ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിക്കും കുതിപ്പിലാണോ? അതോ വെറും കണക്ക് മാത്രമോ?
''ജി.ഡി.പി വളര്‍ച്ചാക്കണക്കുകളെ ഞാന്‍ സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യ വളര്‍ന്നത് 2.3% മാത്രമാണ്''
ജി.ഡി.പി 7.2 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണമായ തൊഴില്‍ശക്തിയുടെയും ഉല്‍പ്പാദനക്ഷമതയുടെയും വര്‍ധന എത്രയാണെന്ന് കണ്ടെത്തണം
ഞാന്‍ ഈയിടെ കണ്ടുമുട്ടിയ ചില സംരംഭകര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിച്ചുയരുകയാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ 7.2 ശതമാനം എന്ന ഏറ്റവും പുതിയ ജി.ഡി.പി വളര്‍ച്ചാ കണക്കുകള്‍ പോലെയുള്ള സൂചകങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവര്‍ സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണെന്ന് പറയുന്നത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുകയാണെന്ന് എനിക്കും തോന്നുന്നുണ്ടോ എന്നാണ് അവരുടെ ചോദ്യം. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കല്‍, കൊവിഡും അത് ഉയര്‍ത്തിയ പ്രശ്നങ്ങളെ നേരിടാനുള്ള ശരിയായ നയങ്ങളുടെ അഭാവവും തുടങ്ങിയ കാരണങ്ങളാല്‍ ഞാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അത്ര പോസിറ്റീവായല്ല കാണുന്നത്. 2017ന്റെ തുടക്കം മുതല്‍ വര്‍ഷങ്ങളായി പല വേദികളിലും ലേഖനങ്ങളിലും ഞാനിത് സൂചിപ്പിച്ചിട്ടുമുണ്ട്.
''യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവായി ചിന്തിക്കുക'' എന്നതിന്റെ വക്താവാണ് താനെന്നും മറിച്ച് ''പ്രതീക്ഷകളുടെ അടിസ്ഥാനത്തില്‍ പോസിറ്റീവായി ചിന്തിക്കുന്ന'' ആളല്ലെന്നും വായനക്കാര്‍ക്ക് അറിയാം.
ജി.ഡി.പി വളര്‍ച്ചാ കണക്കുകളില്‍ സംശയം
ജി.ഡി.പി വളര്‍ച്ചാ കണക്കുകളെ ഞാന്‍ സംശയത്തോടെയാണ് കാണുന്നത്. കാരണം അവ സംഘടിത മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ പങ്കുവഹിക്കുന്ന അസംഘടിത മേഖലയില്‍ നിന്നുള്ള വിവരങ്ങളൊന്നും അതില്‍ ഉള്‍പ്പെടുത്തുന്നില്ല.
നോട്ട് അസാധുവാക്കലിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഭവിക്കുന്നത്, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അസംഘടിത മേഖലയുടെ ചെലവില്‍ സംഘടിത മേഖലയുടെ വളര്‍ച്ചയാണ്. സംഘടിത മേഖലയില്‍ ഒരു തൊഴിലവസരം സൃഷ്ടിക്കപ്പെടുമ്പോള്‍ അസംഘടിത മേഖലയില്‍ പത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. കുറഞ്ഞ തൊഴില്‍ പങ്കാളിത്ത അനുപാതത്തിലൂടെയും രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയും ഇത് പ്രതിഫലിക്കുന്നുണ്ട്.
