ഗ്രാമീണ വിപണിയോ, നഗര വിപണിയോ? വിപണികളിലെ വ്യത്യസ്തത പഠിച്ച് വിപണനം ആരംഭിക്കൂ

ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ ഇരു വിപണികളിലും വിറ്റുപോകുക അസാധ്യമാണ്

Update:2023-09-20 15:57 IST

Image courtesy: canva

ഓരോ വിപണിയും വ്യത്യസ്തമാണ്. ഒരു വിപണിയിലെ തന്ത്രങ്ങള്‍ മറ്റൊരു വിപണിയില്‍ ചെലവാകണമെന്നില്ല. ഉല്‍പ്പന്നമോ സേവനമോ വിപണിയിലേക്ക് പരിചയപ്പെടുത്തും മുമ്പേ വിപണിയെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. എല്ലാ വിപണികളും ഒരുപോലെയല്ല ഉല്‍പ്പന്നത്തോട് പ്രതികരിക്കുന്നത്. വിപണികള്‍ക്കോരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഉദാഹരണമായി ഗ്രാമീണ വിപണികളിലും (Rural Markets) നഗര വിപണികളിലും (Urban Markets) അവലംബിക്കുന്ന വിപണന മാര്‍ഗ്ഗങ്ങള്‍ വിഭിന്നങ്ങളാകാം. 

നിങ്ങളുടെ ഉല്‍പ്പന്നം ആരെയാണ് ലക്ഷ്യമിടുന്നത്? അവര്‍ ഗ്രാമങ്ങളിലാണോ നഗരങ്ങളിലാണോ താമസിക്കുന്നത്? ഒരേ രീതിയിലുള്ള വിപണന രീതികള്‍ സ്വീകരിച്ചാല്‍ മതിയാകുമോ? അല്ലെങ്കില്‍ എന്തൊക്കെ പരിഗണിച്ചാവണം വിപണനം നടത്തേണ്ടത്? നഗരങ്ങളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ അതേപോലെ ഗ്രാമങ്ങളില്‍ വിറ്റഴിയണമെന്നില്ല. രണ്ടിടങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ വ്യത്യസ്തരാണ്. അവരുടെ ജിവിത ശൈലികളില്‍, വരുമാനത്തില്‍, ചിന്താഗതികളില്‍ വൈജാത്യങ്ങളുണ്ട്. ഇത് വില്‍പ്പനയെ സ്വാധീനിക്കും.

ഗ്രാമീണ വിപണികളേയും നഗര വിപണികളേയും ലക്ഷ്യമിടുമ്പോള്‍ പരിഗണിക്കേണ്ട വസ്തുതകള്‍ എന്തൊക്കെയാണ്? തീര്‍ച്ചയായും സംരംഭകര്‍ ഇത് അറിഞ്ഞിരിക്കേണ്ടതാണ്. തന്റെ ഉപയോക്താക്കളെ കൃത്യമായി തിരിച്ചറിയുക ബിസിനസിന്റെ വിജയത്തിന് നിര്‍ണ്ണായകമാകുന്നു.

1.ആവശ്യകത നിവാസികളെ ആശ്രയിച്ചിരിക്കുന്നു

നഗരങ്ങളില്‍ താമസിക്കുന്നവര്‍ വൈവിധ്യമാര്‍ന്ന ജനസമൂഹമാണ്. ഇവര്‍ക്ക് ഉയര്‍ന്ന വരുമാനവും വ്യത്യസ്ത വിപണികളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി വിപുലമായ പരിചയവും സമ്പര്‍ക്കവും ഉണ്ടായിരിക്കും. നല്ല ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കൂടുതല്‍ തുക ചെലവിടാന്‍ ഇവര്‍ക്ക് തയ്യാറാണ്.

