ഒരാള്‍, നമ്മെ എല്ലാവരെയും ബ്രെയ്ന്‍വാഷ് ചെയ്ത കഥ!

കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇത്രയും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയെ കുറിച്ച് പലയാളുകളും കേട്ടിട്ടുപോലുമുണ്ടാവില്ല

Update: 2022-01-23 04:02 GMT

നമ്മുടെ ആധുനിക ഉപഭോക്തൃ സംസ്‌കാരം സൃഷ്ടിക്കുന്നതില്‍ പ്രാഥമികമായി ഒരു മനുഷ്യനായിരുന്നു ഉത്തരവാദി. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇത്രയും വലിയ സ്വാധീനം ചെലുത്തിയ ഒരാളെ കുറിച്ച് ഇന്നത്തെ പലയാളുകളും കേട്ടിട്ടു പോലുമില്ല.

എഡ്വേര്‍ഡ് ബെര്‍ണേയ്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്്. പ്രശസ്ത മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയ്ഡിന്റെ അനന്തരവനായിരുന്നു അദ്ദേഹം.
പരസ്യമേഖലയില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം വിപ്ലവകരമായിരുന്നു. അതിനാല്‍ ആധുനിക പരസ്യങ്ങളുടെ ചരിത്രത്തെ രണ്ടായി വിഭജിക്കാം- എഡ്വേര്‍ഡ് ബെര്‍ണേയ്‌സിന് മുമ്പും ശേഷവും എന്ന്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് അമേരിക്കയില്‍ മിക്കയാളുകളും അവര്‍ക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുകയും ബാക്കി പണം സമ്പാദ്യമായി മാറ്റിവെക്കുകയും ചെയ്യുകയായിരുന്നു പതിവ്. അപൂര്‍വമായി മാത്രമായാണ് കണ്ണില്‍ കണ്ടത് വാങ്ങുന്ന ശീലം പ്രകടിപ്പിച്ചത്.
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷം, അമേരിക്കയിലെ വന്‍കിട ബിസിനസുകള്‍ ഡിമാന്‍ഡിനേക്കാള്‍ വളരെ കൂടിയ ഉല്‍പ്പാദനത്തിന്റെ പ്രശ്‌നം നേരിടുകയായിരുന്നു. ലാഭം വര്‍ധിപ്പിക്കുന്നതിനായി, ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കോര്‍പറേറ്റുകള്‍ തിരിച്ചറിഞ്ഞു.
അവരുടെ വികാരങ്ങള്‍ എന്തായിരുന്നുവെന്ന് ലേമാന്‍ ബ്രദേഴ്‌സിന്റെ പോള്‍ മസൂര്‍ വ്യക്തമായി സംഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു;
' നമ്മള്‍ അമേരിക്കയെ ആവശ്യങ്ങളില്‍ നിന്ന് ആഗ്രഹങ്ങളുടെ സംസ്‌കാരത്തിലേക്ക് മാറ്റണം. പഴയത് പൂര്‍ണമായും ഉപയോഗിച്ചു തീരുന്നതിനു മുമ്പു തന്നെ പുതിയത് ആഗ്രഹിക്കുവാന്‍ ആളുകളെ പരിശീലിപ്പിക്കണം. അമേരിക്കയില്‍ പുതിയ മനോഭാവം രൂപപ്പെടുത്തിയെടുക്കണം. മനുഷ്യന്റെ ആഗ്രഹങ്ങള്‍ അവന്റെ ആവശ്യങ്ങളെ മറികടക്കുന്നതാവണം.'
ഒരു ഉല്‍പ്പന്നത്തിന്റെ സവിശേഷതകളും പ്രവര്‍ത്തന മേന്മകളും വിശദമാക്കുന്ന ഉപാധിമാത്രമായിരുന്നു അന്നത്തെ കാലത്തെ പരസ്യങ്ങള്‍. മനുഷ്യന്റെ യുക്തിസഹമായ മനസ്സിനെ ആകര്‍ഷിക്കുന്നവയായിരുന്നു മിക്ക മാര്‍ക്കറ്റിംഗ് സന്ദേശങ്ങളും.
