മോശം ശീലങ്ങൾ ഒഴിവാക്കാനുള്ള അഞ്ച് എളുപ്പവഴികൾ

പ്രേരണകളെയും ആസക്തികളെയും നിയന്ത്രിച്ച് ജീവിതത്തിന്റെ കടിഞ്ഞാണ്‍ വീണ്ടെടുക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍

Update: 2021-03-21 02:30 GMT

നിങ്ങളുടെ ഫോണില്‍ മെസേജോ നോട്ടിഫിക്കേഷനോ വന്നോ എന്നറിയാന്‍ ഇടയ്ക്കിടെ എടുത്തു നോക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? രാവിലെ അലാം അടിച്ചിട്ടും വീണ്ടുമുറങ്ങാനുള്ള പ്രവണത തടുക്കാനാകുന്നില്ലേ? വയര്‍ നിറഞ്ഞിട്ടും ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?

അനന്തരഫലം എന്താകുമെന്ന് കണക്കിലെടുക്കാതെ അപ്പപ്പോള്‍ തൃപ്തി തേടുന്ന തരത്തിലാണ് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം.
എന്നിരുന്നാലും ഈ പ്രേരണകളെ കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പ്രേരണകള്‍, ആസക്തികള്‍ എന്നിവയെ കൈകാര്യം ചെയ്യാനും മോശം ശീലങ്ങള്‍ ഉപേക്ഷിക്കുന്നതിനും നിങ്ങളുടെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താവുന്ന അഞ്ച് ലളിതമായ വിദ്യകളിതാ...
ഏര്‍ജ് സര്‍ഫിംഗ് (Urge Surfing)
പ്രേരണകള്‍ സാധാരണയായി 15 മിനുട്ട് അല്ലെങ്കില്‍ പലപ്പോഴും അതിലും കുറവ് സമയം മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന കാര്യം പലര്‍ക്കും അറിയില്ല. പെട്ടെന്ന് ഉണ്ടാവുകയും അവസാനിക്കുകയും ചെയ്യുന്ന ഒന്നാണത്.
നിങ്ങള്‍ കുറയ്ക്കണമെന്നോ നിര്‍ത്തണമെന്നോ ആഗ്രഹിക്കുന്ന ഏത് ശീലവും ഇല്ലാതാക്കാന്‍ കഴിയുന്ന മികച്ചൊരു ടെക്‌നിക്കാണ് ഏര്‍ജ് സര്‍ഫിംഗ്.
പുകവലിയോ അമിതമായ ഭക്ഷണം കഴിക്കലോ ഉപേക്ഷിക്കാനുള്ള ശ്രമം, മറ്റുള്ളവരോട് രൂക്ഷമായി പ്രതികരിക്കാതിരിക്കുക തുടങ്ങി ഏതു കാര്യത്തിനും ഈ വിദ്യ പ്രയോഗിക്കാം.
പ്രേരണയ്ക്ക് വഴങ്ങാതിരിക്കാനും ചിന്തകളിലൂടെ അത് അടിച്ചമര്‍ത്തി വെക്കാനും ശ്രമിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുകയേയുള്ളൂ.
ഏര്‍ജ് സര്‍ഫിംഗിലൂടെ പ്രേരണകളെ എതിര്‍ക്കുന്നതിനു പകരം അതിനെ അംഗീകരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. തിരമാലകളായാണ് പ്രേരണയെത്തുക. അത് ഉയരുകയും ഏറ്റവുമുയരത്തിലാവുകയും ഒടുവില്‍ വീണ് താണുപോകുകയും ചെയ്യുന്നു.
സര്‍ഫിംഗ് നടത്തുന്നൊരാള്‍ തിരമാലകളെ നേരിടാനല്ല, മറിച്ച് അതിനൊത്ത് സഞ്ചരിക്കാനാണ് ശ്രമിക്കുന്നത്. അതേപോലെ, ഏര്‍ജ് സര്‍ഫിംഗില്‍ പ്രേരണകളാകുന്ന തിരമാലകളുടെ വിവിധ ഘട്ടങ്ങളിലൂടെ, അത് ഇല്ലാതാവുന്നതു വരെ പ്രേരണയ്ക്ക് ഒപ്പം തെന്നിനീങ്ങുകയാണ് ചെയ്യുക.
ഒരു പ്രേരണയെ അഭിമുഖീകരിക്കുമ്പോള്‍, ഏര്‍ജ് സര്‍ഫിംഗ് പ്രാവര്‍ത്തികമാക്കാനുള്ള വഴികള്‍ സെന്‍ ഹാബിറ്റ്‌സ് എന്ന ബ്ലോഗിലൂടെ ലിയോ ബബൂത്ത ഘട്ടംഘട്ടമായി വിവരിക്കുന്നുണ്ട്.
1. ഒരു പ്രേരണയുണ്ടാകുന്നത് ശ്രദ്ധിക്കുക. അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനു പകരം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
