ജീവിതം അവിസ്മരണീയമാക്കാന്‍ ഇത് ചെയ്യൂ!
എന്റെ അനുഭവത്തിലൂടെ ഞാന്‍ ഉള്‍ക്കൊണ്ട ഒരു പാഠമാണ് നിങ്ങളോട് പങ്കുവെക്കുന്നത്
കുറച്ചു വര്‍ഷം മുമ്പ് ഒരു കുടുംബ സുഹൃത്ത് എന്നോട് നഗരത്തിലെ ആര്‍ട്ട് ഗാലറിയില്‍ ആയിടെ നടക്കുന്ന ഒരു മ്യൂസിക്കല്‍ ഗ്രൂപ്പിന്റെ സംഗീത പരിപാടിയെ കുറിച്ച് പറഞ്ഞു. അത് മികച്ച സംഗീതവിരുന്ന് ആയിരിക്കുമെന്നും പോയി കേള്‍ക്കണമെന്നും അവര്‍ പറഞ്ഞു.
ആ ബാന്‍ഡിനെ കുറിച്ച് ഒരു ഐഡിയ ഇല്ലാത്തതിനാല്‍ സാധാരണ ഗതിയില്‍ ആ സംഗീത പരിപാടിയില്‍ പോകുന്ന കാര്യം പരിഗണിക്കുക കൂടി ഇല്ലായിരുന്നു. (അത് അവരുടെ ആദ്യ തത്സമയ സംഗീത പരിപാടിയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു).
എന്നാല്‍ അപ്പോള്‍ ഞാന്‍ മൂന്നു മാസത്തെ സോളോ ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് അധികനാളായിട്ടില്ലാത്തതിനാല്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും കൂടുതല്‍ കാര്യങ്ങള്‍ക്ക് 'യെസ്' പറയാനുമുള്ള മനോഭാവത്തിലായിരുന്നു ഞാന്‍.
അമ്മയോടും സഹോദരനോടും കൂടെ വരാന്‍ താല്‍പ്പര്യമുണ്ടോ എന്നു ഞാന്‍ ചോദിച്ചു. രണ്ടു പേര്‍ക്കും അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. അവരെ കൂടുതല്‍ നിര്‍ബന്ധിക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി. മടിച്ചു മടിച്ച് ഒറ്റയ്ക്ക് തന്നെ പോകാന്‍ ഞാന്‍ തീരുമാനിച്ചു.
സംഗീത പരിപാടിയെ കുറിച്ച് എന്നോട് പറഞ്ഞ കുടുംബ സുഹൃത്ത് ആര്‍ട്ട് ഗാലറിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായതിനാല്‍ അവിടെ എത്തിയപ്പോള്‍ തന്നെ എനിക്ക് സൗജന്യപ്രവേശനം ലഭിച്ചു.
അത് എന്തായാലും നന്നായെന്ന് തോന്നി. കാരണം സംഗീത പരിപാടി ഇഷ്ടപ്പെടാതിരുന്നാലും ടിക്കറ്റ് സൗജന്യമായി ലഭിച്ചുവെന്നത് ആശ്വസിക്കാന്‍ വകനല്‍കും.
നൂറോളം സീറ്റുകളുള്ള ചെറിയ ഹാളായിരുന്നു വേദി. പരിപാടി ആരംഭിക്കുന്നതിനു മുമ്പ് ബാന്‍ഡ് സ്വയം പരിചയപ്പെടുത്തി. ഇന്ത്യന്‍ ക്ലാസിക്കല്‍ (കര്‍ണാടിക്) താളങ്ങളുടെയും മെലഡികളുടെയും ഒരു പൗരസ്ത്യ-പാശ്ചാത്യ ഫ്യൂഷന്‍ ഗ്രൂപ്പായിരുന്നു സാന്യോഗ് എന്ന ആ ബാന്‍ഡ്.
