മന്ത്രമില്ല മായമില്ല, ഡാറ്റ വെച്ച് മനമറിയാം, സെയ്ല്‍സ് കൂട്ടാം

കച്ചവടം കൂട്ടാന്‍ ഉപഭോക്താവിനെ അടിമുടി അറിയാനും വിവരങ്ങള്‍ ശേഖരിക്കാനും ഇന്നത്തെ കാലത്ത് നിരവധി മാര്‍ഗങ്ങളുണ്ട്

Update: 2022-12-26 06:48 GMT

നിങ്ങള്‍ യാത്രയിലാണ്. രാത്രിയില്‍ തങ്ങാന്‍ നിങ്ങള്‍ ഹോട്ടലില്‍ മുറിയെടുക്കുന്നു. കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് കട്ടിയുള്ള തലയിണകള്‍ (Hard Pillows) ഉപയോഗിക്കുവാനാണ് ഇഷ്ടം. നിങ്ങളത് ആവശ്യപ്പെടുകയും ഉടനെ തന്നെ ഹോട്ടല്‍ നിങ്ങള്‍ക്കത് നല്‍കുകയും ചെയ്യുന്നു. പിന്നീട് ആ ഹോട്ടല്‍ ചെയിനിന്റെ ലോകത്തെവിടെയുമുള്ള ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ കട്ടിയുള്ള തലയിണകള്‍ അവര്‍ നിങ്ങള്‍ക്കായി മുറിയില്‍ ഒരുക്കിവെയ്ക്കുന്നു.

നിങ്ങള്‍ക്കൊരു കാര്‍ വാങ്ങണം. നിങ്ങള്‍ ഷോറൂമില്‍ എത്തുന്നു. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന  വാഹനത്തില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നു. എന്നാല്‍ നിങ്ങള്‍ ആ വാഹനം വാങ്ങുവാന്‍ തീരുമാനം എടുത്തിട്ടില്ല. നിങ്ങള്‍ തിരികെ പോരുന്നു. എന്നാല്‍ ആ നിമിഷം തൊട്ട് നിങ്ങള്‍ കാണുന്ന ഡിജിറ്റല്‍ മീഡിയയിലൊക്കെ ആ കാറിന്റെ പരസ്യം നിങ്ങളെത്തേടിയെത്തുന്നു.

ആദ്യം കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയ ഷോറൂമിലെ വില്‍പ്പനക്കാരന്‍ നിങ്ങള്‍ക്കൊരു വില തന്നിരുന്നു. എന്നാല്‍ ആ വിലയില്‍ നിങ്ങള്‍ തൃപ്തനായിരുന്നില്ല. അതിനാല്‍ നിങ്ങള്‍ അവരുടെ തന്നെ മറ്റൊരു ഷോറൂം സന്ദര്‍ശിക്കുന്നു. അവിടെ മറ്റൊരു വില്‍പ്പനക്കാരന്‍ നിങ്ങളെ സ്വീകരിക്കുന്നു. എന്നാല്‍ ആദ്യത്തെ ഷോറൂമില്‍ നിങ്ങള്‍ക്ക് ലഭിച്ച വിലയുടെ കൃത്യമായ വിവരം അയാള്‍ക്കറിയാം. നിങ്ങള്‍ അയാളെ ബന്ധപ്പെടുന്ന നിമിഷം തന്നെ അയാള്‍ക്ക് ആ വിവരം അവരുടെ നെറ്റ്വര്‍ക്കിലൂടെ ലഭിക്കുന്നുണ്ട്. ആദ്യത്തെ ഓഫറിനെക്കാള്‍ കുറച്ചു കൂടി മെച്ചപ്പെട്ട ഒന്ന് അയാള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. അതിഷ്ടപ്പെട്ട നിങ്ങള്‍ കാര്‍ ബുക്ക് ചെയ്യുന്നു.