1920 കളില്‍, മനുഷ്യ മനഃശാസ്ത്രത്തിലുള്ള അറിവുമായി എഡ്വേര്‍ഡ് ബെര്‍ണേയ്‌സ് രംഗത്തെത്തി. അദ്ദേഹത്തിന്റെ അമ്മാവന്‍ ഫ്രോയ്ഡിന്റെ പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കിയായിരുന്നു വരവ്.
ഫ്രോയ്ഡിന്റെ പ്രധാന സിദ്ധാന്തങ്ങളിലൊന്ന്, മനുഷ്യ പെരുമാറ്റം യുക്തിയെയും ബുദ്ധിയെയും അപേക്ഷിച്ച് അവരുടെ ഉപബോധ മനസ്സിലെ വികാരങ്ങളാലും യുക്തിരഹിതമായ ശക്തികളാലും നയിക്കപ്പെടുന്നു എന്നതാണ്.
ജനങ്ങള്‍ക്ക് വിവരമില്ലെന്നും കൂടുതല്‍ ഉപഭോഗം ചെയ്യിപ്പിക്കാന്‍ എളുപ്പമാണെന്നും ബെര്‍ണേയ്‌സ് വിശ്വസിച്ചു.
ആളുകളുടെ വികാരങ്ങളെയും സ്വബോധത്തോടെയല്ലാത്ത ആവശ്യങ്ങളെയും മുതലെടുത്തുള്ള മാര്‍ക്കറ്റിംഗിലൂടെ ആളുകള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ എങ്ങനെ അവരെക്കൊണ്ട് വാങ്ങിപ്പിക്കാമെന്ന് അമേരിക്കന്‍ കോര്‍പറേറ്റുകള്‍ക്ക് കാണിച്ചു കൊടുത്തുകൊണ്ടാണ് അദ്ദേഹം അത് തെളിയിച്ചത്.
അമേരിക്കന്‍ ടുബാകോ കമ്പനിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാമ്പയിന്‍ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ തീപ്പന്തങ്ങള്‍ (Torches of Freedom)
സ്ത്രീകള്‍ സിഗരറ്റ് വലിക്കുന്നത് അധാര്‍മികമെന്ന് കരുതുന്നതിനാല്‍ തങ്ങളുടെ ഉപഭോക്തൃ അടിത്തറയുടെ പകുതിയോളം മുതലാക്കാന്‍ കഴിയാത്തതില്‍ ദി അമേരിക്കന്‍ ടുബാകോ കമ്പനിയുടെ പ്രസിഡന്റ് ജോര്‍ജ് ഹില്‍ അസന്തുഷ്ടനായിരുന്നു.
സ്ത്രീകള്‍ പുകവലിക്കുന്നതിലുള്ള വിലക്ക് തകര്‍ക്കാന്‍ 1928 ല്‍ ബെര്‍ണേയ്‌സിനെ ചുമതലപ്പെടുത്തി.
ഓരോ വര്‍ഷവും ന്യൂയോര്‍ക്കില്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈസ്റ്റര്‍ സണ്‍ഡേ പരേഡ് നടത്താറുണ്ട്. അവിടെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ബെര്‍ണേയ്‌സ് തീരുമാനിച്ചു. ഫാഷനബിള്‍ ആയ ഒരു കൂട്ടം സ്ത്രീകളെ സംഘടിപ്പിച്ച് അദ്ദേഹം അവരുടെ വസ്ത്രങ്ങള്‍ക്കിടയില്‍ സിഗരറ്റ് ഒളിപ്പിക്കാന്‍ പ്രേരിപ്പിച്ചു.
