വിലക്കുറവെന്ന തന്ത്രം ഇതുപോലെയാണോ നിങ്ങള്‍ പ്രയോഗിക്കുന്നത്?

വിലക്കുറവ് ആളുകളെ ആകര്‍ഷിക്കുന്ന തന്ത്രമാണ്. അത് എങ്ങനെ, എപ്പോള്‍ പ്രയോഗിക്കണം?;

Update:2021-12-13 12:14 IST

'എല്ലാ ദിവസങ്ങളിലും കുറഞ്ഞ വില'' എന്ന ഒരു പരസ്യം നിങ്ങളെ ആകര്‍ഷിക്കുമോ? നിത്യ ജീവിതത്തില്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കും എന്നത് അവഗണിക്കാനാവാത്ത വാഗ്ദാനം തന്നെയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇത്തരം ഓഫറുകള്‍ തുടര്‍ച്ചയായി നല്‍കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. പാല്‍, മുട്ട തുടങ്ങിയ പല നിത്യോപയോഗ ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ വിലയില്‍ ലഭ്യമാകുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഷോപ്പ് സന്ദര്‍ശിക്കുവാന്‍ തുടങ്ങുന്നു.

എന്താണിതിന്റെ മനഃശാസ്ത്രം? ഒരിക്കലും പ്രതീക്ഷിക്കാത്ത വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമ്പോള്‍ അവിടേക്ക് ഉപഭോക്താക്കള്‍ ഒഴുകിയെത്തുന്നു. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു ഓഫര്‍ നല്‍കുമ്പോള്‍ സ്ഥാപനം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല വാങ്ങുന്നത്. അതിനോടൊപ്പം അവിടെയുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ കൂടി വിറ്റുപോകുന്നു. കൂടുതല്‍ ഉപഭോക്താക്കളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുവാനും വില്‍പ്പന കൂട്ടുവാനും ഈ തന്ത്രം സഹായിക്കുന്നു.

ലാഭമില്ലാതെ ചില ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യുകയും അതു വഴി സ്ഥാപനം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. ബിസിനസുകള്‍ ഓഫര്‍ ചെയ്യുന്ന വില ചിലപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന ചെലവിനേക്കാള്‍ താഴെയുമായിരിക്കാം. അതായത് അത്തരം ഉല്‍പ്പന്നങ്ങള്‍ നഷ്ടത്തില്‍ വില്‍ക്കുന്നുവെന്നര്‍ത്ഥം. ഇങ്ങിനെ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ / സേവനങ്ങളെ ലോസ് ലീഡേഴ്‌സ് (Loss Leaders) എന്നു വിളിക്കാം.

ലോസ് ലീഡേഴ്‌സിനെ മുന്‍നിര്‍ത്തിയുള്ള ഈ വില്‍പ്പനതന്ത്രം ശക്തമായി, ഫലപ്രദമായി ഉപയോഗിക്കുന്ന ബിസിനസുകളെ നമുക്ക് ചുറ്റും കാണുവാന്‍ കഴിയും. നിത്യോപയോഗത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്ത് അവയെ ലോസ് ലീഡേഴ്‌സായി നിശ്ചയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ ശൃംഖലയായ ബിഗ് ബസ്സാര്‍ എല്ലാ ബുധനാഴ്ചയും ഉപഭോക്താക്കള്‍ക്ക് ഇത്തരം ഓഫറുകള്‍ നല്‍കുന്നത് നിങ്ങള്‍ക്കറിയാം. അവിശ്വസനീയമായ വിലക്കുറവായിരിക്കും പല നിത്യോപയോഗ സാധനങ്ങള്‍ക്കും ഈ ദിവസം ലഭിക്കുക. ലോസ് ലീഡര്‍ (Loss Leader) തന്ത്രം എത്ര മനോഹരമായിട്ടാണ് അവര്‍ ഉപയോഗിക്കുന്നത്.

വളരെ സാവധാനം മാത്രം വിറ്റുപോകുന്ന ചില ഉല്‍പ്പന്നങ്ങള്‍ ബിസിനസിലുണ്ടാകാം. അല്ലെങ്കില്‍ അനാവശ്യമായി ധാരാളം സ്റ്റോക്ക് ചെയ്തിരിക്കുന്ന ഉല്‍പ്പന്നങ്ങളുണ്ടാകാം. ഇവയെ ലോസ് ലീഡേഴ്‌സാക്കി മാറ്റാം. ഇവയുടെ വിലയില്‍ വരുത്തുന്ന കുറവ് ഉപഭോക്താക്കളെ ആകര്‍ഷിക്കും. അത്തരം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റുപോകും. അവയ്‌ക്കൊപ്പം മറ്റ് ഉല്‍പ്പന്നങ്ങള്‍ കൂടി വിറ്റഴിക്കാന്‍ സാധിക്കും. അനാവശ്യ സ്റ്റോക്ക് സ്ഥലം മെനക്കെടുത്തുന്നത് ഒഴിവാകും. ബിസിനസില്‍ കൂടുതല്‍ ക്യാഷ് ഫ്‌ളോ സൃഷ്ടിക്കപ്പെടും.

പല ഫാഷന്‍ ബ്രാന്‍ഡുകളും ഉപഭോക്താക്കള്‍ നിശ്ചിത തുകയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊപ്പം കുറഞ്ഞ വിലയ്ക്ക് അവരുടെ മറ്റു ചില ഉല്‍പ്പന്നങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുന്നു. ബെല്‍റ്റ്, പേഴ്‌സ്, ബാഗ് തുടങ്ങിയ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഇങ്ങിനെ അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അത്തരം ഓഫറുകള്‍ തടുക്കാന്‍ കഴിയാത്ത പ്രലോഭനമായി മാറുന്നു. ഇത് കൂടുതല്‍ വിലയ്ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നതിലേക്ക് അവരെ നയിക്കുന്നു, വില്‍പ്പന വര്‍ദ്ധിക്കുന്നു.

ലോസ് ലീഡര്‍ വിലയില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചു കൊണ്ടും ഈ തന്ത്രം നടപ്പിലാക്കാറുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകളുടെ തന്ത്രം ശ്രദ്ധിക്കാം. 50 മൊബൈല്‍ ഫോണുകള്‍ അവിശ്വസനീയമായ വിലക്കുറവില്‍ ലഭിക്കുന്നു എന്ന പരസ്യം കാണുന്ന പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കും. എന്നാല്‍ വെറും 50 പേര്‍ക്ക് മാത്രമേ വിലക്കുറവില്‍ ഉല്‍പ്പന്നം ലഭിക്കുകയുള്ളൂ. ഉല്‍പ്പന്നത്തിന് കൂടുതല്‍ പരസ്യം നേടാനും വില്‍പ്പന കൂട്ടാനുമായി ലോസ് ലീഡര്‍ തന്ത്രം അവരെ സഹായിക്കുന്നു.


Tags:    

Similar News