കുറച്ച് നല്‍കി കൂടുതല്‍ നേടുന്ന കിടിലന്‍ തന്ത്രം!

കുറച്ചുപേര്‍ക്കേ കിട്ടൂ എന്നറിയുന്നതെന്തും തിരക്കിട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യപ്രകൃതിയെ കച്ചവടം കൂട്ടാനുള്ള വഴിയാക്കാം

Update:2021-12-06 11:45 IST

ക്ലബ്ഹൗസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എത്ര വേഗമാണ് നമുക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ജനകീയമാകുകയും ചെയ്തത്. കോവിഡ് കാലഘട്ടത്തില്‍ അടച്ചുപൂട്ടിയിരിക്കേണ്ട അനിവാര്യതയിലേക്ക് നാമെത്തിയപ്പോള്‍ ക്ലബ്ഹൗസ് എല്ലാവര്‍ക്കും ഒത്തുകൂടാനും പരസ്പരം കേട്ടു മുട്ടുവാനുമുള്ള വലിയൊരു വേദിയായി മാറി.

ക്ലബ്ഹൗസിലേക്കുള്ള ആദ്യ പ്രവേശനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആരുടെയെങ്കിലും ക്ഷണം ലഭിച്ചാല്‍ മാത്രമേ ക്ലബ്ഹൗസില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ക്ലബ്ഹൗസിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് ഒരു അംഗീകാരമായി കരുതിയിരുന്നു. അങ്ങിനെ ക്ഷണം ലഭിച്ച് ജോയിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിയിരുന്നു. തങ്ങള്‍ക്കെന്തോ പ്രത്യേക പരിഗണന ലഭിച്ചു എന്ന തോന്നല്‍ അതുളവാക്കുമായിരുന്നു.

ഇന്‍വിറ്റേഷന്‍ വഴി ആപ്ലിക്കേഷനിലേക്ക് പ്രവേശനം അനുവദിച്ച ആ തന്ത്രം കിടിലമായിരുന്നു. ഉല്‍പ്പന്നം കുറച്ചു പേര്‍ക്ക് മാത്രം ലഭ്യമാകുന്നു എന്ന് കരുതുക. ആ പ്രത്യേക വിഭാഗത്തോട് മറ്റുള്ളവര്‍ക്ക് അസൂയ തോന്നും. അവര്‍ക്കെന്തോ വിശേഷപ്പെട്ട അംഗീകാരം ലഭിച്ചതായി ചിന്തിക്കും. മനുഷ്യസഹജമായ ഇത്തരമൊരു വിചാരത്തെ, വികാരത്തെ മുതലെടുക്കുന്ന ഈ മാര്‍ക്കറ്റിംഗ് തന്ത്രമാണ് സ്‌കേഴ്‌സിറ്റി മാര്‍ക്കറ്റിംഗ് (Scarcity Marketing).

ഒരു പ്രത്യേക ഉല്‍പ്പന്നം കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് തോന്നിയാല്‍ അത് കയ്യടക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം ഉപഭോക്താവിന്റെ മനസ്സില്‍ ഉടലെടുക്കും. ഇത് സ്വാഭാവികമായ ഒരു ആന്തരിക പ്രതികരണം മാത്രമാണ്. ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങളോടുള്ള കമ്പം നോക്കുക. ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് എണ്ണത്തില്‍ കുറവായിരിക്കും. എന്നാല്‍ അവയ്ക്കുള്ള ആവശ്യകത നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തെക്കാള്‍ എത്രയോ മടങ്ങായിരിക്കും.

ഇവിടെ ഉല്‍പ്പന്നത്തിന് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയാണ്. നേടാന്‍ ബുദ്ധിമുട്ടുള്ള ഒന്ന് നേടിയെടുക്കുക ഒരു ത്രില്ലാണ്. സിറ്റിയില്‍ വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കുന്നു. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അതില്‍ പങ്കെടുക്കുന്നവരെ ഇന്‍വിറ്റേഷന്‍ ലഭിക്കാത്തവര്‍ അസൂയയോടെ വീക്ഷിക്കുന്നു. അതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍, തന്നെ ക്ഷണിച്ചിരുന്നെങ്കില്‍ എന്നൊക്കെ വിചാരിച്ചു വിഷമിക്കുന്നു. അത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് അഭിമാനകരമെന്ന് വിശ്വസിക്കുന്നു.

വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലേക്ക് കടന്നു വന്നത് ഓര്‍മ്മയില്ലേ? അവ മൊബൈല്‍ സ്റ്റോറുകളില്‍ ലഭ്യമായിരുന്നില്ല. പ്രത്യേക ഇന്‍വിറ്റേഷന്‍ ലഭിച്ചാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് വണ്‍ പ്ലസ് ഫോണുകള്‍ വാങ്ങുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. അന്നേവരെ ഒരു ഉല്‍പ്പന്നം ഇത്തരത്തില്‍ വാങ്ങുന്ന രീതി ഉപഭോക്താക്കള്‍ക്ക് പരിചിതമായിരുന്നില്ല. സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ഫോണ്‍ നോക്കി തിരഞ്ഞെടുക്കുക എന്ന അവസരം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കപ്പെട്ടു. ഇത് ഉപഭോക്താക്കളില്‍ ആകാംക്ഷ നിറച്ചു. അവര്‍ക്ക് ഇതെന്തോ വിശേഷപ്പെട്ട ഫോണായി തോന്നി. ഉപഭോക്താക്കള്‍ ഫോണിനെക്കുറിച്ചറിയാന്‍ തിരക്കുകൂട്ടി. വണ്‍ പ്ലസ് വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 25 മില്യണ്‍ ഉപഭോക്താക്കളാണ് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. ഏകദേശം ഒരു മില്യണ്‍ ഫോണുകളാണ് ഈ തന്ത്രം വഴി വിറ്റഴിക്കപ്പെട്ടത്.

ഹോട്ടല്‍ ബുക്കിംഗ് വെബ്‌സൈറ്റുകള്‍ നോക്കൂ. വളരെ കുറഞ്ഞ എണ്ണം മുറികളായിരിക്കും പല ഹോട്ടലുകളിലും ഒഴിവുള്ളതായി കാണിക്കുക. ഇത് പെട്ടെന്ന് ആവശ്യകത വര്‍ദ്ധിപ്പിക്കും. വളരെ വേഗം ബുക്കിംഗ് തീരുന്ന ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യാന്‍ ആവശ്യക്കാര്‍ തിരക്കു കൂട്ടും. ലഭ്യത കുറച്ച് ആവശ്യകത വര്‍ദ്ധിപ്പിക്കുന്ന സ്‌കേഴ്‌സിറ്റി മാര്‍ക്കറ്റിംഗ് (Scarcity Marketing) തന്ത്രം തന്നെയാണ് ഇത്തരം ബിസ്സിനസുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത്.

മോണാലിസ എന്ന പെയിന്റിംഗ് നോക്കുക. അത്തരം ഒരേയൊരു പെയിന്റിംഗ് മാത്രമേ ഈ ഭൂമിയിലുള്ളൂ. ഈ അപൂര്‍വ്വത അതിന്റെ മൂല്യം ഉയര്‍ത്തുന്നു. അപൂര്‍വ്വമായതിനെ നേടാന്‍ മനുഷ്യന് എപ്പോഴും തീവ്രമായി ആഗ്രഹിക്കുന്നു. അതിനായി എന്തു ത്യാഗവും സഹിക്കുവാന്‍ തയ്യാറാകുന്നു. എന്ത് വിലയും നല്‍കാന്‍ മടിക്കുകയുമില്ല. ഇത് തന്നെയാണ് സ്‌കേഴ്‌സിറ്റി മാര്‍ക്കറ്റിംഗ് (Scarcity Marketing) തന്ത്രത്തിന്റെ മനഃശാസ്ത്രം.


Tags:    

Similar News