'സ്വാതന്ത്ര്യത്തിന്റെ തീപ്പന്തം' എന്നു വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടിക്ക് ഒരു കൂട്ടം സ്ത്രീകള്‍ തയാറെടുക്കുകയാണെന്ന് കേട്ടതായി ബെര്‍ണേയ്‌സ് മാധ്യമങ്ങളെ അറിയിച്ചു.
പിന്നീട്, പരേഡിനിടയില്‍ അദ്ദേഹം നല്‍കിയ രഹസ്യ സൂചനയനുസരിച്ച് സ്ത്രീകള്‍ നാടകീയമായി സിഗരറ്റ് കത്തിച്ചു.
അദ്ദേഹം സിഗരറ്റുകളെ 'സ്വാതന്ത്ര്യത്തിന്റെ തീപ്പന്തം' ആയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിത്രീകരിക്കുകയും സ്ത്രീ ശാക്തീകരണത്തിന്റെയും പുരുഷാധിപത്യത്തോടുള്ള വെല്ലുവിളി ഉയര്‍ത്തലിന്റെയും പ്രതീകമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഈ പബ്ലിസിറ്റി സ്റ്റണ്ട് ലോകമാകമാനം വാര്‍ത്തകളിലിടം പിടിച്ചു. സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി സ്ത്രീകള്‍ക്കിടയില്‍ സിഗരറ്റ് വലി മാറുകയും ചെയ്തു.
യുക്തിസഹമായി ഒരാള്‍ നോക്കുകയാണെങ്കില്‍ പുകവലിക്ക് സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവും കാണില്ല. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ സിഗരറ്റ് ഉപഭോഗം കൂട്ടുന്നതില്‍ അത് ഏറെ വിജയകരമായിരുന്നു.
അതേസമയം, ബെര്‍ണേയ്‌സ് സിഗരറ്റ് വലിക്കുന്നയാളായിരുന്നില്ല. വീട്ടില്‍ ഭാര്യയെ സിഗരറ്റ് വലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നതാണ് വൈരുധ്യം.
പബ്ലിക് റിലേഷന്‍സിന്റെ പിതാവ്
ലോകത്ത് ഇന്നു കാണുന്ന മിക്ക പരസ്യ, വിപണന തന്ത്രങ്ങളും ബെര്‍ണേയ്‌സ് അവതരിപ്പിച്ചവയാണ്. സിനിമകളെയും സെലിബ്രിറ്റികളെയും ഉപയോഗിച്ചുള്ള ഉല്‍പ്പന്ന പരസ്യങ്ങള്‍ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്.
ബെര്‍ണേയ്‌സ് വരുന്നതിനു മുമ്പ് വാഹനങ്ങള്‍ അവയുടെ ഫീച്ചറുകളും പ്രവര്‍ത്തന മേന്മകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ അദ്ദേഹമാകട്ടെ, ഒരാളുടെ ആത്മാഭിമാനവും നിലയും മെച്ചപ്പെടുത്താന്‍ കഴിയുന്ന പുരുഷ ലൈംഗികതയുടെ ചിഹ്നമായി വാഹനങ്ങളെ അവതരിപ്പിച്ചു.
തന്റെ പരസ്യ പ്രചാരണത്തിനായി ഡോക്ടര്‍മാരെയും മനഃശാസ്ത്രജ്ഞരെയും അദ്ദേഹം പണം കൊടുത്ത് പ്രയോജനപ്പെടുത്തി. ചില ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ക്ക് നല്ലതാണെന്ന രീതിയില്‍ അവര്‍ റിപ്പോര്‍ട്ട് തയാറാക്കി. പിന്നീട് അവയൊക്കെയും സ്വതന്ത്രമായ പഠനങ്ങളാണെന്ന് വരുത്തിത്തീര്‍ത്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ലഘുവായ പ്രഭാതഭക്ഷണമായിരുന്നു അമേരിക്കക്കാരുടേത്. എന്നാല്‍ പ്രഭാതഭക്ഷണം കനപ്പെട്ടതാകണമെന്നും മുട്ടയും ബേക്കണും യഥാര്‍ത്ഥ അമേരിക്കന്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കണമെന്നും, ഒരു ക്ലയന്റിനു വേണ്ടി അദ്ദേഹം അമേരിക്കക്കാരെ ബോധ്യപ്പെടുത്തി. ഇന്നും ഈ ധാരണ നിലനില്‍ക്കുന്നുണ്ട്.
