ഒരു സെക്കന്റില്‍ 18 ഓര്‍ഡറുകള്‍ ആമസോണ്‍ ഡെലിവറി ചെയ്യുന്നതെങ്ങനെ?

ബിസിനസ് വലുതാകുന്തോറും അതീവ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമുണ്ട്. അതെന്താണെന്നറിയണ്ടേ?

Update:2022-07-25 11:09 IST

നിങ്ങളുടെ ബിസിനസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അടിപൊളിയാണ്. ധാരാളം ഓര്‍ഡറുകള്‍ വരുന്നു. ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ നിര്‍മ്മിക്കുകയും കൃത്യസമയത്തു തന്നെ കസ്റ്റമേഴ്‌സിന് എത്തിച്ചു നല്‍കാന്‍ സാധിക്കുകയും ചെയ്യുന്നു. വില്‍പ്പനയുടെ വര്‍ദ്ധനവില്‍ ബിസിനസ് കൂടുതല്‍ ലാഭം കൊയ്യുന്നു. ബിസിനസ് തകര്‍പ്പനായി അങ്ങിനെ മുന്നോട്ടു പോകുന്നു.

കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു നീങ്ങുന്നു എന്ന് കരുതുമ്പോള്‍ അതാ വില്‍പ്പന മുന്നിലെ വലിയൊരു മതിലില്‍ തട്ടി നില്‍ക്കുന്നു. ഗംഭീരമായി പോയിക്കൊണ്ടിരുന്ന ബിസിനസില്‍ എവിടെയൊക്കെയോ പാകപ്പിഴകള്‍ സംഭവിച്ചു തുടങ്ങുന്നു. ഓര്‍ഡറുകള്‍ കൂടുന്തോറും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം വൈകുന്നു. അവ കസ്റ്റമേഴ്‌സിന് കൃത്യമായി എത്തിക്കാന്‍ സാധിക്കുന്നില്ല. പരാതികള്‍ കുന്നുകൂടുന്നു. എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ പതറുന്നു.

ഒരാള്‍ ഡ്രസ്സ് വാങ്ങുവാന്‍ വലിയൊരു ഷോപ്പില്‍ കയറുന്നു. അവിടെ നല്ല തിരക്കുണ്ട്. വസ്ത്രം തിരഞ്ഞെടുക്കുവാന്‍ കുറേ നേരം ചെലവഴിക്കുന്നു. സെയില്‍സ് ഗേള്‍ തന്ന കുറിപ്പുമായി ബില്ലിംഗ് കൗണ്ടറില്‍ എത്തുന്നു. അവിടെ നീണ്ട ക്യൂവുണ്ട്. കാത്തുനില്‍പ്പിന് ശേഷം ബില്‍ കിട്ടി പണം നല്‍കാന്‍ തുടങ്ങുമ്പോള്‍ കൗണ്ടറിലെ ആള്‍ പറയുന്നു ക്യാഷ് ഇവിടെയല്ല മറ്റേ കൗണ്ടറില്‍ അടയ്ക്കണമെന്ന്. പിന്നീടയാള്‍ ക്യാഷ് കൗണ്ടറിലെ നീണ്ട ക്യൂവില്‍ ചേരുന്നു. ക്യാഷ് അടയ്ക്കുന്നു. അതിനുശേഷം ഡെലിവറി കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നു. വസ്ത്രവുമായി അയാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ മണിക്കൂറുകള്‍ കഴിയുന്നു. പിന്നീടയാള്‍ ആ സ്ഥാപനത്തിലേക്ക് വരാന്‍ മടിക്കും.