ആപ്പിളിന്റെ (Apple) നഗരങ്ങളിലെ തന്ത്രം നോക്കുക. അവര്‍ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ തങ്ങളുടെ ഷോപ്പുകള്‍ സ്ഥാപിച്ചു. ഇതിലൂടെ സാങ്കേതിക ജ്ഞാനമുള്ള നഗര ഉപഭോക്താക്കളെ അവര്‍ ലക്ഷ്യം വെച്ചു. ഇന്നോവേറ്റീവായ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ചു.

ഗ്രാമീണ മേഖലകളിലെ നിവാസികള്‍ ഇതില്‍ നിന്നും വ്യത്യസ്തരാണ്. അവരെല്ലാം ഏകദേശം ഒരുപോലുള്ളവരാണ് (Homogenous). അവരുടെ വരുമാനം നഗരത്തിലെ ആളുകളെ അപേക്ഷിച്ച് കുറവുമാണ്. ഇവരുടെ മുന്‍ഗണനളെ സ്വാധീനിക്കുന്നത് പരമ്പരാഗത ജീവിതശൈലി, ഉല്‍പ്പന്നത്തിന്റെ ഉപയോഗങ്ങള്‍, കൃഷി തുടങ്ങിയവയാകുന്നു.

ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ലക്ഷ്യമിട്ടത് കര്‍ഷകരേയും ഗ്രാമീണ നിവാസികളെയുമായിരുന്നു. അവര്‍ക്കായി മഹിന്ദ്ര കരുത്തുറ്റ, ദൈനംദിന ഉപയോഗത്തിനായുള്ള വാഹനങ്ങള്‍ നിര്‍മ്മിച്ചു. ഈ വാഹനങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

2.ഉല്‍പ്പന്നങ്ങളുടെ വേഗത്തിലുള്ള ലഭ്യത പ്രധാനമാകുന്നു

നഗര പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലാണ്. നല്ല റോഡുകളും ഗതാഗത സൗകര്യങ്ങളും നഗരങ്ങളിലുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികത സൗകര്യങ്ങളുടെ കാര്യത്തിലും നഗരങ്ങള്‍ മികച്ചു നില്‍ക്കുന്നു. ആമസോണ്‍ പ്രൈമിന്റെ 'Same Day Delivery Service'നഗര വിപണികളില്‍ വേഗത്തില്‍ വിജയം കൈവരിക്കുകയുണ്ടായി. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗതയിലുള്ള ഡെലിവറി സേവനം നല്‍കുവാനായി അവരെ സഹായിച്ചു.

നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നിലാകുന്നു. ഗതാഗത, സാങ്കേതിക സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ നഗരങ്ങളുടെ അത്രയും ഇനിയും വികസിച്ചിട്ടില്ല. അതുകൊണ്ട് കൊക്കോകോള ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സ്വീകരിച്ചത് വേറിട്ടൊരു തന്ത്രമായിരുന്നു. അവര്‍ പ്രാദേശിക സംരംഭകരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ ഉപയോഗിച്ചു. ഇതിലൂടെ ഗ്രാമങ്ങളുടെ എല്ലായിടങ്ങളിലും നുഴഞ്ഞുകയറുവാന്‍ അവര്‍ക്ക് സാധിച്ചു.

3.തിരഞ്ഞെടുപ്പിലുള്ള ഉപഭോക്താക്കളുടെ വ്യത്യസ്തത അറിയേണ്ടതുണ്ട്

നഗരങ്ങളിലെ ഉപഭോക്താക്കള്‍ വാങ്ങല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ട്രെന്‍ഡുകള്‍, സൗകര്യങ്ങള്‍, ബ്രാന്‍ഡ് വിശ്വാസ്യത എന്നിവയെ മുന്‍നിര്‍ത്തിയാണ്. മാളുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, നിഷ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കൂടുതലും നഗരങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വളര്‍ച്ച നേടുന്നു. പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ വേഗത്തില്‍ വിപണിയിലേക്ക് അവതരിപ്പിച്ചുകൊണ്ട് 'Zara'എന്ന ഫാഷന്‍ ബ്രാന്‍ഡ് നഗരങ്ങളെ പെട്ടെന്ന് കീഴടക്കി. മാറിവരുന്ന ട്രെന്‍ഡുകളില്‍ അവബോധമുള്ള നഗരത്തിലെ ഉപഭോക്താക്കളെയാണ് അവര്‍ ലക്ഷ്യമിട്ടത്.