ആവശ്യം എന്ന നിലയില്‍ മാത്രമല്ല നിങ്ങള്‍ സാധനങ്ങള്‍ വാങ്ങിയതെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങളാരാണെന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണെന്നുമുള്ള സന്ദേശം സമൂഹത്തിലേക്ക് തുടര്‍ച്ചയായി നല്‍കാന്‍ അദ്ദേഹം സെലിബ്രിറ്റികള്‍ക്ക് പണം നല്‍കി.
അദ്ദേഹത്തിന്റെ ഒരു ക്ലയന്റിന്റെ പ്രമോഷണല്‍ വീഡിയോയില്‍ സെലിബ്രിറ്റി മിസിസ് സ്റ്റില്‍മാന്‍ സ്ത്രീകളോടായി പറയുന്നു;
' നിങ്ങള്‍ എന്തുകൊണ്ടാണ് ഒരേ തൊപ്പിയും കോട്ടും ഉപയോഗിച്ച് എപ്പോഴും ഒരേപോലെ വസ്ത്രം ധരിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. നിങ്ങളെല്ലാവരും വ്യത്യസ്തരാണെന്നും ഇതിശയകരമായ പ്രത്യേകതകള്‍ ഉള്ളവരാണെന്നും എനിക്കുറപ്പുണ്ട്. എന്നാല്‍ തെരുവില്‍ നിങ്ങളെല്ലാവരെയും കാണാന്‍ ഒരേ പോലിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് വസ്ത്രധാരണത്തിന്റെ മനഃശാസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നത്. '
പബ്ലിക് റിലേഷന്‍സിന്റെ പിതാവായി ബെര്‍ണേയ്‌സ് പരിഗണിക്കപ്പെടുന്നു. സത്യത്തില്‍, പബ്ലിക് റിലേഷന്‍സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. ഒട്ടേറെ നെഗറ്റീവ് അര്‍ത്ഥങ്ങളുള്ള 'പ്രചാരണം(Propaganda)' എന്ന അര്‍ത്ഥത്തിലാണ് അത് അദ്ദേഹം ഉപയോഗിച്ചത്.
ജനറല്‍ ഇലക്ട്രിക്, പ്രോക്ടര്‍ & ഗാംബ്ള്‍, ദി അമേരിക്കന്‍ ടുബാകോ കമ്പനി, സിബിഎസ് തുടങ്ങിയവ അദ്ദേഹത്തിന്റെ ക്ലയന്റുകളില്‍ പെടുന്നു. മാത്രമല്ല, അദ്ദേഹം നിരവധി അമേരിക്കന്‍ പ്രസിഡന്റുമാരുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ഉപദേശം നല്‍കുകകയും ചെയ്തിട്ടുണ്ട്.
ഒരു ജൂതനായിരുന്നിട്ടും നാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് മുമ്പില്‍ ഓഫര്‍ വന്നു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. എന്നിരുന്നാലും നാസി ജര്‍മനിയുടെ പ്രൊപഗന്‍ഡ ഡയറക്റ്ററായിരുന്ന ജോസഫ് ഗീബല്‍സ് ബെര്‍ണേയ്‌സിന്റെ രചനകളുടെ ആരാധകനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ വിനാശകരമായ ഉപയോഗത്തിനായി അദ്ദേഹം അവ ഉപയോഗപ്പെടുത്തുകയും ചെയ്തു.
