സോഷ്യല്‍ മീഡിയയുടെ ദൂഷ്യവശങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില മാര്‍ഗങ്ങൾ

സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കൂ

Update: 2021-04-04 02:30 GMT

സോഷ്യല്‍ മീഡിയ നിരുപദ്രവകാരിയായ വിനോദമാണെന്ന് തോന്നാം. അതിന് നേട്ടങ്ങളേറെയുണ്ട് എന്നത് ശരിയാണ്, അതല്ലെങ്കില്‍ ലോകമെമ്പാടുമുള്ള ശതകോടിയാളുകള്‍ ഇത് ഉപയോഗിക്കില്ല.

എന്നാല്‍ നിലവില്‍ നിങ്ങള്‍ അതില്‍ ചെലവഴിക്കുന്ന സമയത്തിന് തുല്യമായ മൂല്യം അത് നല്‍കുന്നുണ്ടോ? ഈ ലേഖനം വായിച്ചതിനു ശേഷം അത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു.
സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഒരു കാര്യം മാത്രമേ ആവശ്യമുള്ളൂ - നിങ്ങളുടെ ശ്രദ്ധ. എന്തുകൊണ്ട്? അതിലൂടെയാണ് അവര്‍ പണമുണ്ടാക്കുന്നത്. നിങ്ങളതില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പരസ്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാനാകും. കഴിയുന്നത്ര അവരുടെ പ്ലാറ്റ്‌ഫോമില്‍ നിങ്ങളെ നിര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. ഉപയോക്താക്കളില്‍ സോഷ്യല്‍ മീഡയയില്‍ ആസക്തിയുണ്ടാക്കുന്നതിനുള്ള നടപടികളെല്ലാം അവരെടുക്കുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ വീണ്ടും വീണ്ടും അവിടെയെത്തുന്നു.
പല പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളും അറ്റന്‍ഷന്‍ എന്‍ജിനീയര്‍ എന്ന പേരില്‍ ആളുകളെ നിയമിക്കുക പോലും ചെയ്യുന്നുണ്ട്. അവര്‍ ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രങ്ങളുടെ (കസീനോ) തത്വങ്ങള്‍ ആളുകളില്‍ ആസക്തിയുണ്ടാക്കാന്‍ കഴിയുന്നത്ര ഉപയോഗിക്കുന്നു.
മനുഷ്യരിലെ പ്രലോഭനീയത ചൂഷണം ചെയ്യാവുന്ന തരത്തിലാണ് ഫേസ്ബുക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഫേസ്ബുക്ക് മുന്‍ പ്രസിഡന്റ് ഷോണ്‍ പാര്‍ക്കര്‍ ഒരിക്കല്‍ തുറന്നു സമ്മതിക്കുകയുണ്ടായി. 'നിങ്ങളുടെ സമയവും ശ്രദ്ധയും പരമാവധി എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയോടെയാണ് സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.'
സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് ശരിയായ ബോധ്യം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത വിധത്തില്‍ പല വഴികളില്‍ നിങ്ങളെയത് ബാധിക്കുന്നു.
സോഷ്യല്‍ മീഡിയാ ഉപയോഗം നിങ്ങളെ ബാധിച്ചേക്കാവുന്ന വ്യത്യസ്തങ്ങളായ അഞ്ച് വഴികളിതാ...
നിങ്ങളുടെ സമയം ഹൈജാക്ക് ചെയ്യുന്നു
ഡിജിറ്റല്‍ ഉപയോക്താക്കള്‍ ദിവസവും 2.5 മണിക്കൂറിനടുത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിനും മെസേജുകള്‍ക്കുമായി ചെലവിടുന്നുണ്ടെന്നാണ് ഗ്ലോബല്‍ വെബ് ഇന്‍ഡക്‌സ് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആളുകളില്‍ ആസക്തിയുണ്ടാക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നതിനാല്‍ അത് നമ്മുടെ കുറേ സമയം അപഹരിക്കുന്നതില്‍ അത്ഭുതമില്ല.
