ഇനി ബിസിനസ് വളര്‍ത്താന്‍ ടെക്നോളജി വേണം

ടെ്കനോളജി വ്യാപകമായി ഉപയോഗിക്കുന്ന കാലത്ത് നമ്മുടെ നാട്ടിലെ കച്ചവടക്കാരും ചെറുകിട ഇടത്തരം സംരംഭങ്ങളും ഏതെല്ലാം ടെക്നോളജികള്‍ ഉള്‍പ്പെടുത്തണമെന്ന് നോക്കാം

Update:2024-05-26 17:20 IST

അതിവേഗം ഒരു സ്ഥലത്തെത്താന്‍ ആരെങ്കിലും ഇപ്പോള്‍ കാളവണ്ടിയില്‍ പോവുമോ? അങ്ങനെ ആരെങ്കിലും യാത്ര ചെയ്താല്‍ അവരെ എങ്ങനെയാകും മറ്റുള്ളവര്‍ നോക്കിക്കാണുക? ഇവര്‍ എപ്പോഴാകും ലക്ഷ്യസ്ഥാനത്ത് എത്തുക? പുതിയ കാലത്ത് പുതിയ യാത്രാ ഉപാധികള്‍ സ്വീകരിക്കാത്തവരെ പോലെയാണ് നമ്മുടെ നാട്ടിലെ ഭൂരിഭാഗം ചെറുകിട ഇടത്തരം ബിസിനസുകളും കച്ചവട സ്ഥാപനങ്ങളും.

ബിസിനസ് വളര്‍ത്താനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും അനുയോജ്യമായ സാങ്കേതിക വിദ്യ ഉണ്ടായിരിക്കുകയും, എന്നാല്‍ അത് ഉള്‍പ്പെടുത്താതെ പരമ്പരാഗത രീതിയില്‍ തന്നെ മുന്നോട്ട് പോവുകയും ചെയ്താല്‍ ഒഴിവാക്കാനാകാത്ത ഒരു കാര്യമേ സംഭവിക്കൂ, അടച്ചുപൂട്ടല്‍. ഒരു സാധാരണ കച്ചവട സ്ഥാപനമോ ചെറുകിട, ഇടത്തരം സംരംഭമോ അടച്ചുപൂട്ടുമ്പോള്‍ അതിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഉപജീവനമാര്‍ഗം അടയുക മാത്രമല്ല, സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ പ്രത്യാഘാതവും അത് സൃഷ്ടിക്കും.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ചെറുകിട ഇടത്തരം കമ്പനികളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലകളില്‍ ഒന്ന് ഇതാണ്. രാജ്യത്തെ വ്യവസായ മേഖലയുടെ സിംഹഭാഗവും ചെറുകിട ഇടത്തരം കമ്പനികളാണ്. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉല്‍പ്പാദനത്തിന്റെ 40 ശതമാനത്തിലേറെ സംഭാവന ചെയ്യുന്നതും ഈ മേഖലയാണ്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. തൊഴില്‍ നല്‍കുന്നതിലും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സംഭാവന നല്‍കുന്നതിലും ഗണ്യമായ പങ്ക് വഹിക്കുന്നത് കച്ചവട മേഖലയും ചെറുകിട ഇടത്തരം വ്യവസായ മേഖലയുമാണ്. എംഎസ്എംഇ രംഗത്ത് കൂടുതല്‍ കമ്പനികള്‍ വരുന്നതിനോടൊപ്പം
ഈ രംഗത്തുണ്ടായിരുന്ന പല കമ്പനികളും കാലോചിതമായ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് വളര്‍ച്ചാപാതയിലുമാണ്. അതേസമയം ഒട്ടേറെ ബിസിനസുകള്‍ ഇവയോടെല്ലാം മുഖംതിരിച്ച് നില്‍ക്കുന്നുമുണ്ട്.

കാലോചിതമായ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ട സാമ്പത്തിക സ്ഥിതി ഇല്ലാത്തത്, എന്തെല്ലാം സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് ധാരണയില്ലായ്മ എന്നിവയെല്ലാം ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തുന്നതില്‍ നിന്ന് ഇവയെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ പരമ്പരാഗത രീതികളില്‍ നിന്ന് മാറി സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകളെ ആശ്രയിക്കുന്നതിലൂടെ മാത്രമേ ഇനി വളര്‍ച്ച സാധ്യമാകൂ. എങ്ങനെയാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എം.എസ്.എം.ഇ.കള്‍ക്ക് തങ്ങളുടെ ബിസിനസ് വലിയ തോതില്‍ വളര്‍ത്താന്‍ സാധിക്കുകയെന്ന് പരിശോധിക്കാം.

1. കസ്റ്റമര്‍ റിലേഷന്‍ഷിപ് നടപ്പാക്കല്‍

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫല പ്രദമായി സംഘടിപ്പിക്കാനും വിശകലനം ചെയ്യാനും ഇഞങ (Customer Relationship Management) സഹായിക്കുന്നു. ഇത് ബിസിനസ് കൂട്ടാന്‍ നല്ല രീതിയില്‍ ഗുണം ചെയ്യും. ഉപഭോക്താക്കളുടെ ലോയല്‍റ്റി ഉറപ്പാക്കാനും ഉപകരിക്കും.

2. ക്ലൗഡ് കംപ്യൂട്ടിംഗ്

ഉയര്‍ന്ന മുതല്‍മുടക്ക് ഇല്ലാതെ ആവശ്യാനുസരണം സോഫ്റ്റ്വെയറും സെര്‍വറുകളും ഉപയോഗിക്കാന്‍ ക്ലൗഡ് സേവനങ്ങള്‍ അനുവദിക്കുന്നു. ചെലവ് കുറയ്ക്കാനും ഐടി അഡ്മിനിസ്ട്രേഷന്‍ ലളിതമാക്കാനും ഇത് സഹായിക്കുന്നു.