ഒരു സ്ഥാപനം ചെറുതായിരിക്കുമ്പോള്‍ അതിനുള്ളിലെ കാര്യങ്ങള്‍ വളരെ സുഗമമായി നടന്നു പോകും. എന്നാല്‍ സ്ഥാപനം വലുതാകുന്തോറും സങ്കീര്‍ണ്ണത (Complexity) കൂടി വരും. പതിയെ ഉടലെടുക്കുന്ന ഈ സങ്കീര്‍ണ്ണത ബിസിനസിന്റെ വളര്‍ച്ചയെ തടുത്തു നിര്‍ത്തുമ്പോഴാണ് സംരംഭകന്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ഒന്നും സമയത്ത് നടക്കാതെയാകുന്നു. ഉപഭോക്താക്കള്‍ നിരാശരാകുന്നു. ബിസിനസുമായി ബന്ധപ്പെട്ടവരൊക്കെയും (Stake Holders) അസംതൃപ്തരാകുന്നു. എവിടെയോ എന്തോ കുഴപ്പമുള്ളതായി നിങ്ങള്‍ മനസ്സിലാക്കുന്നു. ബിസിനസിനകത്ത് ഒരു കൊടുങ്കാറ്റ് രൂപം കൊള്ളുന്നതുപോലെ.

സങ്കീര്‍ണ്ണത (Complexity) ബിസിനസിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമ്പോള്‍ അത് മറികടക്കാന്‍ ലളിതവല്‍ക്കരണം (Simplification) എന്ന ഒരൊറ്റ തന്ത്രമേയുള്ളൂ. ബിസിനസിലെ ഓരോ പ്രക്രിയയേയും (Process) നയങ്ങളേയും (Policies) നിയമങ്ങളേയും (Rules) പരമാവധി ലളിതമാക്കുക. സങ്കീര്‍ണ്ണതയുടെ ആധിക്യം ജീവനക്കാരുടെ ഉത്സാഹം കെടുത്തും. അവര്‍ ജോലിയില്‍ തൃപ്തരല്ലാതെയാകും'. ബിസിനസ് കൂടുതല്‍ ലളിതമായാല്‍ വളര്‍ച്ച അതിവേഗതയിലാകും. സങ്കീര്‍ണ്ണത ഒരു സംസ്‌കാരമായി മാറിയ ബിസിനസുകളില്‍ മാനേജ്മെന്റ് തീരുമാനങ്ങള്‍ വൈകും. ഒരിക്കലും അവസാനിക്കാത്ത മീറ്റിങ്ങുകളും റിപ്പോര്‍ട്ടുകളും ജീവനക്കാരുടെ മനം മടുപ്പിക്കും. ബിസിനസിലെ ചെലവുകള്‍ കുതിച്ചുയരും.

വളരെ തിരക്കുള്ള രോഗികള്‍ നിറഞ്ഞ ഒരു ആധുനിക ആശുപത്രിയിലേക്ക് നിങ്ങള്‍ കടന്നു ചെല്ലുന്നു. അവിടെ പരിഭ്രമിച്ചു നില്‍ക്കാതെ നേരെ ന്യൂ രജിസ്‌ട്രേഷന്‍ എന്നെഴുതിയ കൗണ്ടറിലേക്ക് നിങ്ങള്‍ ചെല്ലുന്നു. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഡോക്ടറെ കണ്ട് ചെക്കപ്പെല്ലാം കഴിഞ്ഞ് മരുന്നുമായി നിങ്ങള്‍ പുറത്തിറങ്ങുന്നു. ഒരിടത്തും യാതൊരു സങ്കീര്‍ണ്ണതയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. നിങ്ങളുടെ മനസ്സിന് പൂര്‍ണ്ണ തൃപ്തി നല്‍കുന്ന രീതിയില്‍ ലളിതമായി അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. നൂറു കണക്കിന് രോഗികള്‍ ദിവസവും സന്ദര്‍ശിക്കുന്ന ഹോസ്പിറ്റല്‍ എങ്ങിനെയാണ് ഇത് സാധ്യമാക്കുന്നത്?

ഓരോ ദിവസവും ആമസോണ്‍ ഡെലിവറി ചെയ്യുന്നത് ഏകദേശം 1.6 മില്ല്യണ്‍ ഓര്‍ഡറുകളാണ് അതായത് ഒരു മണിക്കൂറില്‍ 66000 ഓര്‍ഡറുകള്‍ ഓരോ സെക്കന്റിലും 18.5 ഓര്‍ഡറുകള്‍. ലളിതവല്‍ക്കരണം (Simplification) ഇതിനെക്കാള്‍ ലളിതമാക്കുന്നതെങ്ങിനെ?


Tags:    

Similar News