ആളുകളെ മയക്കി വീഴ്ത്തും വിദ്യയറിയാം, കച്ചവടം കൂട്ടാന്‍

വാരിവലിച്ചിട്ടല്ല വില്‍പ്പന നടത്തേണ്ടത്. സാധനങ്ങള്‍ ഒരുക്കി വെയ്ക്കുന്നതിലും വേണം കലയുടെ സ്പര്‍ശം

Update: 2022-01-24 04:31 GMT

നിങ്ങള്‍ക്കൊരു ഷര്‍ട്ട് വാങ്ങണം. അതിനായി പ്രിയപ്പെട്ട ബ്രാന്‍ഡിന്റെ ഷോറൂമിലെത്തുകയാണ്. മുന്നില്‍ ചില്ലുകൂട്ടില്‍ മനോഹരമായ ഷര്‍ട്ട് ധരിച്ച ഒരു ആള്‍രൂപം. ആ മാനികിന്‍ (Mannequin) നിങ്ങളെ ആകര്‍ഷിക്കുന്നു. മാനികിനില്‍ നിങ്ങള്‍ നിങ്ങളുടെ പ്രതിരൂപം ദര്‍ശിക്കുന്നു. ആ ഷര്‍ട്ട് നിങ്ങള്‍ ധരിച്ചാല്‍ എങ്ങിനെയിരിക്കും? നിങ്ങളത് മനക്കണ്ണില്‍ കാണുകയാണ്. അത്തരമൊരു ഷര്‍ട്ട് വേണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ ഉണരുന്നു.

ഉല്‍പ്പന്നങ്ങള്‍ ഭംഗിയായി, ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് ഉപഭോക്താവിന്റെ ശ്രദ്ധയെ ഉല്‍പ്പന്നത്തിലേക്ക് വലിച്ചടുപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ഷോറൂമില്‍ ഉല്‍പ്പന്നം വെറുതെ അടുക്കിവെച്ചാല്‍ പോര. ഉപഭോക്താവില്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന രീതിയില്‍ അത് പ്രദര്‍ശിപ്പിക്കണം. ജ്വല്ലറിയില്‍ ആഭരണങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. ചില്ലുകൂട്ടില്‍ വെറുതെ തൂക്കിയിടുക മാത്രമല്ല മറിച്ച് വ്യത്യസ്ത പ്രദര്‍ശന മാര്‍ഗ്ഗങ്ങള്‍ അവര്‍ അവലംബിക്കുന്നു.

നിങ്ങളൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നു. നിങ്ങളുടെ നോട്ടം ആദ്യം ചെന്നെത്തുന്നത് കണ്ണുകളുടെ നിരപ്പില്‍ (Level) ഇരിക്കുന്ന ഉല്‍പ്പന്നങ്ങളിലേക്കായിരിക്കും. നിങ്ങള്‍ അന്വേഷിക്കുന്ന ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഏറ്റവും പിന്നിലുള്ള റാക്കുകളിലായിരിക്കും. നിങ്ങള്‍ ചുറ്റി നടന്ന് മറ്റുല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന റാക്കുകള്‍ കടന്നുവേണം ഗ്രോസറിക്കരികിലെത്താന്‍.

വഴിയോരങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടിയിട്ട് വില്‍ക്കുന്നത് പോലെയല്ല ഷോറൂമുകളില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എത്രമാത്രം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് ഓരോ ഉല്‍പ്പന്നവും പ്രദര്‍ശിപ്പിക്കുന്നത്. ഉല്‍പ്പന്നങ്ങളില്‍ വീഴുന്ന വെളിച്ചത്തിന്റെ നിറവും സാന്ദ്രതയും പോലും എത്ര കൃത്യമായാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ഹൃദയം കവരുന്ന അവതരണം ഓരോ ഉല്‍പ്പന്നത്തിനും നല്‍കാന്‍ ഇന്ന് ബിസിനസുകള്‍ ശ്രദ്ധിക്കുന്നു.