3. സൈബര്‍ സെക്യൂരിറ്റി


ഡിജിറ്റല്‍ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഡാറ്റ സുരക്ഷ വളരെ പ്രധാനമാണ്. പ്രധാനമായും വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്‍ക്രിപ്ഷന്‍ (encryption), Firewall എന്നിവ ഉപയോഗിക്കുക.

ബിസിനസ് രഹസ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പാസ് വേര്‍ഡ് നയങ്ങള്‍ (password policies) നടപ്പിലാക്കുകയും ജീവനക്കാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുകയും വേണം. റെഗുലേറ്ററി പാലനത്തിനായി ഡാറ്റ പരിരക്ഷ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക (data protection regulations).

4. വിവരവിശകലനം

ഉപഭോക്താക്കളുടെ പെരുമാറ്റ രീതികളും വിപണിയിലെ ട്രെന്‍ഡും മനസിലാക്കാന്‍ വിവരവിശകലനം സഹായിക്കും. ഇത് കൂടുതല്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനും നിലവിലുള്ള ബിസിനസ് തന്ത്രങ്ങള്‍ മെച്ചപ്പെടുത്താനും പുതിയവ രൂപീകരിക്കാനും ഉപകരിക്കും.

5. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് വിപണി വളരെ വേഗത്തില്‍ കണ്ടെത്താം. ലക്ഷ്യമിടുന്ന വിപണിയിലേക്ക് എളുപ്പത്തില്‍ എത്താനും ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സഹായിക്കുന്നു.

6. പേയ്മെന്റ് ഗേറ്റ്വേ

ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പണമടയ്ക്കല്‍ മാര്‍ഗങ്ങള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേകള്‍ ഉപയോഗിക്കുക. ഇതുവഴി കച്ചവടം വര്‍ധിക്കാനും ക്യാഷ്ഫ്‌ളോ മെച്ചപ്പെടുത്താനും കഴിയും.

7. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏകീകരണം

എ.ഐ (നിര്‍മിത ബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിച്ച് വിപണന സാധ്യതകള്‍ കൂടുതല്‍ കൃത്യമാക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും സാധിക്കും. ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ച് 24/7 ഉപഭോക്താക്കളെ പിന്തുണയ്ക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയും. ഉല്‍പ്പാദന പ്രക്രിയയില്‍ മെഷീന്‍ ലേണിംഗ് (machine learning) ഉപയോഗിച്ച് ന്യൂനതകള്‍ കണ്ടെത്താനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.

8. ഇ.ആര്‍.പി നടപ്പാക്കല്‍

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഏകീകരിക്കാനും ERP (Enterprise Resource Planning) സംവിധാനം കൊണ്ട് വളരെ വേഗം കഴിയും. ഇന്‍വെന്ററി മാനേജ്മെന്റ്, ഫിനാന്‍സ്, എക്കൗണ്ടിംഗ്, ഉല്‍പ്പാദനം തുടങ്ങിയ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനവും ഇതിലൂടെ നടത്താം.

9. മൊബൈല്‍ സൊല്യൂഷനുകള്‍

ഉപഭോക്താക്കളുമായി എപ്പോഴും ബന്ധം സ്ഥാപിക്കാനും മൊബൈല്‍ ആപ്പുകളും റെസ്‌പോണ്‍സീവ് വെബ്‌സൈറ്റുകളും വഴി തടസമില്ലാത്ത ഉപഭോക്തൃ സേവനങ്ങള്‍ നല്‍കാനുമുള്ള അവസരങ്ങള്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മൊബൈല്‍ സംവിധാനത്തിലൂടെ ലഭിക്കുന്നു.

10. ഓണ്‍ലൈന്‍ ട്രെയ്നിംഗ്

മത്സരം കടുത്ത ബിസിനസ് ലോകത്ത് മുന്നേറാന്‍ തൊഴിലാളികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ വഴി തൊഴിലാളികള്‍ക്ക് പുതിയ കഴിവുകള്‍ പഠിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനുമുള്ള അവസരം നല്‍കണം.

11. ബിസിനസ് നെറ്റ്വര്‍ക്കിംഗ്


ഓണ്‍ലൈന്‍ ബിസിനസ് നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വിപണി വിപുലീകരിക്കാനും പുതിയ പങ്കാളികളെ കണ്ടെത്താനും നമ്മെ സഹായിക്കും. വിദഗ്ധരുമായി ബന്ധപ്പെടാനും ബിസിനസ് ട്രെന്‍ഡുകള്‍ മനസിലാക്കാനുമുള്ള അവസരവും ഇവ നല്‍കുന്നു. സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന് തയാറാകാതെ നിന്നാല്‍ ബിസിനസ് ലോകത്തു നിന്നു തന്നെ തുടച്ചുമാറ്റപ്പെടും.

12. ഇന്റേണല്‍ ടൂളുകള്‍ പ്രയോജനപ്പെടുത്തുക

അസറ്റ് മാനേജര്‍, ടിക്കറ്റിംഗ് ടൂളുകള്‍ തുടങ്ങിയ ഇന്റേണല്‍ ടൂളുകള്‍ കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ട്രാക്ക് ചെയ്യാനും ടെക്നീഷ്യന്മാര്‍ക്ക് അതാത് ജോലികള്‍ നിര്‍ദേശിക്കാനും ടിക്കറ്റിംഗ് ടൂളുകള്‍ സഹായിക്കുന്നു.

(സ്‌കൈബര്‍ടെക് ഐടി ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ലേഖകന്‍ സുരേഷ് കുമാര്‍)
Tags:    

Similar News