മെസേജ് പരിശോധിക്കുന്നതിനായിട്ടാണ് മിക്കപ്പോഴും നിങ്ങള്‍ ഫോണ്‍ കൈയിലെടുക്കുന്നതെങ്കിലും അറിയാതെ അതില്‍ തുടരുന്നു. അരമണിക്കൂറിനു ശേഷം ഇത്രയും സമയം എങ്ങനെ പോയി എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം.
തലച്ചോറിനെ സോഷ്യല്‍ മീഡിയ ഏതു തരത്തിലാണ് ബാധിക്കുക എന്ന് പഠിച്ചു കൊണ്ടിരിക്കുന്ന ന്യൂറോസയന്റിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്, മെസേജുകളും ലൈക്കുകളും വരുമ്പോള്‍ നമ്മളിലുണ്ടാകുന്നത് ചൂതാട്ടത്തിനോടും മയക്കുമരുന്നിനോടും തോന്നുന്ന പ്രതികരണമാണെന്നും അതുകൊണ്ടാണ് വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ ഇടയാക്കുന്നതെന്നുമാണ്.
ഈ പ്രവൃത്തി തലച്ചോറില്‍ ഡോപമൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകുന്നു. നമ്മളില്‍ 'ഫീല്‍ ഗുഡ്' വികാരം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആണിത്. ഡോപമൈന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോടെ നമ്മള്‍ അതിനോട് കൂടുതല്‍ ആസക്തി കാട്ടുകയും വീണ്ടും വീണ്ടും അത് ഉപയോഗിക്കുകയും ചെയ്യുന്നു.
നിങ്ങളെ നിങ്ങളില്‍ നിന്ന് വിച്ഛേദിക്കുന്നു
മിക്കയാളുകളും അവരുടെ ദിവസം ആരംഭിക്കുന്നതു തന്നെ സോഷ്യല്‍ മീഡയയും മെസേജുകളും പരിശോധിച്ചു കൊണ്ടായിരിക്കും. ഇതാകട്ടെ, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പു തന്നെ അപ്രസക്തമായ കുറേ വിവരങ്ങള്‍ മനസില്‍ കുത്തിനിറയ്ക്കും. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്ന കണ്ടന്റുകളില്‍ 90 ശതമാനത്തിലധികവും ജീവിതത്തില്‍ ഒരു വിധത്തിലും നിങ്ങളെ സ്വാധീനിക്കാത്തതും നിങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതുമായിരിക്കും.
മറ്റു നൂറുകണക്കിനാളുകള്‍ അവരുടെ ജീവിതത്തില്‍ എന്തു ചെയ്യുന്നു എന്ന് അറിയേണ്ട കാര്യം നിങ്ങള്‍ക്കില്ല. യാതൊരു വിധത്തിലും നമ്മെ ബാധിക്കാത്ത ഒരുപാട് വിവരങ്ങള്‍ ഉപയോഗിക്കുന്ന തരത്തില്‍ നമ്മളില്‍ ആസക്തിയുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയും. ദിവസം മുഴുവനും സോഷ്യല്‍ മീഡിയയില്‍ കണ്ട കാര്യങ്ങള്‍ നിങ്ങളുടെ മനസില്‍ ഓടിക്കൊണ്ടിരിക്കുകയും നിങ്ങളുടെ മാനസിക വ്യക്തത ഇല്ലാതാക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍നിന്ന് ഇടയ്ക്കിടെ ഉത്തേജനം ആഗ്രഹിക്കുന്നതിനാല്‍ കുറച്ചുസമയം ശാന്തമായി സമയം ചെലവഴിക്കുന്നതുപോലും അസ്വസ്ഥത ഉളവാക്കും.
ബന്ധങ്ങളെ ബാധിച്ചേക്കാം
പരസ്പര സംസാരം പോലും സാധിക്കാത്ത തരത്തില്‍ ഫോണില്‍ മുഴുകിയിരിക്കുന്ന ഒരു സുഹൃത്തിനേയോ കുടുംബാംഗത്തേയോ നിങ്ങള്‍ക്ക് അറിയാമായിരിക്കും. ചിലപ്പോള്‍ അത് നിങ്ങള്‍ തന്നെയാണെങ്കിലോ?!
