'സെല്‍ഫ് മെയ്ഡ് മാന്‍' വെറുമൊരു മിഥ്യ

'സെല്‍ഫ് മെയ്ഡ് മാന്‍' എന്ന് നാം പലരെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ ആ പ്രയോഗം അര്‍ത്ഥശൂന്യമാണെന്ന് മനസ്സിലാകും

Update: 2021-05-02 03:02 GMT

ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ ഓസ്ട്രിയയിലെ ചെറിയൊരു പട്ടണത്തിലെ പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. ഹോളിവുഡിലെ വലിയൊരു താരമായി മാറുന്നത് അദ്ദേഹം സ്വപ്‌നം കണ്ടു.

പതിനഞ്ചു വയസ്സായപ്പോള്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് പരിശീലനം ആരംഭിച്ച അദ്ദേഹം ഇരുപതാമത്തെ വയസ്സില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടി. ആ പദവി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി മാറി, അദ്ദേഹം. ഒരു വര്‍ഷത്തിനു ശേഷം കൈയിലൊരു ജിം ബാഗും പരിമിതമായ ഇംഗ്‌ളീഷ് പരിജ്ഞാനവും സ്വപ്‌നം സാധ്യമാക്കാനുള്ള ഉറച്ച മനസ്സുമായി അദ്ദേഹം അമേരിക്കയിലേക്ക് യാത്രതിരിച്ചു.
അദ്ദേഹത്തിന്റെ ശരീരം വിചിത്രമായ ഒന്നാണെന്നും ഹാസജനകമായ ജര്‍മന്‍ ചുവയുള്ള ഉച്ചാരണമാണെന്നും പേരിന് വളരെ നീളക്കൂടുതലാണെന്നും പറഞ്ഞ് സിനിമയുമായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ആരെയൊക്കെ കണ്ടിട്ടും, എല്ലാവരും പറഞ്ഞത് അവസരമില്ല എന്നു മാത്രമായിരുന്നു.
വര്‍ഷങ്ങളുടെ നിരന്തരമായ ശ്രമത്തിനു ശേഷം Conan the Barbarian എന്ന ചിത്രത്തില്‍ ഒരു അവസരം അദ്ദേഹത്തിന് ലഭിക്കുകയും ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാകുകയും ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം 'ദി ടെര്‍മിനേറ്റര്‍' എന്ന ചിത്രത്തിലെ താരപരിവേഷമുള്ള വേഷം അദ്ദേഹത്തെ തേടിയെത്തി.
'ദി ടെര്‍മിനേറ്റര്‍' അദ്ദേഹത്തെ ഒരു ആഗോള താരമാക്കി മാറ്റി. പ്രതിബന്ധങ്ങള്‍ക്കിടയിലും 90 കളിലെ ഏറ്റവും വലിയ ഹോളിവുഡ് താരങ്ങളിലൊരാളായി അദ്ദേഹം മാറി.
സ്വയം വളര്‍ന്നു വന്ന (സെല്‍ഫ് മെയ്ഡ്) മനുഷ്യനെന്ന നിലയില്‍ താങ്കളുടെ വിജയമന്ത്രം എന്താണെ'ന്ന് പലരും ചോദിക്കാറുണ്ടെന്ന് ആര്‍നോള്‍ഡ് പറയുന്നു. 'ഞാന്‍ സെല്‍ഫ് മെയ്ഡ് മനുഷ്യനല്ല, പലരുടെയും സഹായം എനിക്ക് ലഭിച്ചിട്ടുണ്ട്' എന്നാണ് ഇതിന് പതിവായി നല്‍കുന്ന മറുപടി.
ആര്‍നോള്‍ഡിനെ ഉദ്ധരിക്കുകയാണെങ്കില്‍...
