കേരളത്തില്‍ ബിസിനസ് പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടച്ചുപൂട്ടിയത് 18,000ത്തിലധികം സംരംഭങ്ങള്‍

Update:2023-11-13 17:30 IST

Image Courtesy: Canva

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു എന്ന് പറയുമ്പോഴും അതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ട ഒരു വാര്‍ത്തയുണ്ട്- 18,315 സംരംഭങ്ങള്‍ അടച്ചുപൂട്ടി എന്നത്. ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ പൂട്ടിയത് പാലക്കാട്ടാണ് (1880). തൊട്ടു പുറകേ കണ്ണൂര്‍ (1845). വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വാര്‍ത്തയാണിത്. കാരണം 18,315 സംരംഭങ്ങള്‍ പൂട്ടി എന്ന് പറയുമ്പോഴും അനൗദ്യോഗിക കണക്ക് അതിലും എത്രയോ കൂടുതലായിരിക്കും, മാത്രമല്ല ബാക്കിയുള്ള സംരംഭങ്ങള്‍ വന്‍ വിജയമാണെന്നും പറയാനും കഴിയില്ല. ഒരുപക്ഷെ ഒരു നിവൃത്തി യുമില്ലാതെ തുടരുന്ന സംരംഭങ്ങളാവാം. ഏതായിരിക്കും ഈ അടച്ചുപൂട്ടലുകള്‍ക്ക് കാരണം? പരിശോധിക്കാം.

1. വായ്പ മാത്രം മുന്നില്‍ കണ്ടുള്ള സംരംഭങ്ങള്‍:

സര്‍ക്കാരിന്റെ സംരംഭകത്വ വികസന പരിപാടിയില്‍ ക്ലാസ് എടുക്കാന്‍ ചെല്ലുമ്പോള്‍ ഒട്ടുമിക്ക ആളുകളും ചോദിക്കുന്ന ചോദ്യമുണ്ട് - 'എന്തെങ്കിലുമൊരു ബിസിനസ് ആരംഭിക്കണം, എത്ര രൂപ വായ്പ ലഭിക്കും? എത്ര സബ്‌സിഡി ലഭിക്കും?'. ഈ വായ്പയും സബ്‌സിഡിയും മാത്രം മുന്നില്‍ കണ്ടു കൊണ്ട് സംരംഭം ആരംഭിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. കിട്ടുന്ന വായ്പയ്ക്ക് ആനുപാതികമായി എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കുക എന്ന രീതിയില്‍ നിന്നും മികച്ച ആശയം കണ്ടുപിടിച്ച് അത് നടപ്പാക്കുന്നതിനുള്ള തുക കണക്കുകൂട്ടി അത് കണ്ടെത്താനുള്ള വായ്പാ രീതികള്‍ തിരയുകയാണ് വേണ്ടത്.

2. സ്വയം സൃഷ്ടിക്കുന്ന മത്സരം:

പൊതുവെ നാട്ടില്‍ കണ്ടുവരുന്ന ഒരു രീതി, ഒരാള്‍ ഒരു സംരംഭം ആരംഭിച്ച് ലാഭമുണ്ടാക്കാന്‍ തുടങ്ങിയാല്‍ തൊട്ടടുത്ത വീട്ടിലെ ആളും അതേ സംരംഭം അങ്ങ് ആരംഭിക്കും. അതുകണ്ട് മൂന്നാമത്തെ വീട്ടിലുള്ള ആളും ആരംഭിക്കും. ഉപഭോക്താക്കള്‍ വിഭജിച്ച് പോയി ആര്‍ക്കും ലാഭം ലഭിക്കാത്ത അവസ്ഥയായിരിക്കും പലപ്പോഴും അനന്തര ഫലം. ലളിതമെങ്കിലും പുതിയ ആശയം ഉണ്ടാക്കി അത് മാര്‍ക്കറ്റില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. മറ്റുള്ളവരെ കോപ്പി ചെയ്താല്‍ നിങ്ങള്‍ക്ക്  വളരാന്‍ കഴിയില്ല, വളര്‍ന്നവനെ നിങ്ങള്‍ വീഴ്ത്തുകയും ചെയ്യും.

3. ആകര്‍ഷകത്വമില്ലായ്മ:

ഉല്‍പ്പാദനത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങുവാനുള്ള വായ്പയാണ് പൊതുവെ സംരംഭങ്ങള്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ മികച്ച ഉപകരണങ്ങളില്‍ സംരംഭകര്‍ നിക്ഷേപിക്കും. ഏറ്റവും കുറവ് ശ്രദ്ധയും നിക്ഷേപവും നല്‍കുന്നത് ബ്രാന്‍ഡിംഗില്‍ ആയിരിക്കും. ആളുകള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിങ്ങളുടെ സ്ഥാപനത്തിലെ ഉപകരണങ്ങള്‍ കണ്ടാണോ അതോ ഉല്‍പ്പന്നത്തിന്റെ ഭംഗിയും ഗുണമേന്മയും കണ്ടാണോ? നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ നിര്‍മിക്കുന്നു എന്നതില്‍ മാത്രമല്ല അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് ആളുകള്‍ ആകൃഷ്ടരാകുന്നത്. അതിനാല്‍ നിക്ഷേപം കൂടുതലും നടത്തേണ്ടത് ഉല്‍പ്പന്നത്തിന്റെ കാഴ്ചയിലാണ്.

4. മാര്‍ക്കറ്റിംഗിനെക്കുറിച്ച് അറിവില്ലായ്മ:

മെഷീനുകള്‍ വാങ്ങി ഉല്‍പ്പന്നം ആരംഭിക്കുന്നതോടുകൂടി ലഭിച്ച വായ്പ തീരും. മാര്‍ക്കറ്റിംഗിനെ കുറിച്ച് പലരും ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ഉല്‍പ്പന്നം മികച്ചയാത്തതു കൊണ്ടു മാത്രം വില്‍പ്പന നടക്കില്ല. വില്‍പ്പന സംഭവിക്കണമെങ്കില്‍ നല്ല രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്യേണ്ടതുണ്ട്. അതിന് നല്ലൊരു തുക മാറ്റിവയ്ക്കുകയും വേണം. കൂടാതെ മാര്‍ക്കറ്റിംഗ് ചെയ്യാനുള്ള നൈപുണ്യവും പല സംരംഭകര്‍ക്കും ഇല്ല എന്നതു കൂടി ബിസിനസ് പരാജയങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ബിസിനസ് വായ്പകളെക്കുറിച്ചും ലൈസന്‍സുകളെക്കുറിച്ചുമുള്ള ക്ലാസുകള്‍ മാത്രമല്ല സംരംഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്. നൂതനമായ ഉത്പന്നം എങ്ങനെ ഉണ്ടാക്കാം, എങ്ങനെ എല്ലാം മാര്‍ക്കറ്റിംഗ് ചെയ്യാം, എങ്ങനെ ഉല്‍പ്പന്നത്തിന് വില നിശ്ചയിക്കാം, എങ്ങനെ ആളുകളെ ആകര്‍ഷിക്കുന്നതരത്തിലുള്ള ബ്രാന്‍ഡിംഗ് ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തിയെങ്കിലേ ബിസിനസ് പരാജയത്തോത് കുറയ്ക്കാന്‍ സാധിക്കുകയുള്ളു.

About the Author : 

Siju Rajan
Business Branding Strategist 
BRANDisam LLP
+91 8281868299

www.sijurajan.com

Tags:    

Similar News