നിങ്ങളുടെ ബ്രാന്‍ഡിനുണ്ടോ ഈ മാന്ത്രികശേഷി?

ജനങ്ങളെ വലിച്ചടുപ്പിക്കാനുള്ള വല്ലാത്ത കഴിവുണ്ടോ നിങ്ങളുടെ ബ്രാന്‍ഡിന്

Update:2021-10-25 12:17 IST

പട്ടണത്തില്‍ എ ആര്‍ റഹ്്മാന്റെ സംഗീത പരിപാടി വരുന്നു. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു. എങ്ങും ഈ പരിപാടിയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍, ചര്‍ച്ചകള്‍. പൂവിലേക്ക് ആകൃഷ്ടരാകുന്ന വണ്ടുകള്‍ പോലെ ആളുകള്‍ ഈ സംഗീത പരിപാടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആരും അവരെ നിര്‍ബന്ധിക്കുന്നതേയില്ല. സംഗീത ആസ്വാദകര്‍ പരിപാടി കാണുവാനും കേള്‍ക്കുവാനും ഇടിച്ചു കയറുകയാണ്. സ്‌റ്റേഡിയം നിറഞ്ഞു കവിയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലീസ് പെടാപ്പാടു പെടുന്നു.

എ ആര്‍ റഹ്.മാന്‍ എന്ന പേര് മാത്രം മതി സംഗീത പരിപാടിയിലേക്ക് ആരാധകര്‍ പാഞ്ഞടുക്കുവാന്‍. എ ആര്‍ റഹ്്മാന്‍ എന്ന ബ്രാന്‍ഡ്! സംഗീത ആസ്വാദകര്‍ക്കിടയില്‍ അത്രമാത്രം പരിചിതമാണ്. ആ പേര് വിപണിയില്‍ ചെലുത്തുന്ന സ്വാധീനം അതിശക്തമാകുന്നു. ഉപഭോക്താക്കളെ തന്നിലേക്ക് വലിച്ചടുപ്പിക്കുവാന്‍ ആ ബ്രാന്‍ഡിന് എളുപ്പം സാധിക്കുന്നു. ആരുടേയും നിര്‍ബന്ധമില്ലാതെ, പ്രേരണയില്ലാതെ ആ ബ്രാന്‍ഡിനെ അവര്‍ പിന്തുടരുന്നു.

നിങ്ങള്‍ ടെലിവിഷനില്‍ ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം നിരന്തരം കാണുകയാണ്. പത്രമെടുത്ത് നോക്കുമ്പോള്‍ അവിടേയും ഈ ഉല്‍പ്പന്നത്തിന്റെ പരസ്യം. അങ്ങിനെ നോക്കുന്നിടത്തെല്ലാം പരസ്യം തന്നെ. ഉല്‍പ്പന്നം വാങ്ങുവാന്‍ നിങ്ങളെ ഈ പരസ്യങ്ങള്‍ പ്രേരിപ്പിക്കുകയാണ്. പരസ്യങ്ങള്‍ പിന്നില്‍ നിന്നും തള്ളുകയാണ്. പോകൂ, പോകൂ നിങ്ങള്‍ ഈ ഉല്‍പ്പന്നം വാങ്ങൂ. അവ നിങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഇതൊരു പുഷ് സ്ട്രാറ്റജിയാണ് (Push Strategy).

ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുകയാണ്. വലിയ കോലാഹലങ്ങളൊന്നുമില്ല. തകര്‍ത്തു പിടിച്ച പരസ്യങ്ങളില്ല. വളരെ സൗമ്യമായി, ശാന്തമായി ഐ ഫോണ്‍ വിപണിയിലേക്ക് കടന്നുവരുന്നു. ലോക വിപണിയില്‍ ശക്തമായ ചലനം സൃഷ്ടിച്ചു കൊണ്ട് റെക്കോര്‍ഡ് ന വില്‍പ്പന നടക്കുന്നു. പുതിയ മോഡലുകള്‍ വിപണിയിലേക്ക് കടന്നു വരുന്ന ഓരോ സന്ദര്‍ഭത്തിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. പുതിയ മോഡലുകള്‍ പുറത്തിറങ്ങുവാന്‍ ഓരോ ഐ ഫോണ്‍ പ്രേമിയും കാത്തിരിക്കുന്നു. ഇറങ്ങുന്ന നിമിഷം തന്നെ അത് സ്വന്തമാക്കുവാന്‍ മത്സരിക്കുന്നു.