2. പ്രേരണയുടെ ശാരീരിക സംവേദനം നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് ഉണ്ടാകുന്നതെന്ന് ശ്രദ്ധിക്കുക. വയറ്റിലോ, നെഞ്ചിലോ, വായിലോ? ആ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ക്കുണ്ടാകുന്ന അനുഭവം മനസ്സിരുത്തി ശ്രദ്ധിക്കുക.
3. അത് ഉയര്‍ന്നു പൊങ്ങാനും പിന്നീട് താഴ്ന്നു പോകാനും അനുവദിക്കുക, ഒരു തിരമാലയെന്ന പോലെ. ഒരു തിരമാല കാണുന്നതു പോലെ അതിനെ കണ്ടിരിക്കുക. അതില്‍ പരിഭ്രാന്തരാകേണ്ടതായി ഒന്നുമില്ല. ഉയരുന്നതും താഴുന്നതുമായൊരു ശാരീരികാനുഭവം മാത്രമാണത്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രേരണയുടെ തീവ്രത ഗണ്യമായി കുറയുകയാണെന്ന് ഏര്‍ജ് സര്‍ഫിംഗ് വഴി നിങ്ങള്‍ക്ക് മനസ്സിലാകും. അപ്പോള്‍ അത് കൈകാര്യം ചെയ്യുക എളുപ്പമാകും. പ്രേരണ അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ മുമ്പിലുള്ള ഏക മാര്‍ഗം അതിന് വഴങ്ങുകയും തൃപ്തിപ്പെടുത്തുകയും മാത്രമാണെന്ന് തോന്നാം. അവിടെയാണ് പ്രേരണകള്‍ താല്‍ക്കാലികമാണെന്നും അത് തനിയെ കെട്ടടങ്ങുമെന്നും മനസ്സിലാക്കുന്നത് സഹായകമാകുന്നത്.
അഞ്ചു സെക്കന്റ് നിയമം പ്രയോഗിക്കുക
41 ാം വയസ്സില്‍ മെല്‍ റോബിന്‍സ് തൊഴില്‍രഹിതയും പാപ്പരുമായിരുന്നു. വിവാഹ ബന്ധം പരാജയപ്പെടുകയും മദ്യപാനം ശീലവുമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത് വലിയ പ്രശ്‌നമായിരുന്നു. സ്‌നൂസ് ബട്ടണ്‍ അടിച്ച് കിടന്നുറങ്ങുകയായിരുന്നു പതിവ്. ഒരു ദിവസം രാവിലെ അവര്‍ തീരുമാനിച്ചു, 5,4,3,2,1 എന്നിങ്ങനെ എണ്ണി പൂര്‍ത്തിയാകുമ്പോള്‍ കിടക്കയില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുമെന്ന്. തന്റെ മടി മാറ്റി കര്‍മനിരതയാവാന്‍, ഈ ലളിതമായ വിദ്യ അവര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിച്ചു. അത് നന്നായി പ്രവര്‍ത്തിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്, ഈ ലളിതമായ വിദ്യ അവരുടെ ജീവിതം മാറ്റിമറിക്കാന്‍ സഹായിച്ചു. അവര്‍ ഒരു ബെസ്റ്റ് സെല്ലിംഗ് പുസ്തകം പ്രസിദ്ധീകരിക്കുകയും ടെഡ് ( TED) ടോക്ക് നടത്തുകയും ചെയ്തു. 24 ദശലക്ഷം തവണയാണ് ഇത് യൂട്യൂബില്‍ ആളുകള്‍ കണ്ടത്.
എന്തെങ്കിലും പ്രവര്‍ത്തിക്കണം എന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ശാരീരികമായി അഞ്ചു നിമിഷത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും അതല്ലെങ്കില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയെ തലച്ചോര്‍ ഇല്ലാതാക്കുമെന്നും അവര്‍ പറയുന്നു.
അവര്‍ തുടര്‍ന്ന് പറയുന്നു, ' എന്തെങ്കിലും ചെയ്യേണ്ട സമയത്ത് നിങ്ങള്‍ക്ക് മടി തോന്നുകയാണെങ്കില്‍ അഞ്ചു മുതല്‍ ഒന്നു വരെ എണ്ണുകയും ഉടന്‍ പ്രവൃത്തി തുടങ്ങുകയും വേണം.
