വളരാന്‍ പുറം ജോലി കരാറിനെ കൂട്ടുപിടിക്കാം!

പണി അത് അറിയാവുന്നവരെ ഏല്‍പ്പിച്ച് ചെയ്യിപ്പിച്ചാല്‍ ബിസിനസ് പിടിവിട്ട് വളരും

Update:2022-08-22 10:24 IST

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. ഭാവിയിലേക്കുള്ള നിങ്ങളുടെ കാഴ്ചപ്പാട് വളരെ വലുതാണ്. തുടക്കം ചെറുതെങ്കിലും നാളെ ആഗോള വിപണിയാണ് ലക്ഷ്യം. ഏറ്റവും മിടുക്കരായ വെബ് ഡെവലപ്പേഴ്‌സ് തന്നെ വേണം വെബ്‌സൈറ്റ് തയ്യാറാക്കുവാന്‍ എന്ന് നിങ്ങള്‍ നിശ്ചയിക്കുന്നു. എന്നാല്‍ നിങ്ങളുടെ നാട്ടില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ വെബ്‌സൈറ്റ് നിര്‍മ്മിക്കുവാനുള്ള ജീവനക്കാര്‍ ലഭ്യമല്ല. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?

നിങ്ങള്‍ മനസ്സില്‍ രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റ് നിര്‍മ്മിക്കുവാന്‍ കെല്‍പ്പുള്ള മിടുക്കരായ വ്യക്തികളെ തിരഞ്ഞുപിടിച്ച് ആ പണി അവരെ ഏല്‍പ്പിക്കും. ആരായാലും അതു തന്നെ ചെയ്യും. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ രാജ്യത്തുള്ളവര്‍ തന്നെയാവണമെന്നില്ല. ജാക്ക് മായും അതാണ് ചെയ്തത്. ആലിബാബയുടെ (Alibaba) വെബ്‌സൈറ്റ് നിര്‍മ്മിച്ചത് ചൈനക്കാരല്ല മറിച്ച് യു എസിലെ വെബ് ഡെവലപ്പേഴ്‌സായിരുന്നു. ബിസിനസ് വളര്‍ത്തുവാന്‍ ഏറ്റവും മികച്ചതും മേന്മയേറിയതുമായ ആയുധങ്ങള്‍ ആവശ്യമുണ്ട്. അവിടെ നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യുവാന്‍ കഴിയില്ല.

പ്രോക്റ്റര്‍ ആന്‍ഡ് ഗാംബില്‍ (Procter & Gamble) തങ്ങളുടെ ഐ ടി ജോലികള്‍ മുഴുവന്‍ എച്ച് പിയെ (Hewlett-Packard) ഏല്‍പ്പിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഐ ബി എമ്മിന് വിട്ടു നല്‍കി. ഇത്തരം പ്രവൃത്തികള്‍ വിദഗ്ദരായവര്‍ക്ക് വിട്ടു നല്‍കുന്നതാണ് ഉചിതമെന്നും വളരാന്‍ സഹായിക്കുന്നതെന്നും അവര്‍ കണക്കുകൂട്ടി. അന്ന് ഇത് കണ്ടവര്‍ നെറ്റിചുളിച്ചു. ഇതൊരു വലിയ അബദ്ധമാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഏവരെയും അതിശയിപ്പിച്ചു കൊണ്ട് കൂടുതല്‍ അഭിവൃദ്ധിയിലേക്ക് കമ്പനിയെ വളര്‍ത്താന്‍ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു.

ഔട്ട്സോഴ്‌സിംഗ് (Outsourcing) അഥവാ പുറം ജോലി കരാര്‍ ഇന്നൊരു പുതുമയല്ല. തങ്ങളുടെ പ്രസ്ഥാനത്തിന് കഴിയുന്നതിനെക്കാള്‍ മികച്ച രീതിയില്‍ അത്തരം ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന മറ്റ് പ്രസ്ഥാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ കരാര്‍ നല്‍കുവാന്‍ ഇന്ന് കമ്പനികള്‍ക്ക് മടിയില്ല. ചെലവ് കുറച്ച് ജോലികള്‍ നിര്‍വഹിക്കാനും അനാവശ്യമായ ടെന്‍ഷനുകള്‍ ഒഴിവാക്കി തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഔട്ട്സോഴ്‌സിംഗ് തന്ത്രം ഉപകരിക്കും.

വാട്ട്സാപ്പ് (WhatsApp) ആശ്രയിച്ചത് റഷ്യന്‍ ആപ്പ് ഡെവലപ്പേഴ്‌സിനെയായിരുന്നു. അവരുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുവാനും നിപുണരായ ഡെവലപ്പേഴ്‌സിനെ ജോലികള്‍ ഏല്‍പ്പിക്കുവാനും അവര്‍ക്ക് ഇതുമൂലം സാധിച്ചു. മാതൃരാജ്യത്തെ ജോലിക്കാരെ മാത്രം ആശ്രയിച്ച് ഇന്ന് പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ട ആവശ്യമില്ല. ലോകത്ത് എവിടെ നിന്നും നിപുണരായ വ്യക്തികളെ തങ്ങളുടെ ജോലിക്കായി തിരഞ്ഞെടുക്കാം. അത് ചെയ്യാന്‍ കരാര്‍ നല്‍കാം.

നിങ്ങള്‍ ഒരു ഉല്‍പ്പന്നം നിര്‍മ്മിച്ച് വിതരണം ചെയ്യുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അതിനായി ഫാക്ടറി സ്ഥാപിക്കുക നിങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടത്തില്‍ ദുഷ്‌കരമായി തോന്നുന്നു. കാരണം അത്രമാത്രം പണം നിങ്ങളുടെ കയ്യിലില്ല. സമാനമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളെ നിങ്ങള്‍ക്ക് സമീപിക്കാം. അവര്‍ക്ക് നിര്‍മ്മാണ കരാര്‍ നല്‍കാം. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ നിര്‍മ്മിക്കും. നിങ്ങളുടെ ബ്രാന്‍ഡില്‍ അവ വിതരണം ചെയ്യാം.

ബിസിനസ് തുടങ്ങുമ്പോഴോ അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളിലോ ഔട്ട്സോഴ്‌സിംഗ് (Outsourcing) തന്ത്രം പ്രയോഗിക്കാം. ലോകത്തിലെ മികച്ച ബ്രാന്‍ഡുകളില്‍ പലതിന്റേയും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ചൈനയോ ഇന്ത്യയോ പോലുള്ള രാജ്യങ്ങളിലെ ഫാക്ടറികളാണ്. നൈക്ക് (Nike) തങ്ങളുടെ ഒരു ഉല്‍പ്പന്നം പോലും നിര്‍മ്മിക്കുന്നില്ല. അവര്‍ തങ്ങളുടെ നിര്‍മ്മാണ പ്രക്രിയ (Manufacturing Process) വിവിധ രാജ്യങ്ങളിലെ ഫാക്ടറികള്‍ക്ക് ഔട്ട്സോഴ്‌സ് ചെയ്തിരിക്കുന്നു. അമേരിക്കന്‍ ബ്രാന്‍ഡായ നൈക്കാണ് ഞാന്‍ ധരിച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ അറിയുക അത് നിര്‍മ്മിച്ചത് വളരെ വിദൂരതയിലുള്ള ചൈനയിലെയോ വിയറ്റ്‌നാമിലെയോ ഏതോ ഒരു ഫാക്ടറിയാവാം.


Tags:    

Similar News