നിങ്ങളെക്കുറിച്ച് ബിസിനസിന് ലഭിക്കുന്ന വിവരങ്ങള്‍ അതിവേഗം അവരുടെ സംവിധാനങ്ങളിലൂടെ സഞ്ചരിക്കുന്നു. നിങ്ങളുടെ അഭിരുചികള്‍ എന്തൊക്കെയാണ്? നിങ്ങള്‍ ഏത് തരം ഉല്‍പ്പന്നങ്ങളാണ് തിരയുന്നത്? നിങ്ങള്‍ ഉദ്ദേശിക്കുന്ന വില എന്താണ്? എന്നിങ്ങനെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം വ്യത്യസ്ത ചാനലുകളിലൂടെ പങ്കുവെയ്ക്കപ്പെടുന്നു. ഷോപ്പുകള്‍, വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ടെലിഫോണ്‍, സോഫ്‌റ്റ്വെയര്‍ എല്ലാം ഇതിനായി ഉപയോഗപ്പെടുത്തുന്നു.

ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗില്‍ (Omnichannel Marketing) ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. ബിസിനസുകളുടെ എല്ലാ ടച്ച് പോയിന്റുകളേയും ഇതിനായി സംയോജിപ്പിക്കുന്നു. ഒരു ഷോറൂമില്‍ വരുന്ന ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ മറ്റ് ഷോറൂമുകളില്‍ അറിയാന്‍ സാധിക്കുന്നു. ഉപഭോക്താവ് കടന്നു വരുമ്പോള്‍ തന്നെ അയാളുടെ ഡാറ്റ ബിസിനസ് എക്സിക്യൂട്ടീവിന് അറിയാനാകുന്നു.

വിവരങ്ങളുടെ ഈ പങ്കിടല്‍ ബിസിനസിന് ശക്തി നല്‍കുന്നു. ഓരോ ഉപഭോക്താവും എത്ര പ്രധാനമുള്ളതാണെന്ന് തിരിച്ചറിയുന്ന ബിസിനസുകള്‍ക്ക് അവര്‍ നഷ്ടപ്പെടുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഉപഭോക്താവിന്റെ ഇഷ്ടങ്ങളെ തിരിച്ചറിയുകയും അവ പിന്തുടരുകയും ചെയ്യാന്‍ അവര്‍ ഡാറ്റ ഉപയോഗിക്കുന്നു.

നിങ്ങള്‍ ഒരു ഷോപ്പിലേക്ക് കടന്നു ചെല്ലുന്നു. അവിടെ സെയില്‍സ് എക്സിക്യൂട്ടീവുകള്‍ കയ്യില്‍ ഐ പാഡുകളുമായി നിങ്ങളെ സ്വീകരിക്കുന്നു. നിങ്ങള്‍ തിരയുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ, ഏറ്റവും പുതിയ അറിവുകള്‍ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ബില്‍ ചെയ്യുവാനും അവര്‍ ഈ ഐ പാഡ് ഉപയോഗിക്കുന്നു. നിങ്ങള്‍ ഷോപ്പില്‍ അന്വേഷിക്കുന്ന ഒരു ഉല്‍പ്പന്നം ലഭിക്കുന്നില്ല എന്നിരിക്കട്ടെ ഉടനെതന്നെ അവര്‍ ആ ഉല്‍പ്പന്നം ഓണ്‍ലൈനില്‍ നിങ്ങള്‍ക്കായി അപ്പോള്‍ത്തന്നെ ഓര്‍ഡര്‍ ചെയ്യുന്നു.

അതെ, ഉപഭോക്താക്കളുടെ അനുഭവങ്ങളില്‍ വ്യത്യസ്തതകള്‍ സൃഷ്ടിക്കുവാന്‍ ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗിന് (Omnichannel Marketing) സാധിക്കും. ഇതിലൂടെ വില്‍പ്പന ഉയരും. ഈ തന്ത്രം ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുവാന്‍ കൂടി ബിസിനസുകള്‍ ശ്രദ്ധിക്കണം.

Tags:    

Similar News