒരു വസ്ത്രം നിങ്ങളുടെ കണ്ണിലുടക്കുന്നു. മനോഹരമായ, വ്യത്യസ്തമായ ഡിസൈനും നിറങ്ങളും. നിങ്ങള്‍ക്കത് വേണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ നിറയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഭയവുമുണ്ട്. ആ വസ്ത്രത്തിന്റെ വില കൂടുതലായിരിക്കും എന്നാണ് നിങ്ങള്‍ ഭയപ്പെടുന്നത്. കാരണം അതൊരു മികച്ച ബ്രാന്‍ഡഡ് വസ്ത്രമാവും എന്ന് നിങ്ങള്‍ കരുതുന്നു.

തനിക്ക് വാങ്ങാന്‍ കഴിയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ നിങ്ങളാ വസ്ത്രം സ്പര്‍ശിക്കുന്നു. മടിച്ചു മടിച്ച് അതിന്റെ വില നോക്കുന്നു. എന്നാല്‍ ആ വില നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ പോക്കറ്റിന് താങ്ങാന്‍ കഴിയുന്ന വില. അവിശ്വസനീയതയോടെ നിങ്ങള്‍ അതിന്റെ ബ്രാന്‍ഡ് നോക്കുന്നു. എന്നാല്‍ അതില്‍ യാതൊരു വിധ ബ്രാന്‍ഡ് നാമവും രേഖപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട് ഈ ഉല്‍പ്പന്നത്തിനൊരു ബ്രാന്‍ഡ് നാമമില്ല, ലോഗോയില്ല നിങ്ങള്‍ ചിന്തിക്കുന്നു.

ചില കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് നാമം നല്‍കുന്നില്ല. ഒന്നുകില്‍ അവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നു. ഇവിടെ അവര്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തരായ എതിരാളികളാകുന്നു. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വളരെ കുറവാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മയും വൈവിധ്യവുമുണ്ട്. എന്നാല്‍ ചിലപ്പോള്‍ ലോഗോ ഇല്ലാത്ത, ബ്രാന്‍ഡ് നാമം രേഖപ്പെടുത്താത്ത ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലയിലും വില്‍ക്കുന്നു. അവരുടെ ഡിസൈനും, സ്‌റ്റൈലും, മേന്മയും മറ്റുള്ളവരില്‍ നിന്നും വിഭിന്നമാകുന്നു. ബ്രാന്‍ഡില്ലാതെ തന്നെ അവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെക്കാള്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നു.

ലോഗോ ഇല്ലാതെ വില്‍ക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാതാക്കളുടെ ബുദ്ധിയും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നു എന്നാണ് വിപണി കരുതുന്നത്. ബ്രാന്‍ഡ് ഇല്ലാതെ തന്നെ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കാമെന്ന് അര്‍ത്ഥം. പക്ഷേ ഇതിന് ശക്തമായ ആത്മവിശ്വാസം വേണം. ഒന്നുകില്‍ ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ വില്‍ക്കാം അല്ലെങ്കില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാം. രണ്ടിനും ബ്രാന്‍ഡ് ആവശ്യമില്ല. ബ്രാന്‍ഡ് അല്ലാത്ത ബ്രാന്‍ഡ് (no-brand brand) ആയി ഉല്‍പ്പന്നങ്ങള്ക്ക് മാറാം.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിങ്ങള്‍ക്ക് ഇതിന്റെ വിവിധങ്ങളായ ഉദാഹരണങ്ങള്‍ കാണാം. ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റാക്കുകള്‍ ശ്രദ്ധിക്കുക. അവിടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട എല്ലാ ബ്രാന്‍ഡുകളും കാണാം. അതിനൊപ്പം തന്നെ ബ്രാന്‍ഡ് നാമങ്ങളില്ലാത്ത, ലോഗോകളില്ലാത്ത പാക്കറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളും ഉണ്ടാകും. അവയുടെ വില നോക്കുക. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വിലയെക്കാള്‍ കുറഞ്ഞ വിലയാവും അവയ്ക്ക്.

പാക്കിംഗ്, ലേബലിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി ഈ ഉല്‍പ്പന്നങ്ങള്‍ പണം ചെലവഴിക്കുന്നില്ല. വളരെ ലളിതമായ പാക്കിംഗ്. ചെറിയൊരു ലേബല്‍, പരസ്യങ്ങള്‍ ഒന്നുമില്ല. വളരെ നിശബ്ദമായി അവ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. വിലയാണ് അവയുടെ തുറുപ്പുചീട്ട്. മാര്‍ക്കറ്റിങ്ങിനായി പണം ചെലവഴിക്കാതെ അവര്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുമായി വിലയില്‍ മത്സരിക്കുന്നു. ഗുണം ഉപഭോക്താവിന് ലഭിക്കുന്നു.

സംരംഭകന് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരു ബ്രാന്‍ഡ് വേണമെന്നില്ല. ഒരു പേരില്ലാതെ, ലോഗോ ഇല്ലാതെ, മറ്റ് അവകാശ വാദങ്ങള്‍ ഒന്നുമില്ലാതെ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാം. ഉപഭോക്താക്കള്‍ നിത്യോപയോഗത്തിനായി വാങ്ങിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരമൊരു തന്ത്രം ആവശ്യമെങ്കില്‍ സ്വീകരിക്കാവുന്നതാണ്. ഫാഷന്‍ വ്യവസായത്തില്‍ ഉയര്‍ന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാനും ഈ തന്ത്രം ഉപയോഗപ്പെടുത്താം. ഉല്‍പ്പാദകന്റെ ബുദ്ധിയും ആത്മവിശ്വാസവും ഈ തന്ത്രം സ്വീകരിക്കുന്നതില്‍ വളരെ പ്രധാനമാണ്. സംരംഭകന് ചങ്കൂറ്റമുണ്ടോ ബ്രാന്‍ഡ് അല്ലാത്ത ബ്രാന്‍ഡ് (no-brand brand) തന്ത്രം പ്രയോജനപ്പെടുത്താം.


Tags:    

Similar News