എ ആര്‍ റഹ്മാന്റെ പേരും ആപ്പിളിന്റെ പേരും വിപണിയില്‍ ഉണര്‍ത്തുന്ന വികാരമെന്താണ്? യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ വാങ്ങുന്നതെന്താണ്? ആരുടേയും നിര്‍ബന്ധം കൂടാതെ നിങ്ങള്‍ ഈ ഉല്‍പ്പന്നങ്ങള്‍ തേടിപ്പോകുന്നത് എന്തുകൊണ്ടാണ്? ഈ ബ്രാന്‍ഡുകളിലേക്ക് നിങ്ങളെ വലിച്ചടുപ്പിക്കുന്നതെന്താണ്? ആരും നിങ്ങളെ തള്ളിയിടുന്നില്ല മറിച്ച് ബ്രാന്‍ഡ് നിങ്ങളെ വലിച്ചടുപ്പിക്കുകയാണ്. ഇത് ബ്രാന്‍ഡുകളുടെ ശക്തിയാണ്. നിങ്ങളുടെ ബ്രാന്‍ഡ് ഈ പുള്‍ സ്ട്രാറ്റജി പരീക്ഷിക്കുന്നുണ്ടോ?

ബ്രാന്‍ഡ് കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടു കൂടി ഉപഭോക്താക്കള്‍ ബ്രാന്‍ഡിലേക്ക് നിരന്തരം ആകര്‍ഷിക്കപ്പെടും. ആ ബ്രാന്‍ഡിന്റെ കീഴില്‍ വരുന്ന ഉല്‍പ്പന്നങ്ങളെ അവര്‍ തേടി നടക്കും. അവരെത്തേടി ഉല്‍പ്പന്നം നടക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. ഉല്‍പ്പന്നത്തിന് തന്നിലേക്ക് ഉപഭോക്താക്കളെ വലിച്ചടുപ്പിക്കുവാനുള്ള കാന്തികശക്തി ലഭിക്കുന്നു. ബ്രാന്‍ഡിനെ ഉപഭോക്താക്കള്‍ കണ്ണുമടച്ചു വിശ്വസിക്കാന്‍ തുടങ്ങുന്നു.

പരസ്യങ്ങള്‍ക്കായി ഭീമമായ തുക ചെലവഴിക്കാതെ തന്നെ വില്‍പ്പന ഉറപ്പുവരുത്തുവാന്‍ ഇത്തരം ബ്രാന്‍ഡുകള്‍ക്ക് സാധിക്കുന്നു. ബ്രാന്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ മേന്മയും (Quality), മൂല്യവും (Value) അത്രമാത്രം വലുതാണ്. ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്ന വിശ്വാസ്യത ഈ തന്ത്രത്തിന്റെ അടിസ്ഥാനശിലയാണ്. സ്ഥിര നിലവാരം പുലര്‍ത്തുകയും തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്രാന്‍ഡുകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുകയും യാതൊരു വിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഉല്‍പ്പന്നങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു. പുള്‍ സ്ട്രാറ്റജി ഒരു സമ്മര്‍ദ്ദ തന്ത്രമേയല്ല. അത് ബ്രാന്‍ഡിലേക്ക് ഉപഭോക്താക്കളെ വലിച്ചടുപ്പിക്കുന്ന ആകര്‍ഷണ തന്ത്രമാണ്.


Tags:    

Similar News