നമുക്ക് പരിശോധിക്കാം
ഈ ലേഖനത്തില്‍ 2023 വര്‍ഷത്തെ 7.2 ശതമാനം എന്ന ഔദ്യോഗിക ജി.ഡി.പി വളര്‍ച്ചാ നിരക്ക് വിശദമായി പരിശോധിക്കുകയാണ്. രണ്ട് പ്രധാന മേഖലകള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. ജി.ഡി.പിയുടെ 55 ശതമാനം സംഭാവന ചെയ്യുന്ന, 10 ശതമാനം തൊഴിലവസരങ്ങള്‍ നല്‍കുന്ന സംഘടിത മേഖലയും ജി.ഡി.പിയുടെ 45 ശതമാനം സംഭാവന ചെയ്യുകയും 90 ശതമാനം തൊഴിലവസരം നല്‍കുകയും ചെയ്യുന്ന അസംഘടിത മേഖലയുമാണവ.
അതില്‍ അസംഘടിത മേഖലയെ രണ്ട് പ്രധാന ഘടകങ്ങളായി തിരിക്കാം. ജി.ഡി.പിയുടെ 15 ശതമാനം സംഭാവന ചെയ്യുകയും 45 ശതമാനം പേര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന കാര്‍ഷിക മേഖല, ജി.ഡി.പിയുടെ 30 ശതമാനം സംഭാവന ചെയ്യുകയും 45 ശതമാനം പേര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന കാര്‍ഷികേതര അസംഘടിത മേഖല എന്നിവയാണവ.
2022 സാമ്പത്തിക വര്‍ഷത്തെ തൊഴില്‍, ജി.ഡി.പി കണക്കുകളുടെ സംഗ്രഹം താഴെ ചിത്രം ഒന്നില്‍ കാണാം.
Figure 1: GDP and Employment components - FY22
മുന്‍ ലേഖനങ്ങളില്‍ സൂചിപ്പിച്ചിരുന്നതു പോലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് അസംഘടിത മേഖലയെ സ്വതന്ത്രമായി അളന്നുകൊണ്ടുള്ളതല്ല, പകരം സംഘടിത മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രാക്സിയായി എടുത്ത് തയാറാക്കുന്നതാണ്. യഥാര്‍ത്ഥ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കൃത്യമായി അറിയുന്നതിന് അസംഘടിത മേഖലയിലെ വളര്‍ച്ചാ നിരക്ക് കണക്കാക്കേണ്ടതുണ്ട്. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ വിലയിരുത്തുന്നതിലൂടെ അതിന്റെ വളര്‍ച്ച കണക്കാക്കാന്‍ കഴിയും.
ഒരു രാജ്യത്തിന്റെ ജി.ഡി.പി വര്‍ധിക്കുന്നത് തൊഴില്‍ശക്തിയും തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കുന്നതിലൂടെയാണ്. അതുകൊണ്ട് 2023 സാമ്പത്തിക വര്‍ഷം ജി.ഡി.പി 7.2 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണമായ തൊഴില്‍ശക്തിയുടെയും ഉല്‍പ്പാദനക്ഷമതയുടെയും വര്‍ധന എത്രയാണെന്ന് കണ്ടെത്തണം.
ഏജന്‍സികളുടേത് വ്യത്യസ്ത കണക്കുകള്‍
തൊഴിലാളികളുടെ വര്‍ധന എത്രയാണെന്നാണ് ആദ്യം കണക്കാക്കേണ്ടത്. പക്ഷേ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ നല്‍കുന്നത് വ്യത്യസ്ത കണക്കുകളാണെന്നത് ഒരു വെല്ലുവിളിയാണ്. സ്വകാര്യ ഏജന്‍സിയായ സി.എം.ഐ.ഇ., ലോകബാങ്ക് എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നിരുന്നാലും അവര്‍ക്കിടയില്‍ പൊതുവായുള്ള കാര്യം, 2013 മുതല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ മാറ്റമില്ല എന്നതാണ്. അതുകൊണ്ടുതന്നെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ല.
കാര്‍ഷിക മേഖലയിലെ വളര്‍ച്ച നാല് ശതമാനം ആണെന്ന അനുമാനം ശരിയാണെന്ന് സമ്മതിക്കാം. 7.2 ശതമാനം ജി.ഡി.പി വളര്‍ച്ചാ നിരക്ക് കാര്‍ഷിക മേഖലയ്ക്കും സംഘടിത മേഖലയ്ക്കും ബാധകമാണ്. അതായത് സംഘടിത മേഖലയുടെ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ 8.07 ശതമാനമാണ്.
