നിങ്ങളുടെ മൊബൈലില്‍ ഒരു മെസ്സേജ് ലഭിക്കുന്നു. പ്രശസ്തമായൊരു വസ്ത്ര ബ്രാന്‍ഡ് അവരുടെ ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചിരിക്കുന്ന വിവരമാണ് ആ മെസ്സേജില്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ ആകര്‍ഷകമായ ഓഫറുകള്‍. ഇത് നല്ലൊരു അവസരമാണ് മനസ്സ് മന്ത്രിക്കുന്നു, 'ഈ അവസരം പാഴാക്കിക്കൂടാ', നിങ്ങള്‍ തീരുമാനിക്കുന്നു.
ഇടക്കിയ്ടക്ക് ഇത്തരം ഓഫറുകള്‍ നിങ്ങളെത്തേടി എത്താറുണ്ട്. പ്രമുഖ വസ്ത്ര ബ്രാന്‍ഡുകള്‍ മാത്രമല്ല സാധാരണ ബ്രാന്‍ഡുകളും ഇത്തരം ക്ലിയറന്‍സ് സെയിലില്‍ ഏര്‍പ്പെടാറുണ്ട്. വലിയ വിലയ്ക്ക് മാത്രം ലഭിക്കുന്ന വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇത്തരം അപൂര്‍വ്വ അവസരങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്താറുമില്ല.
പുതിയ സ്റ്റോക്കുകള്‍ക്ക് ഇടം കണ്ടെത്താം
''50 % വരെ വിലക്കുറവ്'' റീറ്റെയ്ൽ സ്റ്റോറുകള്‍ ക്ലിയറന്‍സ് സെയിലിനായി സാധാരണ പ്രയോഗിക്കാറുള്ള പരസ്യ വാചകമാണ്. ഈ സമയങ്ങളില്‍ ആളുകള്‍ ഷോപ്പില്‍ ഇടിച്ചു കയറും. ഇരിക്കുന്ന പഴയ സ്റ്റോക്ക് മുഴുവന്‍ വിറ്റുതീരും. പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ ഷോപ്പില്‍ പുതിയ സ്റ്റോക്ക് എത്തുന്നു. സീസണ്‍ തീരുമ്പോള്‍ വീണ്ടും ക്ലിയറന്‍സ് സെയില്‍ ആവര്‍ത്തിക്കപ്പെടുന്നു.
വസ്ത്രങ്ങളുടെ കാര്യമെടുത്താല്‍ പാശ്ചാത്യ നാടുകളില്‍ (Western Countries) വര്‍ഷത്തില്‍ നാല് തവണയാണ് ക്ലിയറന്‍സ് സെയില്‍ നടത്താറുള്ളത്. ഇന്ത്യയില്‍ ഇത് പ്രധാനമായും രണ്ട് തവണയാണ് നടക്കുന്നത്. ഒരു സീസണ്‍ കഴിഞ്ഞാലും അടുത്ത സീസണില്‍ ഉപയോഗിക്കാവുന്ന വസ്ത്ര ശേഖരങ്ങളാണ് ഇന്ത്യയില്‍ കൂടുതലും നിര്‍മ്മിക്കുന്നത്. വിദേശങ്ങളില്‍ കാണുന്ന പോലെ മുഴുവന്‍ സ്റ്റോറിലെ ശേഖരങ്ങളും ഇന്ത്യയില്‍ വിറ്റുതീര്‍ക്കാത്തത് ഇതു മൂലമാണ്. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട് തിരഞ്ഞെടുത്ത വസ്ത്ര ശേഖരങ്ങളില്‍ മാത്രമാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. എല്ലാ വസ്ത്രങ്ങള്‍ക്കും ഇത് ലഭ്യമല്ല.