പ്രൊപ്പഗന്‍ഡ (1928) എന്ന തന്റെ പുസ്തകത്തില്‍ ബെര്‍ണേയ്‌സ് എഴുതി;
'ജനങ്ങളുടെ സംഘടിത ശീലങ്ങളെ ബോധപൂര്‍വവും ബുദ്ധിപൂര്‍വവും കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിലെ പ്രധാനഘടകമാണ്. സമൂഹത്തിന്റെ ഈ അദൃശ്യ സംവിധാനം കൈകാര്യം ചെയ്യുന്നവരാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരികള്‍. നമ്മള്‍ ഭരിക്കപ്പെടുന്നു, നമ്മുടെ മനസ്സും, അഭിരുചികളും രൂപപ്പെടുത്തിയിരിക്കുന്നു, നമ്മുടെ ആശയങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു... ഇതെല്ലാം തന്നെ നമ്മള്‍ കേട്ടിട്ടില്ലാത്ത മനുഷ്യരാലാണ്. പൊതു ബോധത്തെ നിയന്ത്രിക്കുന്നത് അവരാണ്.'
' പൊതുമനസ്സിന്റെ മെക്കാനിസവും ഉദ്ദേശ്യങ്ങളും നമുക്ക് മനസ്സിലാക്കാനായാല്‍ ജനക്കൂട്ടത്തെ അവരറിയാതെ തന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിക്കാനും നയിക്കാനും കഴിയും. നമ്മുടെ ദൈനംദിന ജീവിതത്തിലെ മിക്കവാറും എല്ലാ പ്രവൃത്തികളും, അത് രാഷ്ട്രീയത്തിലായാലും ബിസിനസിലായാലും സാമൂഹ്യ പെരുമാറ്റത്തിലോ നമ്മുടെ ധാര്‍മിക ചിന്തയിലോ ആയാലും ജനങ്ങളുടെ സാമൂഹ്യക്രമവും മാനസിക പ്രക്രിയകളും മനസ്സിലാക്കിയ ചെറിയൊരു സംഘം ആളുകളാല്‍ ഭരിക്കപ്പെടുന്നു.'
1950 കളോടെ ഉപഭോക്തൃത്വം അമേരിക്കന്‍ സമൂഹത്തിന്റെ സുപ്രധാന ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ വിക്ടര്‍ ലിബോ എഴുതി;
' നമ്മുടെ സമ്പദ് വ്യവസ്ഥ ആവശ്യപ്പെടുന്നത്, ഉപഭോഗം നമ്മുടെ ജീവിത രീതിയാക്കണമെന്നും സാധനങ്ങള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും ആചാരങ്ങളായി മാറ്റണമെന്നും ഉപഭോഗത്തിലൂടെ ആത്മീയ സംതൃപ്തി കണ്ടെത്തുകയും ഈഗോയെ തൃപ്തിപ്പെടുത്തലും ചെയ്യണമെന്നുമാണ്'.
സാമൂഹ്യ പദവി, സാമൂഹ്യ സ്വീകാര്യത, അന്തസ്സ് എന്നിവയുടെ അളവുകോല്‍ നമ്മുടെ ഉപഭോഗ ക്രമത്തില്‍ കണ്ടെത്താനാകും. സാധനങ്ങള്‍ ഉപഭോഗം നടത്തുന്നതും എരിച്ചു തീര്‍ക്കുന്നതും തേയ്മാനം വരുത്തുന്നതും പുനഃസ്ഥാപിക്കുന്നതും ഉപേക്ഷിക്കുന്നതും വേഗത്തിലാകേണ്ടതുണ്ട്. ആളുകള്‍ ഭക്ഷിക്കുകയും കുടിക്കുകയും വസ്ത്രം ധരിക്കുകയും യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നത് സങ്കീര്‍ണവും അതുകൊണ്ടു തന്നെ നിരന്തരം ചെലവേറിയതുമായ ഉപഭോഗത്തിലൂടെയാണ്.'
ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഇത് എഴുതിയതെങ്കിലും ഇന്നും അവ പ്രസക്തമാണ്. അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും.