ഒഴിവുകഴിവുകളും എതിര്‍ ചിന്തകളും നിങ്ങളില്‍ ഉണ്ടാകുന്നതിനു മുമ്പു തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം. നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ജോലി, ചെയ്യാന്‍ ഭയം തോന്നുന്നവ, നിങ്ങള്‍ ഒഴിവാക്കുന്നവ തുടങ്ങി കഠിനമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്.'
സത്യത്തില്‍ ഈ രീതി പ്രയോഗിക്കുന്നതിലൂടെ തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. തീരുമാനമെടുക്കല്‍, ആസൂത്രണം, ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ടതാണത്.
രാവിലെ അലാം മുഴങ്ങുമ്പോള്‍, എഴുന്നേല്‍ക്കാന്‍ ഈയിടെ ഞാന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് 5 സെക്കന്റ് നിയമം. ഇത് വളരെ ഫലപ്രദമാണ്. കാരണം, ഉറക്കത്തിലേക്ക് മടങ്ങിപ്പോകാനുള്ള കാരണം കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിച്ചു തുടങ്ങാനാകും.
നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നീട്ടിവെക്കാനുള്ള പ്രേരണയെ ഇല്ലാതാക്കാന്‍ ഈ രീതി അവലംബിക്കുന്നതിലൂടെ കഴിയും. മറ്റുള്ളവരോട് ദേഷ്യപ്പെടാനോ രോഷം കൊള്ളുവാനോ ഉള്ള പ്രേരണയെ ഇല്ലാതാക്കാനും ഇതേ പോലുള്ള മാര്‍ഗം സഹായിക്കും. തോമസ് ജെഫേഴ്‌സന്റെ ഉദ്ധരണി ഇങ്ങെനെയാണ്;
' ദേഷ്യം തോന്നുമ്പോള്‍ സംസാരിക്കുന്നതിന് മുമ്പ് പത്തു വരെ എണ്ണുക, ദേഷ്യം വളരെയേറെയാണെങ്കില്‍ നൂറു വരെയും'
ഈ ലളിതമായ ഉപദേശം പ്രയോഗിക്കുകയാണെങ്കില്‍, എണ്ണിത്തീരുമ്പോഴേക്ക് രോഷം കൊള്ളുവാനും പ്രതികരിക്കാനുമുള്ള പ്രേരണ കാര്യമായി തന്നെ കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നതായി കാണാനാകും.
ദീര്‍ഘ ശ്വാസം എടുക്കുക
പ്രരണകളെ കൈകാര്യം ചെയ്യാന്‍ ദീര്‍ഘശ്വാസം എടുക്കുക എന്ന ആശയം വളരെ ലളിതമായി തോന്നാമെങ്കിലും അത് വളരെ ഫലപ്രദമാണ്. നമ്മള്‍ ദീര്‍ഘ ശ്വാസം എടുക്കുമ്പോള്‍ നമ്മുടെ ഓട്ടോണോമിക് നാഡീ വ്യവസ്ഥ ഉത്തേജിക്കപ്പെടുകയും അത് നമ്മുടെ ഉള്ളില്‍ ശാന്തതയും അയവും ഉണ്ടാക്കുകയും ചെയ്യും.
ദീര്‍ഘ ശ്വാസം എടുക്കുന്നത് പലരുടെ കാര്യത്തിലും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്, പുകവലി ശീലം ഉപേക്ഷിക്കുന്ന കാര്യത്തില്‍ പോലും.
സിഗരറ്റിനോടുള്ള ആസക്തി കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട പിരിമുറക്കവും അസ്വസ്ഥതയും കുറയ്ക്കാനും ഇത് സഹായിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങള്‍ ദീര്‍ഘ ശ്വാസമെടുക്കുമ്പോള്‍ നിങ്ങള്‍ ബോധവാനായിരിക്കാന്‍ സ്വയം പ്രേരിപ്പിക്കുകയാണ്. ഓട്ടോ പൈലറ്റ് മോഡില്‍ നിന്നും നിങ്ങളുടെ പഴയ ശീലങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാനാവുകയും ചെയ്യുന്നു.
ഒരു പ്രേരണ ഉടലെടുക്കുമ്പോള്‍, നിങ്ങള്‍ ഇഷ്ടപ്പെടാത്ത എന്തെങ്കിലും ചെയ്യാന്‍ അത് നിര്‍ബന്ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ പതിയെ ആഴത്തില്‍ ശ്വാസമെടുത്തു തുടങ്ങുക. നിങ്ങളില്‍ ആ പ്രേരണയുടെ തീവ്രത കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതു വരെ ഇത് തുടരുക. ശ്വാസം എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരം പുറത്തു വിടുന്നത് കൂടുതല്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.