വേനല്‍ക്കാലം തണുപ്പുകാലം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ഇന്ത്യയില്‍ ക്ലിയറന്‍സ് സെയില്‍ പ്ലാന്‍ ചെയ്യുന്നത്. ചിലപ്പോള്‍ ഓണം, ദീപാവലി തുടങ്ങിയ ചില ആഘോഷങ്ങള്‍ക്ക് ശേഷവും ക്ലിയറന്‍സ് സെയില്‍ നടത്താറുണ്ട്. തങ്ങളുടെ സ്റ്റോക്കിന്റെ പ്രകൃതമനുസരിച്ച് സ്റ്റോറുകള്‍ ഇത് പ്ലാന്‍ ചെയ്യുന്നു. സ്റ്റോര്‍ ഒന്ന് ശുദ്ധീകരിച്ച് പുതിയ സ്റ്റോക്കിന് ഇടം നല്‍കാന്‍ ക്ലിയറന്‍സ് സെയിലിനെ ഇവര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നു.
ഓഫറൊന്നു മാറ്റിപിടിക്കാം
വലിയ വില നല്‍കേണ്ടി വരുന്ന ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നതിന്റെ ആകര്‍ഷണീയത വലുതാണ്. ചിലപ്പോള്‍ വ്യത്യസ്തമായ ഓഫറുകളും കാണാം. രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം ഫ്രീ അല്ലെങ്കില്‍ ഒന്നിന് ഒന്ന് ഫ്രീ തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉപഭോക്താവിനെ വലയില്‍ വീഴ്ത്തും. ഇത്തരം പ്രലോഭനങ്ങളെ തടുക്കുക എളുപ്പമല്ല. സ്റ്റോറിന് തങ്ങളുടെ സ്റ്റോക്ക് വിറ്റു തീരുന്നു, ഉപഭോക്താവിന് ലാഭത്തില്‍ ഉല്‍പ്പന്നം വാങ്ങുവാന്‍ കഴിയുന്നു. രണ്ടു പേര്‍ക്കും സന്തോഷിക്കുവാന്‍ ഇനിയെന്തു വേണം.
റീറ്റയില്‍ സ്റ്റോറുകള്‍ക്ക് ചിലപ്പോള്‍ ഇതൊരു കെണിയായി മാറാം. തുടര്‍ച്ചയായി ക്ലിയറന്‍സ് സെയില്‍ നടത്തിയാല്‍ വെറുമൊരു ഡിസ്‌കൗണ്ട് സ്റ്റോര്‍ ആയി അവരെ ഉപഭോക്താക്കള്‍ കാണുവാനുള്ള സാധ്യത കൂടുതലാണ്. ഇത് ബ്രാന്‍ഡിനെ പ്രതികൂലമായി ബാധിക്കും. ഉപഭോക്താക്കള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്കായി മാത്രം കാത്തിരിക്കും. അതുകൊണ്ട് വളരെ പ്ലാന്‍ ചെയ്തു മാത്രമേ ക്ലിയറന്‍സ് സെയിലുകള്‍ അവര്‍ നടത്താറുള്ളൂ. ഇതിനായി ബ്രാന്‍ഡുകള്‍ പരീക്ഷിക്കുന്ന ചില തന്ത്രങ്ങളുണ്ട്. ഒരുമിച്ചു വാങ്ങുമ്പോള്‍ ലഭിക്കുന്ന ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് സ്റ്റോക്ക് വിറ്റു തീര്‍ക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. റിലയന്‍സ് ട്രെന്‍ഡ്‌സ് ഇത്തരം ഓഫറുകള്‍ നല്‍കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും.
സ്‌റ്റോറുകള്‍ക്ക് പുറത്തും വില്‍പ്പന
മൾട്ടിബ്രാൻഡ് ഔട്ട്ലെറ്റ് (Multi-Brand Outlets /MBO) പോലെയല്ല പ്രത്യേക ബ്രാൻഡ് ഔട്ട്ലെറ്റ് ( Exclusive Brand Outlets /EBO) ക്ലിയറന്‍സ് സെയിലിനെ കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ സ്വന്തം സ്റ്റോറുകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്താന്‍ പ്രത്യേക ബ്രാൻഡ് ഔട്ട്ലെറ്റ് മടിക്കുന്നത് നിങ്ങള്‍ക്ക് കാണാം. അവര്‍ ഇതിനായി പുറമേയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നു. അരവിന്ദ് ഗാര്‍മെന്റ്‌സ് മെഗാമാർട്ട് സ്റ്റോറുകളാണ് ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. മറ്റു ചിലർ ക്ലിയറന്‍സ് സെയിലിനു വേണ്ടി ഹാളുകളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നു.