Figure- 2 Actual growth rate of organised sector
8.07 ശതമാനം വളര്‍ച്ചാ നിരക്കില്‍ മൂന്നു ശതമാനം തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത കൂടിയത് വഴിയാണെന്ന് കണക്കാക്കാം. (നമ്മുടെ സംഘടിത മേഖലയോട് സാമ്യമുള്ള വികസിത രാജ്യങ്ങളിലെ ഏകദേശ നിരക്കാണിത്). അപ്പോള്‍, ബാക്കിയുള്ള വളര്‍ച്ച (8.07 ശതമാനം-3 ശതമാനം = 5.07 ശതമാനം) സംഘടിത മേഖലയിലെ തൊഴിലാളികളുടെ വര്‍ധനയില്‍ നിന്ന് ഉണ്ടായതാണ്.
രാജ്യത്തെ മൊത്തം തൊഴില്‍ശക്തി മാറ്റമില്ലാതെ തുടരുന്നതിനാല്‍ അസംഘടിത മേഖലയില്‍ നിന്ന് ഡിമാന്‍ഡ് സംഘടിത മേഖലയിലേക്ക് മാറിയതിന്റെ ഫലമാണ് ഈ വളര്‍ച്ച. ഇതിനര്‍ത്ഥം ജി.ഡി.പിയിലെ 5.07 ശതമാനത്തിന്റെ 55 ശതമാനമായ 2.7 ശതമാനം ഡിമാന്‍ഡ് അസംഘടിത മേഖലയില്‍ നിന്ന് സംഘടിത മേഖലയിലേക്ക് മാറിയെന്നാണ്.
ജി.ഡി.പിയുടെ 30 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷികേതര അസംഘടിത മേഖലയില്‍ 2.79 ശതമാനം കുറവ് ഉണ്ടായെങ്കില്‍ അതിനര്‍ത്ഥം ഈ മേഖലയില്‍ 9.3 ശതമാനം ഇടിവ് ഉണ്ടായെന്നാണ്.
കൂടുതല്‍ കൃത്യമായ ഈ രീതി ഉപയോഗിക്കുമ്പോള്‍ കാര്‍ഷികേതര അസംഘടിത മേഖല 9.3 ശതമാനം ഇടിയുകയും സംഘടിത മേഖല 8.07 ശതമാനവും കാര്‍ഷിക മേഖല നാല് ശതമാനവും വളര്‍ന്നുവെന്നും കാണാം. ഈ മൂന്നു കാര്യങ്ങളും യോജിപ്പിച്ച് നോക്കിയാല്‍ ഇന്ത്യയുടെ 2023 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം അല്ലെന്നും 2.33 ശതമാനം മാത്രമാണെന്നും ചിത്രം മൂന്നില്‍ കാണാം.
Figure-3 Actual GDP growth rate
ഞാന്‍ വിശദീകരിച്ച കാര്യത്തെ കുറിച്ച് പഠിച്ച്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിക്കും കുതിച്ചുയരുന്നുണ്ടോ എന്നതിനെ കുറിച്ച് സ്വന്തമായി നിഗമനത്തിലെത്താനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുന്നു. വിജയിയായ ഒരു സംരംഭകന്‍ പിന്തുടരേണ്ടത് ''യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി പോസിറ്റീവായി ചിന്തിക്കുക'' എന്ന സിദ്ധാന്തമാണ്. അല്ലാതെ ''പ്രതീക്ഷ അടിസ്ഥാനമാക്കി പോസിറ്റീവായി ചിന്തിക്കുക'' എന്നതല്ല.
(This article was originally published in Dhanam Magazine July 31st issue)