ഒരു കുടക്കീഴിലാക്കാം ഒരുപാട് ബ്രാന്‍ഡുകളെ

ഉപഭോക്താവിന് പരിചിതമായ നിങ്ങളുടെ ബ്രാന്‍ഡിന്റെ ശക്തി ബിസിനസ് വിപുലപ്പെടുത്തുമ്പോള്‍ എങ്ങനെ ഉപയോഗപ്പെടുത്തണം?

Update:2021-09-13 15:33 IST

നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പേര് (Brand Name) വിപണിക്ക് പരിചിതമായിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ ബ്രാന്‍ഡ് തിരിച്ചറിയാം. ആ ഉല്‍പ്പന്നം വിപണി കീഴടക്കിയിരിക്കുന്നു. അതേ വിഭാഗത്തിലുള്ള മറ്റൊരു ഉല്‍പ്പന്നം നിങ്ങള്‍ നിര്‍മ്മിക്കുവാന്‍ പോകുകയാണ്. അങ്ങനെയെങ്കില്‍ ആ ഉല്‍പ്പ ന്നത്തിന് നിങ്ങള്‍ ഏത് ബ്രാന്‍ഡ് നാമം തിരഞ്ഞെടുക്കും?

ഇവിടെ രണ്ട് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഒന്നുകില്‍ വിപണിയില്‍ പ്രചാരം നേടിയ ഉല്‍പ്പന്നത്തിന്റെ അതേ ബ്രാന്‍ഡ് നാമം തന്നെ ഉപയോഗിക്കാം അല്ലെങ്കില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്ന് കണ്ടെത്താം. ഉപഭോക്താക്കള്‍ക്ക് പരിചിതമായ ബ്രാന്‍ഡ് നാമമാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സുഗമമായി വിപണിയില്‍ പ്രവേശിക്കുവാനും കൂടുതല്‍ വേഗത്തില്‍ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുവാനും സാധിക്കും. പുതിയൊരു പേരാണ് കണ്ടെത്തുന്നതെങ്കിലോ? ഉല്‍പ്പന്നത്തിന് വിജയിക്കുവാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.

വാഹനങ്ങളുടെ വിപുലമായ ഒരു ശ്രേണി തന്നെ ടാറ്റ (TATA) നിര്‍മ്മിക്കുന്നുണ്ട്. പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ബസ്സുകള്‍, വാനുകള്‍, മിലിറ്ററി വാഹനങ്ങള്‍ ഇങ്ങനെ വൈവിധ്യമാര്‍ന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെ ടാറ്റയ്ക്കുണ്ട്. എല്ലാ വാഹനങ്ങളും ടാറ്റ എന്ന ഒരൊറ്റ ബ്രാന്‍ഡ് നാമത്തിന്റെ കീഴിലാണ് വിപണിയിലെത്തുന്നത്. വ്യത്യസ്തമായ ഉല്‍പ്പന്ന നാമം (Product Name) ഓരോ ഉല്‍പ്പന്നത്തിനുമുണ്ടെങ്കിലും ബ്രാന്‍ഡ് ഒന്നുതന്നെ.

ടാറ്റ ഒരു അംബ്രല്ല ബ്രാന്‍ഡ് (Umbrella Brand) ആണ്. ഒരേ വിഭാഗത്തിലുള്ള വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഒരു ബ്രാന്‍ഡ് നാമത്തിന് കീഴില്‍ വിപണനം നടത്തുന്ന തന്ത്രമാണ് ടാറ്റ സ്വീകരിക്കുന്നത്. ടാറ്റ എന്ന പേര് വിപണിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. വിപണിയില്‍ അത്രമാത്രം പ്രശസ്തമാണ് ആ ബ്രാന്‍ഡ്. പുതിയൊരു ഉല്‍പ്പന്നം അവതരിപ്പിക്കുമ്പോള്‍ നിലവിലുള്ള ബ്രാന്‍ഡിന്റെ മൂല്യം (Value) വിപണി പിടിച്ചെടുക്കാന്‍ ഉല്‍പ്പന്നത്തെ സഹായിക്കും.

ഈയൊരു തന്ത്രമാണ് വിപണിയില്‍ പ്രശസ്തമായ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഒരിക്കല്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ഇടം പിടിച്ചാല്‍ ആ പേരില്‍ വരുന്ന പുതിയ ഉല്‍പ്പന്നങ്ങളെ അവര്‍ വേഗത്തില്‍ സ്വീകരിക്കും. അംബ്രല്ല ബ്രാന്‍ഡിന്റെയും സല്‍പ്പേര് വിദഗ്ധമായി വിപണനത്തിനായി ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ തികച്ചും വ്യത്യസ്തമായ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ ഒരേ ബ്രാന്‍ഡ് നാമം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും.

മിസ്റ്റര്‍ ക്ലീനിന്റെ (Mr. Clean) ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ഒരേ പേരിലാണ് വിപണിയിലെത്തുന്നത്. അവരുടെ ക്ലീനിംഗ് ലിക്വിഡ്, ബ്രഷുകള്‍, മോപ്പുകള്‍, ബക്കറ്റുകള്‍, ചൂലുകള്‍ തുടങ്ങിയവയെല്ലാം മിസ്റ്റര്‍ ക്ലീന്‍ എന്ന ബ്രാന്‍ഡ് നാമത്തിന്റെ കീഴില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരേ വിഭാഗത്തില്‍ പെട്ട ഉല്‍പ്പന്നങ്ങളായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് ബ്രാന്‍ഡ് തിരിച്ചറിയാനും ബന്ധപ്പെടുത്താനും സാധിക്കുന്നു. അംബ്രല്ല ബ്രാന്‍ഡ് ഒരേ വിഭാഗത്തിലെ വിവിധ ഉല്‍പ്പന്നങ്ങളെ ഒരു ബ്രാന്‍ഡിന്റെ പേരില്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നു.

യൂണിലിവര്‍ പോലുള്ള കോര്‍പ്പറേറ്റുകള്‍ വ്യത്യസ്തങ്ങളായ നിരവധി ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നു. ഒരേ ബ്രാന്‍ഡിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നത്. ഇതിനെ നമുക്ക് ഹൗസ് ഓഫ് ബ്രാന്‍ഡ്‌സ് (House of Brands) എന്ന് വിളിക്കാം. പരസ്പര ബന്ധമില്ലാത്ത, വിവിധ വിഭാഗങ്ങളില്‍ പെട്ട ഉല്‍പ്പന്നങ്ങള്‍ ഒരേ ബ്രാന്‍ഡ് നാമത്തിന്റെ കീഴില്‍ വിപണനം ചെയ്യുക അപ്രായോഗികമാണ്. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.

ഒരിക്കല്‍ ബ്രാന്‍ഡ് നാമം ഉപഭോക്താക്കളുടെ മനസ്സില്‍ കയറിക്കൂടിയാല്‍ അതിനെ ഫലപ്രദമായി മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കുവാന്‍ സാധിക്കും. അങ്ങനെ നോക്കുമ്പോള്‍ അംബ്രല്ല ബ്രാന്‍ഡ് സംരംഭകന്റെ ശക്തമായ ഒരു ആയുധമാണ്.


Tags:    

Similar News