ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത; നികുതിദായകര്‍ക്ക് ആശ്വാസമാകുമോ?

അപ്പീലുകളില്‍ റീഫണ്ട് കിട്ടാന്‍ സാങ്കേതികമായി വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

Update:2024-06-20 17:04 IST

Image Courtesy: x.com/nsitharaman

ജി.എസ്.ടി കൗണ്‍സില്‍ യോഗം ശനിയാഴ്ച്ച നടക്കാനിരിക്കെ ബിസിനസുകളെയും നികുതിദായകരെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമയപരിധിക്കുള്ളില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാത്തത് കൊണ്ട്, സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉള്ള കേസുകളില്‍ ആനുകൂല്യം നിഷേധിക്കാതിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഭേദഗതി കൊണ്ടുവന്നേക്കും.
2017-18 മുതല്‍ 19-20 വരെയുള്ള കാലയളവില്‍ ഇറക്കിയ ഉത്തരവുകളില്‍ പെനാല്‍റ്റിയും പലിശയും ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി കുറവു ചെയ്യാനുള്ള ഭേദഗതിയും പ്രതീക്ഷിക്കുന്നുണ്ട്.
ജി.എസ്.ടിയുടെ അപ്പീല്‍ ഓര്‍ഡറുകളില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്യുന്ന അപ്പീലുകള്‍ക്ക് ട്രൈബ്യൂണലുകളിലോ മേല്‍ക്കോടതികളിലോ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് മോണിറ്ററി ലിമിറ്റ് കൊണ്ടുവന്നേക്കും.
അപ്പീലുകളില്‍ റീഫണ്ട് കിട്ടാന്‍ സാങ്കേതികമായി വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനൊരു പരിഹാരം കൗണ്‍സിലില്‍ ഉണ്ടായേക്കും. അപ്പീലുകള്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി നല്‍കാന്‍ തീരുമാനമുണ്ടായേക്കും. നികുതിദായകര്‍ക്ക് സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇത്തവണത്തെ യോഗത്തില്‍ പ്രതീക്ഷിക്കാം.
ജി.എസ്.ടി റിട്ടേണ്‍ തിരുത്താന്‍ പറ്റുന്ന രീതിയിലൊരു ഭേദഗതിയും ഈ ജി.എസ്.ടി കൗണ്‍സിലിലോ അടുത്ത യോഗത്തിലോ വന്നേക്കാം. പല ബിസിനസുകാര്‍ക്കും വലിയതോതില്‍ ഗുണകരമാകുന്ന ഒട്ടേറെ തീരുമാനങ്ങള്‍ ബിസിനസ് സമൂഹം ഈ മീറ്റിംഗില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
Tags:    

Similar News