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയില്‍ നിന്നുള്ള ചില ഞെട്ടിക്കുന്ന വസ്തുതകള്‍ ഇതാ....
ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് മൂന്നു ലക്ഷത്തിലധികം വസ്തുക്കള്‍ സ്വന്തമാണ്
ഒരു ശരാശരി അമേരിക്കന്‍ വനിത അവരുടെ ജീവിതത്തിലെ എട്ടു വര്‍ഷത്തിലേറെ ഷോപ്പിംഗിനായി ചെലവഴിക്കുന്നു
ഭൂമിയിലെ എല്ലാ ആളുകളും ശരാശരി അമേരിക്കക്കാരനെ പോലെ ജീവിക്കുകയാണെങ്കില്‍ നമുക്കായി 5.2 ഗ്രഹങ്ങള്‍ വേണ്ടി വരും.
2014 ല്‍ ബ്ലാക്ക് ഫ്രൈഡേ വീക്കെന്‍ഡില്‍ മാത്രം അമേരിക്കക്കാര്‍ 57.4 ശതകോടി ഡോളര്‍ ചെലവഴിച്ചു
ചിന്താശൂന്യമായ ഉപഭോക്തൃ ശീലം ഭൂമിക്കും പ്രകൃതി വിഭങ്ങള്‍ക്കും വിനാശകരമായ ആഘാതം സൃഷ്ടിക്കുന്നു. ഏറ്റവും കൂടുതല്‍ കളിപ്പാട്ടങ്ങളുള്ള ആള്‍ വിജയിക്കുന്ന ഒരു കളിയല്ല ജീവിതം. അതായത്, ഏറ്റവും കൂടുതൽ വസ്തുക്കൾ ആർജിക്കുന്നവർ അല്ല ജീവിത വിജയം നേടുന്നത്. ഉല്‍പ്പന്നങ്ങള്‍ നമ്മില്‍ അധികാര ബോധവും ആത്മവിശ്വാസവും സന്തോഷവും പകരുമെന്ന് വന്‍ പരസ്യകോലാഹലങ്ങളിലൂടെ അറിയിച്ചാലും ഇവയിലൂടെ നമുക്ക് യഥാര്‍ത്ഥത്തില്‍ മോചനം (Salvation) നേടാനാവില്ല.
സമൂഹത്തിന്റെ രീതികളുടെ സ്വാധീനത്താലാണ് (Social Conditioning) നമ്മള്‍ പല സാധനങ്ങളും വാങ്ങിക്കൂട്ടുന്നത്. (ഇത്തരമൊരു മനോഭാവം രൂപപ്പെടുത്തുന്നതില്‍ ബെര്‍ണേയ്‌സ് വലിയ പങ്കു വഹിച്ചിട്ടുണ്ട്.)
നമ്മള്‍ വാങ്ങുന്ന സാധനം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ എന്ന ചോദ്യം പോലും സ്വയം ചോദിക്കാത്ത തരത്തില്‍ ചിന്താശൂന്യമായ ഉപയോഗം നമ്മുടെ മനസ്സിലുറച്ച ഘടകമായി മാറിയിട്ടുണ്ട്. ഉപഭോക്തൃശീലത്തിന്റെ കാര്യത്തില്‍, എന്തെങ്കിലും വില്‍പ്പനയ്ക്ക് ഉണ്ടെന്നതോ മറ്റുള്ളവര്‍ വാങ്ങുന്നുണ്ടെന്നതോ കണ്ട് ഒരു വസ്തു നമ്മള്‍ വാങ്ങുന്നതിന് പകരം ചുരുങ്ങിയത് അത് നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും മൂല്യം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയെങ്കിലും ചെയ്ത ശേഷം വേണം വാങ്ങാന്‍.

For More Simple and Practical Tips to live Better and be Happier Visit Anoop's Website: https://www.thesouljam.com



Tags:    

Similar News