കടയിലേക്ക് കടന്നുവരുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ യാത്ര ആരംഭിക്കുന്നത് മിക്കവാറും ഇടതു വശത്തുകൂടെയായിരിക്കും. ഉപഭോക്താക്കളെ കൂടുതല്‍ നേരം കടയില്‍ ചെലവിടാന്‍ പ്രേരിപ്പിക്കുവാന്‍ എങ്ങിനെ സാധിക്കും? സംഗതി വളരെ ലളിതമാണ് അവരെ വലതു വശത്തുകൂടി നയിക്കുവാന്‍ കഴിയണം. ഇതിനായി കടയുടെ ലേഔട്ട് ആ രീതിയില്‍ ഒരുക്കേണ്ടതുണ്ട്.

ബിസിനസിലെ കാഴ്ചകളെ ആകര്‍ഷകമായ രീതിയില്‍ ഒരുക്കുക എന്നത് ഒരു കലയാണ്. വിഷ്വല്‍ മെര്‍ച്ചഡൈസിംഗ് (Visual Merchandising) ബിസിനസിനെ വിജയത്തിലെത്തിക്കുന്നതില് വലിയൊരു പങ്ക് വഹിക്കുന്നു. കേവലം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം (Display) മാത്രമല്ല ഷോറൂമിന്റെ ലേഔട്ട്, ഇന്റീരിയര്‍, ഗ്രാഫിക്‌സ്, ലൈറ്റിംഗ്, ഗന്ധം തുടങ്ങിയവയെല്ലാം വിഷ്വല്‍ മര്‍ക്കഡൈസിംഗിന്റെ ഭാഗമാകുന്നു. ഉപഭോക്താവിന് അസാധാരണങ്ങളായ അനുഭവങ്ങള്‍ (Experience) നല്‍കുവാന്‍ ഇതുമൂലം സാധിക്കുന്നു.

നിങ്ങള്‍ ഉല്‍പ്പന്നങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞു. ബില്ലടക്കുവാന്‍ ക്യൂ നില്‍ക്കുമ്പോള്‍ അതാ ധാരാളം ചോക്ലേറ്റുകള്‍ കൗണ്ടറിനരികില്‍ നിരന്നിരിക്കുന്നു. ആ കാഴ്ച നിങ്ങളെ ആകര്‍ഷിക്കുന്നു. നിങ്ങളില്‍ ശക്തമായ പ്രലോഭനം ഉളവാക്കുവാന്‍ അവ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്തിന് കഴിഞ്ഞിരിക്കുന്നു. ഇതൊരു യാദൃശ്ചികത മാത്രമാണോ? ഒരിക്കലുമല്ല വ്യക്തമായ കണക്കുകൂട്ടലുകളോടെ തന്നെയാണ് അവയുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്.

ഓരോ ഉല്‍പ്പന്നങ്ങളുടെയും സ്ഥാനം, അവയുടെ പ്രദര്‍ശനം, ഉപഭോക്താവും ഉല്‍പ്പന്നവും തമ്മിലുള്ള അകലം, കാഴ്ച ഇവയെല്ലാം കൃത്യമായി പരിഗണിച്ചുകൊണ്ട് വളരെ സൂക്ഷ്മമായാണ് ഓരോ ഷോറൂമും അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ഡയമണ്ട് പ്രദര്‍ശിപ്പിക്കുന്ന അതേ ശ്രദ്ധയോടെ തന്നെയാണ് ചെരുപ്പും ഉടുപ്പും പച്ചക്കറിയും പ്രദര്‍ശിപ്പിക്കുന്നത്. ഓരോന്നിനും വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ ആണെന്നു മാത്രം.

ഷോറൂമിന്റെ ഓരോ ഇഞ്ച് സ്ഥലവും പ്രധാനപ്പെട്ടതാണ്. മുക്കിലും മൂലയിലും ഉപഭോക്താക്കളുടെ കണ്ണുകളെത്തുന്നു. ഉപഭോക്താക്കളുടെ മനം കവരുന്ന രീതിയിലാണോ ഷോറൂം അണിയിച്ചൊരുക്കിയിട്ടുള്ളത്, ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ബിസിനസില്‍ പുതിയൊരു ഉണര്‍വ്വും താളവും ഊര്‍ജ്ജവും കൊണ്ടുവരാന്‍ വിഷ്വല്‍ മെര്‍ച്ചഡൈസിംഗിന് (Visual Merchandising) സാധിക്കും.

Tags:    

Similar News