'രക്ഷിതാക്കള്‍, കോച്ചുമാര്‍, അധ്യാപകര്‍, എനിക്ക് പരിശീലനവും ജിമ്മിനോട് ചേര്‍ന്ന് കിടന്നുറങ്ങാന്‍ മുറിയും നല്‍കിയ നന്മയുള്ള ആളുകള്‍, എനിക്ക് ബുദ്ധിയും ഉപദേശങ്ങളും പകര്‍ന്നു നല്‍കിയ ഗുരുക്കന്മാര്‍, മാഗസിന്‍ പേജുകളിലൂടെ എന്നെ പ്രചോദിതരാക്കിയ ആരാധനാ വിഗ്രഹങ്ങള്‍ തുടങ്ങിയവര്‍ നല്‍കിയ അടിത്തറയിലാണ് ഞാനെന്റെ ജീവിതം പടുത്തുയര്‍ത്തിയത്. എനിക്ക് വലിയൊരു വിഷനും ജയിക്കണമെന്നുള്ള അടങ്ങാത്ത ആവേശവും ഉണ്ടായിരുന്നു.എന്നാൽ ഹോംവര്‍ക്കില്‍ സഹായിക്കുന്ന അമ്മയുണ്ടായിരുന്നില്ലെങ്കില്‍, സമര്‍ത്ഥനായ ഒരാളാവുക എന്നുപദേശിച്ച അച്ഛനുണ്ടായിരുന്നില്ലെങ്കില്‍, എങ്ങനെ വില്‍ക്കാം എന്ന് പഠിപ്പിച്ച അധ്യാപകരുണ്ടായിരുന്നില്ലെങ്കില്‍ വെയ്റ്റ്‌ലിഫ്റ്റിംഗിൻ്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ച കോച്ചുമാരുണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ എവിടെയും എത്തുമായിരുന്നില്ല.
അതുകൊണ്ട് സ്വയം വളര്‍ന്നുവെന്ന് എനിക്ക് എങ്ങനെ അവകാശപ്പെടാനാകും?
അങ്ങനെയൊരു പദവി അവകാശപ്പെടുന്നതിലൂടെ എനിക്ക് ഇവിടെ നിന്ന് ലഭിച്ച ഓരോ ഉപദേശത്തെയും ഓരോ ആള്‍ക്കാരെയും കുറച്ചു കാണുകയാണ്. 'നിങ്ങള്‍ക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യാനാകും' എന്ന തെറ്റായ ധാരണയാണ് അത് നല്‍കുക. '
മഹാന്മാരായ ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ ചെലുത്തിയ സ്വാധീനം പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. ന്യൂട്ടണ്‍ അഭിപ്രായപെടുന്നു; ' ഞാന്‍ ഉന്നതിയില്‍ എത്തിയിട്ടുണ്ട് എന്ന് തോന്നുന്നെങ്കില്‍ അത് പ്രതിഭാശാലികളുടെ തോളില്‍ ചവുട്ടി നില്‍ക്കുന്നതുകൊണ്ടാണ്'.
ഐന്‍സ്റ്റീന്‍ പറഞ്ഞു; ദിവസത്തില്‍ നൂറുതവണയെങ്കിലും ഞാന്‍ സ്വയം ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്- എന്റെ ആന്തരികവും ബാഹ്യവുമായ ജീവിതം, ജീവിച്ചിരിക്കുന്നവും മരിച്ചു പോയവരുമായ നിരവധി മനുഷ്യരുടെ അധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. അവരില്‍ നിന്ന് ലഭിച്ചതും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതുമായവ അതേ അളവില്‍ തിരിച്ചു നല്‍കാന്‍ ഞാന്‍ യത്‌നിക്കണം.
ഷ്വാസെനഗറും ന്യൂട്ടണും ഐന്‍സ്റ്റീനും ഉയര്‍ത്തിയ ചിന്തകള്‍ വിജയം കൈവരിക്കുമ്പോള്‍ മാത്രമല്ല, നമ്മുടെയെല്ലാം ജീവിതത്തിലുടനീളം ബാധകമായ കാര്യമാണത്. ഓരോ ദിവസവും, നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എണ്ണമറ്റ ആളുകളുടെ കഠിനാധ്വാനത്തിന്റെ ഗുണഫലം നമ്മള്‍ അനുഭവിക്കുന്നു.
നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണെങ്കിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണെങ്കിലും സ്വന്തമാക്കുന്ന എന്തെങ്കിലും വസ്തുവാണെങ്കിലും അതിന്‍െയെല്ലാം പിന്നില്‍ മറ്റുള്ളവരുടെ അധ്വാനമുണ്ട്.
എല്ലായ്‌പ്പോഴും നന്ദിയുള്ളവരായിരിക്കാനും നമുക്ക് കഴിയുന്നതു പോലെ സമൂഹത്തിന് തിരിച്ചു നല്‍കാനും ഇത് ഒരു നല്ല കാരണമാണ്.


Tags:    

Similar News