ഗ്രാമങ്ങളില്‍ ഉപഭോക്താക്കളെ നോക്കൂ. അവര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വിശ്വാസ്യതയ്ക്കും മുന്‍തൂക്കം നല്‍കുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ ഇന്നും പരമ്പരാഗതമായ ഷോപ്പിംഗ് ശൈലി പിന്തുടരുന്നു. നമ്മുടെ സ്വന്തം അമുല്‍ ഗ്രാമങ്ങളെ കീഴടക്കിയത് വിശ്വാസ്യത കൊണ്ടു തന്നെയാണ്. ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും വരെ എത്തിച്ചേരുന്ന പ്രാദേശിക സഹകരണ സ്ഥാപനങ്ങളിലൂടെ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത് അമുല്‍ ഗ്രാമീണ മനസ്സുകള്‍ കയ്യേറി.

4.വില നിര്‍ണ്ണയിക്കുന്നത് തെറ്റരുത്

ഉല്‍പ്പന്നങ്ങളുടെ മേന്മയ്ക്കും ബ്രാന്‍ഡിനുമായി പ്രീമിയം വില നല്‍കുവാന്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ തയ്യാറാകുന്നു. നഗരങ്ങളിലെ ലക്ഷ്വറി ബ്രാന്‍ഡുകളുടെ വില്‍പ്പന ഇത് ശരിവെക്കുന്നു. ഫാഷന്‍ ബ്രാന്‍ഡ് 'Louis Vuitton' തന്ത്രപരമായി തങ്ങളുടെ ഷോപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത് നഗരങ്ങളിലാണ്. വിലപിടിച്ച തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്തമായ അനുഭവത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.

എന്നാല്‍ ഗ്രാമങ്ങളില്‍ ഉപഭോക്താക്കള്‍ വിലയില്‍ അതീവ ശ്രദ്ധാലുക്കളാണ്. തങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്ന വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ അവര്‍ വാങ്ങുകയുള്ളൂ. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ കുറഞ്ഞ വിലയിലുള്ള ചെറിയ ഉല്‍പ്പന്ന പാക്കറ്റുകള്‍ (Sachets) ഗ്രാമങ്ങളില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഉയര്‍ന്ന വിലകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ കഴിവില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത് അനുഗ്രഹമായി. ഗ്രാമീണ വിപണിയിലെ ഒരു ''Game Changer' തന്നെയായി മാറി ഈ പരീക്ഷണം.

വിപണികളിലെ ഈ വ്യത്യസ്തതകള്‍ പഠിച്ചിട്ടു വേണം വിപണനം ആരംഭിക്കാന്‍. ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ ഇരു വിപണികളിലും വിറ്റുപോകുക അസാധ്യമാണ്. വിപണികളിലെ വില്‍പ്പന ചാലകശക്തികള്‍ വ്യത്യസ്തങ്ങളാണ്. വിപണിയെ ശരിയായി പഠിച്ച സംരംഭകന് രണ്ടു വിപണികളിലും കാലുറപ്പിക്കാന്‍ സാധിക്കും. വിപണികളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. ഇത് മനസ്സിലാക്കാനും അതിനെ സ്വീകരിക്കാനും സംരംഭകന്‍ തയ്യാറാകണം. എന്റെ ഉല്‍പ്പന്നം മികച്ചതാണ്. എല്ലാ വിപണികളും ഒരുപോലെ പോസിറ്റീവായി അതിനോട് പ്രതികരിക്കും എന്നത് ശരിയാവണമെന്നില്ല. വിപണിയെ മനസ്സിലാക്കുക, അതിനോട് ശരിയായ വിപണന സമീപനം സ്വീകരിക്കുക.

Tags:    

Similar News