മൾട്ടിബ്രാൻഡ് ഔട്ട്ലെറ്റുക ഇതിന് നേരെ വിപരീതമായി തങ്ങളുടെ സ്റ്റോറുകളില്‍ തന്നെ ക്ലിയറൺസ് സെയില് നടത്താന് താല്പ്പര്യപ്പെടുന്നു. ഇത് കൂടുതല്‍ ഉപഭോക്താക്കളെ സ്റ്റോർ സന്ദർശിക്കുവാൻ പ്രേരിപ്പിക്കുമെന്നും പിന്നീട് അത് വില്പ്പനയെ സഹായിക്കുമെന്നവർ കണക്കുകൂട്ടുന്നു.
ലാഭത്തിലുള്ള നഷ്ടം
ഒരു സീസണ്‍ കഴിഞ്ഞാല്‍ മറ്റൊരു സീസണില്‍ വിറ്റുപോകാന്‍ സാധ്യതയില്ലാത്ത വസ്ത്രങ്ങള്‍ സ്റ്റോറില്‍ നിന്നും ഒഴിച്ചെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഷെല്‍ഫില്‍ കൂടുതല്‍ കാലമായി ഇരിക്കുന്ന സ്റ്റോക്ക്, പഴയ ഫാഷനിലുള്ളവ, കേടുപാടുകള്‍ പറ്റാന്‍ സാധ്യതയുള്ളവ ഇവയൊക്കെ ക്ലിയറന്‍സ് സെയിലിലൂടെ വിറ്റെടുക്കുന്നു.
സ്‌കൂള്‍ സീസണില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുടക്കത്തിലുള്ള വിലയാവില്ല സീസണ്‍ കഴിയാറാകുമ്പോള്‍ ഈടാക്കുക. സീസണ്‍ അവസാനിക്കാറാകുമ്പോഴേക്കും ഉല്‍പ്പന്നങ്ങളുടെ വില വല്ലാതെ താഴും. എങ്ങനെയെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിറ്റുതീരണം. അല്ലെങ്കില്‍ അടുത്ത സീസണിലേക്ക് ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക സാധ്യമല്ല. ഇതിനായി സീസണ്‍ മുന്നോട്ടു പോകവേ ഉല്‍പ്പന്നങ്ങളുടെ വില പടിപടിയായി കുറച്ചു കൊണ്ടുവരുന്നു (Markdown).
സ്റ്റോക്ക് അനാവശ്യമായി സൂക്ഷിച്ചുകൊണ്ട് പോകുന്നത് നഷ്ടമായിത്തീരും എന്നത് കൊണ്ടാണ് റീറ്റെയ്ൽ സ്റ്റോറുകള്‍ ക്ലിയറന്‍സ് സെയിലിന് മുതിരുന്നത്. 'Dead Stock' ഒഴിവാക്കാന്‍ ഇത് അവരെ സഹായിക്കുന്നു. പൂര്‍ണ്ണ നഷ്ടത്തെക്കാള്‍ നല്ലതാണ് ലാഭത്തിലുള്ള നഷ്ടം. ബ്രാന്‍ഡിന്റെ മൂല്യത്തിന് ഇടിവ് തട്ടാതെ ഒരു ഡിസ്‌കൗണ്ട് സ്റ്റോര്‍ എന്ന മുദ്ര ചാര്‍ത്തപ്പെടാതെ ക്ലിയറന്‍സ് സെയില്‍ ബുദ്ധിപരമായി പ്ലാന്‍ ചെയ്യേണ്ടതുണ്ട്.