ബിഗ് ബസാറും ക്രോമയും ലാഭം നേടുന്ന വഴിയിലൂടെ നിങ്ങള്‍ക്കും നടക്കാം!

ലാഭം കൂടുതല്‍ നേടാന്‍ റീറ്റെയില്‍ രംഗത്തുള്ളവര്‍ക്ക് പയറ്റാവുന്ന ഒരു തന്ത്രമിതാ

Update:2023-01-02 13:15 IST

ഗ്രോസ്സറി ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ നിങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയിരിക്കുകയാണ്. നിങ്ങളവിടെ വിപണിയിലെ പ്രശസ്തമായ പല വമ്പന്‍ ബ്രാന്‍ഡുകളും കാണുന്നു. എന്നാല്‍ അതിനൊപ്പം തന്നെ നിങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് ആ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സ്വന്തം ബ്രാന്‍ഡും അവിടെയുള്ളതായി നിങ്ങള്‍ മനസ്സിലാക്കുന്നു. എതിരാളികളായ മറ്റ് ബ്രാന്‍ഡുകളെക്കാളും വിലക്കുറവില്‍ സമാന ഉല്‍പ്പന്നങ്ങള്‍ സ്വന്തം ബ്രാന്‍ഡില്‍ ആ സൂപ്പര്‍ മാര്‍ക്കറ്റ് വില്‍ക്കുന്നു.

നിങ്ങള്‍ ബിഗ് ബസാറിലോ ഫുഡ് വേള്‍ഡിലോ കയറുകയാണെന്നിരിക്കട്ടെ അവിടേയും നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരുടെ സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ നിരന്നിരിക്കുന്നത് കാണാം. ദേശീയ, ആഗോള ബ്രാന്‍ഡുകളോട് മത്സരിക്കുവാന്‍ അവരൊക്കെ സ്വന്തം ബ്രാന്‍ഡ് ഉപയോഗിക്കുന്നു. ഫുഡ് വേള്‍ഡിന്റെ സ്വന്തം ബ്രാന്‍ഡിന്റെ വില്‍പ്പന അവരുടെ മൊത്തം വില്‍പ്പനയുടെ 21 ശതമാനത്തോളമാണ്. ബിഗ് ബസാറിന്റേത് 20 ശതമാനത്തോളവും.

ഷോപ്പേഴ്സ് സ്റ്റോപ്പ് (Shoppers Stop) തങ്ങളുടെ സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ഏകദേശം 23 ശതമാനമാണ്. അതായത് വിപണിയിലെ വമ്പന്മാരോട് പടവെട്ടി തങ്ങളുടെ സ്വന്തം ബ്രാന്‍ഡുകള്‍ വില്‍ക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. റീറ്റെയില്‍ ഷോപ്പുകള്‍ മറ്റുള്ളവരുടെ ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനൊപ്പം തങ്ങളുടെ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന തന്ത്രം കൂടി പയറ്റുന്നു.

സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍ റീറ്റെയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കുവാന്‍ സഹായകമാകുന്നു. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. റിലയന്‍സ് ഫ്രഷ് തങ്ങളുടെ പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളില് നിന്നു മാത്രം 25 ശതമാനം വില്‍പ്പന നേടുന്നു. സ്വന്തം റീറ്റെയില്‍ ഷോപ്പുകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി വില്‍ക്കുവാനും വളര്‍ത്തുവാനുമുള്ള ഇടങ്ങളാണെന്ന് സംരംഭകര്‍ തിരിച്ചറിയേണ്ടതുണ്ട്.

ടാറ്റയുടെ ക്രോമ (Croma) റീറ്റെയില്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത് 2006 ലാണ്. പ്രശസ്തമായ എല്ലാ ഇലക്ട്രോണിക്്സ്, ഹൗസ്ഹോള്‍ഡ് ഉല്‍പ്പന്ന ബ്രാന്‍ഡുകളും ക്രോമ കൈകാര്യം ചെയ്യുന്നു. 2008 ല്‍ അവര്‍ തങ്ങളുടെ പ്രൈവറ്റ് ലേബല്‍ (Private Label) പ്രയോഗിച്ചു തുടങ്ങി. ക്രോമ എന്ന ബ്രാന്‍ഡില്‍ തന്നെ അവര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ ആരംഭിച്ചു. ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍, എസി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ക്രോമയുടെ പേരില്‍ വിപണിയിലേക്കെത്തി.

വിപണിയില്‍ നുഴഞ്ഞുകയറാന്‍ വളരെ ബുദ്ധിപൂര്‍വ്വമായ ഒരു വിലയിടല്‍ തന്ത്രമാണ് ക്രോമ നടപ്പിലാക്കിയത്. ഓരോ വിഭാഗത്തിലേയും പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നത്തിന്റെ വില അതേ വിഭാഗത്തിലെ വിപണി ലീഡര്‍ ഉല്‍പ്പന്നത്തിന്റെ വിലയെക്കാള്‍ താഴ്ത്തിയും എന്നാല്‍ സ്റ്റോറില്‍ വില്‍പ്പന നടത്തുന്ന മറ്റ് ബ്രാന്‍ഡുകളുടെ വിലക്കൊപ്പവും നില്‍ക്കുന്ന രീതിയില്‍ നിശ്ചയിച്ചു. മാര്‍ക്കറ്റ് ലീഡറുടെ വിലയെക്കാള്‍ ഏകദേശം 12 - 15 ശതമാനം കുറവാണെങ്കിലും ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഉപഭോക്താക്കള്‍ക്ക് ഇതിനെക്കാള്‍ നല്ലൊരു ഡീല്‍ മറ്റെവിടെ നിന്ന് കിട്ടാന്‍!

ലാഭത്തില്‍ വലിയൊരു വര്‍ധനവ് കൊണ്ടുവരാന്‍ റീറ്റെയില്‍ ഷോപ്പുകള്‍ക്ക് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ബ്രാന്‍ഡുകളെ ആശ്രയിക്കാം. വിപണിയെ അടക്കിഭരിക്കുന്ന ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കൂടുന്നു. മൊത്തം വില്‍പ്പനയുടെ നല്ലൊരു പങ്ക് സ്വന്തം ഉല്‍പ്പന്നങ്ങളില്‍ നിന്നു തന്നെയാവട്ടെ, ലാഭവും ഉയരട്ടെ.

Tags:    

Similar News