സമൂഹവുമായുള്ള ബന്ധത്തേക്കാള്‍ ഏറെ ഒറ്റപ്പെടല്‍ അനുഭവപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോമിനെ സാമൂഹ്യമാധ്യമമെന്ന് വിളിക്കുന്നത് വൈരുധ്യമാണ്.
ആഴ്ചയില്‍ ഒന്‍പത് തവണയില്‍ താഴെ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരേക്കാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ആഴ്ചയില്‍ 58 തവണയെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കാണ് സമൂഹത്തില്‍ കുടുതല്‍ ഒറ്റപ്പെട്ടതായി തോന്നുകയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതും മൂന്നു മടങ്ങുവരെ!
സോഷ്യല്‍ മീഡിയ കാരണം, മറ്റുള്ളവരുമായി നേരിട്ട് ഇടപഴകാന്‍ കുറഞ്ഞ സമയം മാത്രമേ നിങ്ങള്‍ വിനിയോഗിക്കൂ. കാരണം, നിങ്ങള്‍ക്ക് എപ്പോഴും പുതിയ നോട്ടിഫിക്കേഷന്‍ പരിശോധിക്കാനോ സ്റ്റോറികള്‍ കാണാനോ മെസേജ് വായിക്കാനോ ഉണ്ടാകും.
ശ്രദ്ധ പതറിപ്പോകാന്‍ നിങ്ങള്‍ തലച്ചോറിനെ പരിശീലിപ്പിക്കുകയാണ്
നോട്ടിഫിക്കേഷന്റെ സ്ഥിരമായ ബീപ് ശബ്ദം നിങ്ങളുടെ ശ്രദ്ധയെ ബാധിക്കാം. നിങ്ങളില്‍ ആകാംക്ഷയും പിരിമുറുക്കവും തോന്നിക്കുന്ന തരത്തില്‍ തലച്ചോറിന്റെ രസതന്ത്രം തന്നെ അത് മാറ്റിയേക്കാം.
നോട്ടിഫിക്കേഷനുകള്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കാനും നിങ്ങളറിയാതെ തന്നെ ഉല്‍പ്പാദന ക്ഷമത 40 ശതമാനം വരെ കുറയ്ക്കാനും കാരണമായേക്കാമെന്ന് പല ഗവേഷകരും മുന്നറിയിപ്പ് നല്‍കുന്നു.
സോഷ്യല്‍ മീഡിയയില്‍ എത്തിനോക്കുന്നതിനായി ഇടയ്ക്കിടെ ശ്രദ്ധ മുറിയുന്നത് നിങ്ങളുടെ ശ്രദ്ധയെ സ്ഥിരമായി ബാധിക്കുകയും ഏകാഗ്രതയെ തന്നെ ബാധിക്കുകയും ചെയ്യുമെന്ന് വിവിധ ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാം
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പലപ്പോഴും ആളുകള്‍ അവരുടെ സന്തോഷകരമായ നിമിഷങ്ങള്‍ മാത്രമാണെന്ന് മിക്ക യൂസേഴ്‌സിനും അറിയാം. എന്നാല്‍ അത് കണ്ട് എല്ലായ്‌പ്പോഴും മറ്റുള്ളവരുമായി നമ്മെ താരതമ്യപ്പെടുത്തുന്നതാണ് നമ്മുടെ ശീലം.
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോക്താക്കളുടെ വൈകാരിക ക്ഷേമത്തെ മോശമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ നിരന്തരമായി കണ്ടെത്തിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ, ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് സത്യത്തില്‍, ഫേസ്ബുക്ക് പോലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ ഏറ്റവും കൂടുതല്‍ മോശമായി ബാധിക്കുന്നത് ഇന്‍സ്റ്റഗ്രാം ആണെന്ന് സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.
സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ (ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്‌നാപ് ചാറ്റ്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയവ) ഉപയോക്താക്കളുടെ ആരോഗ്യത്തെ മോശമായും പോസിറ്റീവായും എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്നത് കണ്ടെത്തുകയായിരുന്നു പഠനം ലക്ഷ്യമിട്ടത്. അവരുടെ ആശങ്കകള്‍, സമൂഹവുമായുള്ള ബന്ധം, സ്വത്വബോധം, ഉറക്കം, ശാരീരിക പ്രതിച്ഛായ തുടങ്ങിയവയെ കുറിച്ചൊക്കെ ചോദ്യങ്ങളുണ്ടായിരുന്നു.
പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് യൂട്യൂബ് മാത്രമാണ് പോസിറ്റീവായ മാറ്റം ഉണ്ടാക്കുന്നതെന്നാണ്. മറ്റെല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മോശമായാണ് ബാധിക്കുന്നത്.
അപ്പോള്‍ എന്താണ് പരിഹാരം?
സോഷ്യല്‍ മീഡിയ പൂര്‍ണമായും നെഗറ്റീവ് എന്നു പറഞ്ഞ് തള്ളിക്കളയുന്നത് ശരിയല്ല, ഒരുപാട് പോസിറ്റീവ് വശങ്ങളും അതിനുണ്ട്. അവയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നതിന് പകരം നമ്മളില്‍ അതുണ്ടാക്കുന്ന മോശം ഫലം കുറയ്ക്കുന്നതിന് വഴികളുണ്ട്.
ഹ്രസ്വനേരത്തേക്ക് മിതമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം വലിയ തോതില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നില്ല. അതിനാല്‍, സോഷ്യല്‍ മീഡിയ ബോധപൂര്‍വം കൃത്യമായ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുകയാണ് വേണ്ടത്.
സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് ഇംപാക്ട് കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില നടപടികളിതാ..
ഉണര്‍ന്നയുടനെ ഫോണ്‍ ചെക്കു ചെയ്യുന്നത് നിര്‍ത്തുക. (ഉറങ്ങാന്‍ പോകുമ്പോള്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്തിടുക)
ഹോം സ്‌ക്രീനില്‍ നിന്ന് സോഷ്യല്‍ മീഡിയ ആപ്പുകള്‍ മാറ്റുക. അപ്പോള്‍ ഓരോ തവണയും നോക്കാനുള്ള പ്രലോഭനം ഇല്ലാതാവും.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക. (ഇത് ഞാന്‍ സ്വയം ചെയ്ത കാര്യമാണെങ്കിലും ഔദ്യോഗിക ചുമതലകളുള്ള പലരുടെയും കാര്യത്തില്‍ സാധിക്കണമെന്നില്ല)
യൂസേജ് ടൈം കണ്ടെത്താനുള്ള ആപ്പുകള്‍ ഉപയോഗിച്ച് എത്ര സമയം നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കുക
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനു പകരം മറ്റെന്തെങ്കിലും നല്ല ശീലം തുടങ്ങുകയോ ഏതെങ്കിലും നല്ല കാര്യത്തില്‍ വ്യാപൃതനായിരിക്കുകയോ ചെയ്യുക
സോഷ്യല്‍ മീഡിയയില്‍ ആയിരിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് സ്വയം വ്യക്തത വരുത്തുക
സോഷ്യല്‍ മീഡിയ Detox ചെയ്യുക അല്ലെങ്കില്‍ ഇടവേളയെടുക്കുക
സോഷ്യല്‍ മീഡിയ Detox
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രണ്ടു തവണ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീണ്ട ഇടവേളയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മനസിലാക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണിത്. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഇടവേള എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നിശ്ചിതകാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കുക എന്നതാണ്. സാധാരണ 30 ദിവസമെന്നതാണ് കണക്കെങ്കിലും ഒന്നോ രണ്ടോ ആഴ്ചയായും നടത്താം.