ധ്യാനം
ധ്യാനിക്കാന്‍ നിങ്ങള്‍ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് ഇരിക്കേണ്ടതില്ല. സത്യത്തില്‍, സംഗീതത്തിന്റെ സഹായത്തോടെയോ മെഴുകുതിരി ജ്വാല നോക്കിയിരുന്നോ, മന്ത്രങ്ങള്‍ ഉരുവിട്ടോ ധ്യാനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേട്ടുകൊണ്ടോ ധ്യാനത്തിലേര്‍പ്പെടാന്‍ എളുപ്പവഴികളുണ്ട്.
ഓട്ടോ പൈലറ്റ് മോഡില്‍ ജീവിതം മുന്നോട്ട് പോകുമ്പോള്‍ പ്രേരണകളെ തടുക്കാന്‍ പ്രയാസമാണ്.
ദിവസവും ധ്യാനിക്കുന്ന ശീലമുണ്ടാകുന്നത് നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ ശക്തിയുള്ളതാണ്. നമ്മള്‍ കൂടുതലായി ധ്യാനം പരിശീലിക്കുന്നതിലൂടെ പ്രേരണകളെ തൃപ്തിപ്പെടുത്താന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്ന ചിന്തകളുമായി കൂടുതല്‍ അകലം പാലിക്കാന്‍ നമുക്ക് കഴിയും.
ദിവസവും അഞ്ചു മിനുട്ട് എന്ന കണക്കില്‍ പത്ത് ആഴ്ച ധ്യാനിക്കുമ്പോള്‍ തന്നെ, സ്വയം നിയന്ത്രണവും ഇച്ഛാശക്തിയും കൂട്ടുന്ന തലച്ചോറിലെ പ്രിഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിന്റെ വലുപ്പം വര്‍ധിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പകരമായി നല്ല ശീലം തുടങ്ങുക
മോശം ശീലം ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു വഴി പകരം നല്ലൊരു ശീലം തുടങ്ങുക എന്നതാണ്. ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ഫോണില്‍ വീഡിയോ കാണുന്നതും സോഷ്യല്‍ മീഡിയയിലൂടെ സ്‌കോള്‍ ചെയ്തു പോകുന്നതും ഒരു ശീലമായിട്ടുണ്ടെന്ന് കരുതുക, അതിന് പകരം കിടക്കുമ്പോള്‍ ഒരു പുസ്തകം കരുതുക.
രാവിലെ എഴുന്നേറ്റയുടനെ ഫോണ്‍ പരിശോധിക്കുന്ന ശീലമുണ്ടെങ്കില്‍ അതിനു പകരം 5-10 മിനുട്ട് നേരം ധ്യാനത്തിലൂടെ ദിവസം ആരംഭിക്കുന്ന ശീലം തുടങ്ങുക.
കിടക്കുന്നതിനു മുമ്പ് വൈ ഫൈയും മൊബീല്‍ ഡാറ്റയും ഓഫ് ചെയ്ത് വെക്കുന്നതിലൂടെ മെസേജുകളും നോട്ടിഫിക്കേഷനുകളും വന്നു നിറഞ്ഞ് രാവിലെ തന്നെ അവ നോക്കി ദിവസം ആരംഭിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. നമ്മള്‍ ഓട്ടോ പൈലറ്റ് മോഡിലായിരിക്കുമ്പോള്‍ നമ്മുടെ മേല്‍ പ്രേരണകള്‍ക്ക് ശക്തി കൂടുതലാണ്. നമ്മള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കുകയും ഇതുപോലുള്ള വിദ്യകള്‍ പ്രയോഗിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ മേലുള്ള പ്രേരണകളുടെ പിടുത്തം അയയും.
പ്രേരണകളെ കൈകാര്യം ചെയ്യുമ്പോള്‍ നമ്മള്‍ പല തവണ പരാജയപ്പെട്ടേക്കാം. പക്ഷേ നമ്മള്‍ ക്ഷമയോടെ നിരന്തരമായി ശ്രമിക്കുന്നിടത്തോളം കാലം നമ്മുടെ ജീവിതത്തിന് ഗുണകരമല്ലാത്ത ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയും.


To Read more Articles by Anoop click here : https://www.thesouljam.com/best-articles

Tags:    

Similar News