ഒരു വയലിനിസ്റ്റ്, പോളണ്ടില്‍ നിന്നുള്ള ഒരു സാക്‌സഫോണിസ്റ്റ്, ഇറാനില്‍ നിന്നുള്ള പിയാനിസ്റ്റ്, മൃദംഗം, തംബുരു, ഗജ്ജിറ, കഹോന്‍, ഡ്രംസ് എന്നിവയെല്ലാം വായിക്കുന്ന രണ്ട് ഇന്ത്യന്‍ താളവാദ്യക്കാര്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു ബാന്‍ഡ്.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കുന്നത് വലിയ ആത്മീയാനുഭവമാണെന്ന് എനിക്ക് തോന്നാറുണ്ട്. നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മാവിനെ സ്പര്‍ശിക്കാനുള്ള പ്രത്യേക കഴിവ് അതിനുണ്ട്. ആ ബാന്‍ഡിന്റെ അന്ന്‌ത്തെ പ്രകടനം അതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു.
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഇറാനിയന്‍ സംഗീതം, ജാസ് തുടങ്ങിയ വ്യത്യസ്ത ശൈലികളെ അവര്‍ മനോഹരമായി സംയോജിപ്പിച്ചു.
അവരുടെ അസാധാരണമായ പ്രകടനം സംഗീത പരിപാടിയെ കൂടുതല്‍ ആവേശകരമാക്കി.
താളവാദകര്‍ നടത്തിയ, സംഗീതത്തില്‍ കൊന്നക്കോല്‍ (Konnakol) എന്നറിയപ്പെടുന്ന കര്‍ണാടിക് വോക്കല്‍ ആലാപനമായിരുന്നു (ത-ക-ധി-മി) പ്രകടനത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത്. ഞാനറിയാതെ തന്നെ എന്റെ ശരീരം അതിനൊത്ത് താളം പിടിച്ചു.
സംഗീത കച്ചേരിക്കിടയില്‍ ചില നിമിഷങ്ങളില്‍ ഞാന്‍ കണ്ണുകളടച്ച് ആഗാധമായ ധ്യാനാവസ്ഥയിലേക്കും ആനന്ദകരമായ അവസ്ഥയിലേക്കും കടന്നപ്പോള്‍ സ്ഥലകാലം തന്നെ മറന്നു പോയി. അപ്പോള്‍ അവിടെ ഞാനും സംഗീതവും മാത്രമായിരുന്നു.
സംഗീത പരിപാടിക്ക് ശേഷം, അതിന് പോകാതിരുന്നെങ്കില്‍ എനിക്ക് എത്ര മനോഹരമായ പ്രകടനമായിരുന്നു നഷ്ടപ്പെടുക എന്ന് ഞാന്‍ ഓര്‍ത്തുപോയി.
തബല ഇതിഹാസം സക്കീര്‍ ഹുസൈന്റെ തത്സമയ കച്ചേരി മുമ്പ് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ സംശയലേശമന്യേ പറയാം, ഇതായിരുന്നു ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച തത്സമയ സംഗീത പരിപാടി.
എന്റെ ജീവിതത്തില്‍, അജ്ഞാതമായ ഭയം എന്റെ ജിജ്ഞാസയ്ക്ക് പുറകേ പോകുന്നതില്‍ നിന്നും 'യെസ്' എന്ന് കൂടുതല്‍ പറയുന്നതില്‍ നിന്നും തടഞ്ഞതിനാല്‍ നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍ ഏറെയാണ്. എന്നാല്‍ ഭാഗ്യവശാല്‍, ഇത്തവണ ജിജ്ഞാസ ഭയത്തെ മറികടന്നു. എന്റെ സങ്കല്‍പ്പത്തേക്കാള്‍ മികച്ചതായിരുന്നു ആ സംഗീത വിരുന്ന് എന്നതില്‍ എനിക്ക് ആനന്ദം തോന്നി.
നിങ്ങള്‍ക്ക് മുമ്പിലെത്തുന്ന എല്ലാ അവസരങ്ങളിലും 'യെസ്' എന്നു പറയുന്നത് മൂല്യവത്തായിരിക്കുമെന്ന് ഞാന്‍ പറയുകയാണോ?
തീര്‍ച്ചയായും അല്ല!
പക്ഷേ, കൂടുതല്‍ 'യെസ്' പറയുന്നത് നിങ്ങളെ ചില അവിസ്മരണീയമായ അനുഭവങ്ങളിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.
For more simple and practical tips to live better and be happier visit anoop's website: https://www.thesouljam.com