ജീവിതത്തില്‍ സോഷ്യല്‍ മീഡിയ ചെലുത്തുന്ന മോശം സ്വാധീനത്തെ കുറിച്ച് ഓരോ ദിവസവും കൂടുതല്‍ ആളുകള്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം ഇടവേളകള്‍ എടുക്കുന്നത് കൂടിവരുന്നു.
ആദ്യം കുറച്ചു മാസത്തേക്ക് സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിര്‍ത്തിയപ്പോള്‍തന്നെ ഞാന്‍ മനസിലാക്കിയ ഒരു കാര്യം എന്റെ ജീവിതത്തില്‍ വലിയ മൂല്യമൊന്നും അത് ഉണ്ടാക്കുന്നില്ല എന്നതാണ്.
ഈ തിരിച്ചറിവ്, വീണ്ടും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ അവയില്‍ ചെലവിടുന്ന സമയം ഗണ്യമായി കുറയ്ക്കാന്‍ കാരണമായി.
സോഷ്യല്‍ മീഡിയയില്‍ ഒഴിവു സമയം ചെലവഴിക്കുമ്പോള്‍ എനിക്ക് ഒരിക്കലും സമയം ഉണ്ടാകാതിരുന്നതോ പരിഗണിക്കാതിരുന്നതോ ആയ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കാനും ഇതെന്നെ സഹായിച്ചു.
ഞാന്‍ ഗിത്താര്‍ വായിക്കാന്‍ പഠിച്ചു, ധ്യാനം (Meditation) പരിശീലിക്കാന്‍ തുടങ്ങി, ധാരാളം വായിച്ചു, ജേര്‍ണലിംഗ് തുടങ്ങി. എനിക്കു വേണ്ടി കൂടുതല്‍ സമയം വിനിയോഗിച്ചു തുടങ്ങി. ഒഴിവു സമയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സ്ഥിരം ശീലം ഇല്ലാതായതോടെ മറ്റു വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ ചെയ്യാനാരംഭിച്ചു.
ചിന്തിക്കൂ, നഷ്ടമോ നേട്ടമോ?
സോഷ്യല്‍ മീഡിയ നിങ്ങളുടെ സമയവും മനസും ഏറെ കവര്‍ന്നെടുക്കുന്നില്ലെങ്കില്‍ നിങ്ങളുടെതായ പുതിയ വശങ്ങള്‍ കണ്ടെത്താനും നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയെ ഉണര്‍ത്താനുമായേക്കാം. അതിനാല്‍ സോഷ്യല്‍ മീഡിയ ഒരു ഓപ്ഷനായിരുന്നില്ലെങ്കില്‍ നിങ്ങള്‍ എങ്ങനെ സമയം ചെലവഴിക്കുമായിരുന്നു എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.
മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങളറിഞ്ഞില്ലെങ്കില്‍ ജീവിതത്തില്‍ വലിയ നഷ്ടമാണെന്ന മിഥ്യാധാരണ സോഷ്യല്‍ മീഡിയയോടൊപ്പം വന്നു. എന്നാല്‍ 10-15 വര്‍ഷം മുമ്പു വരെ മറ്റ് നൂറുകണക്കിനാളുകള്‍ എന്തു ചെയ്യുന്നുവെന്ന് അറിയാതെ തന്നെ നമ്മള്‍ ഒരു കുഴപ്പവും കൂടാതെ ജീവിച്ചിരുന്നു.
നിങ്ങളെ പോലുള്ള ഉപയോക്താക്കളുടെ വിവരങ്ങളും ശ്രദ്ധയും പ്രയോജനപ്പെടുത്തി സോഷ്യല്‍ മീഡിയ കമ്പനികള്‍ ശതകോടി ഡോളര്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ സമയം, ഊര്‍ജം, ശ്രദ്ധ എന്നിവ വിറ്റ് കാശാക്കുന്നതിന് പകരമായി എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന ചോദ്യം ഞാന്‍ നിങ്ങളുടെ ചിന്തയ്ക്കായി വിടുന്നു.


To read more articles by Anoop click on the link below: https://www.thesouljam.com/best-articles


Tags:    

Similar News