പ്രതിസന്ധി ഘട്ടങ്ങളിലും പോസിറ്റീവായിരിക്കാം,ഇതാ അഞ്ചു മാര്‍ഗങ്ങള്‍!

നെഗറ്റീവ് ചിന്താഗതി മാറ്റിയെടുക്കാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും

Update: 2021-05-23 03:54 GMT

ജീവിതത്തില്‍ എപ്പോഴും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന ചിലരെയെങ്കിലും നിങ്ങള്‍ക്കറിയാമായിരിക്കും. പോസിറ്റീവ് ആയിരിക്കുക എന്നത് അവര്‍ക്ക് എളുപ്പമാണ്.

നിങ്ങള്‍ക്കും അങ്ങനെയാവാം. അതിന് എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കണമെന്ന് നിര്‍ബന്ധമില്ല, നിങ്ങള്‍ക്ക് ആ മനോഭാവം വളർത്തിയെടുക്കാനാവും.
വെല്ലുവിളികളുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ പോലും പോസിറ്റീവ് മനോഭാവം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉപകരിക്കുന്ന അഞ്ച് വിദ്യകളാണ് ചുവടെ.
ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നമ്മുടെ തലച്ചോറിന് നെഗറ്റീവ് കാര്യങ്ങളോട് ഒരു ചായ്‌വുണ്ട്. അതുകൊണ്ട് പോസിറ്റീവായ കാര്യങ്ങള്‍ക്ക് പകരം നെഗറ്റീവിനാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. എന്നാല്‍ ഇത് മറികടക്കാന്‍ ഒരു വഴിയുണ്ട്. നമ്മുടെ ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന നല്ല കാര്യങ്ങളെ നന്ദിയോടെ സ്മരിച്ച് കുറിച്ചിടുന്നത് നമ്മുടെ തലച്ചോറിന് നല്ലകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായകമാകും.
കൃതജ്ഞതാ കുറിപ്പ് (Gratitude Journal) കൊണ്ടുള്ള ഗുണം, നമ്മുടെ ജീവിതത്തില്‍ ലഭ്യമായ നല്ല കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിലൂടെ നമുക്കില്ലാത്ത കാര്യങ്ങളെ കുറിച്ച് പരാതിപ്പെടുന്നതിനും മറ്റുള്ളവരുമായി താരതമ്യം നടത്തുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു എന്നതാണ്.
നന്ദിയുള്ളവരായിരിക്കുന്നത് നിങ്ങളെ സന്തോഷവാനാക്കുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, പിരിമുറുക്കം കുറയ്ക്കുക, കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കുക തുടങ്ങി ഗുണഫലങ്ങള്‍ വേറെയുമുണ്ടെന്ന് ഇതു സംബന്ധിച്ച് നടത്തിയ നിരവധി പഠനങ്ങള്‍ വെളിവാക്കുന്നു.
നിങ്ങള്‍ക്ക് കൃതജ്ഞത തോന്നുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നും എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നുമാണ് കുറിപ്പില്‍ എഴുതേണ്ടത്. ദിവസവും, കഴിവതും രാവിലെ തന്നെ, ഇത്തരത്തില്‍ കൃതജ്ഞത തോന്നുന്ന അഞ്ച് കാര്യങ്ങള്‍ എഴുതിയിടുന്നത് പോസിറ്റീവ് മനോഭാവം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകരമാകും.
ഒരു തുടക്കം ലഭിക്കുന്നതിന്, ഏതാനും നിർദേശങ്ങൾ ചുവടെ നല്‍കുന്നു,
ഇന്ന്/ഇന്നലെ സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്താണ്?
കൃതജ്ഞതയോടെ സ്മരിക്കുന്ന ആ ദിവസത്തെ സംഭവങ്ങള്‍ ഏതെല്ലാം?
ഇന്ന്/ഇന്നലെ നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുകയും പുഞ്ചിരി വിടര്‍ത്തുകയും ചെയ്ത കാര്യം എന്താണ്?
നിങ്ങളുടെ ജീവിതത്തില്‍ ഏറെ കടപ്പെട്ടിരിക്കുന്ന സുഹൃത്ത്/സുഹൃത്തുക്കള്‍/കുടുംബാംഗം ആര്? എന്തുകൊണ്ട്?
ഒരു വര്‍ഷം മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാതിരുന്ന എന്തു നല്ലകാര്യമാണ് ഇപ്പോഴുള്ളത്?
നമ്മുടെ ജീവിതത്തിൽ ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എഴുതി തുടങ്ങുമ്പോൾ മനസ്സിലാകും.
വിശ്രമത്തിന് സമയം കണ്ടെത്തുക
അമിതമായി ജോലി ചെയ്തിരിക്കുമ്പോഴോ പിരിമുറക്കത്തിലായിരിക്കുമ്പോഴോ ഉള്ളതിനേക്കാള്‍ സ്വസ്ഥമായിരിക്കുമ്പോഴാണ് പോസിറ്റാവാന്‍ എളുപ്പം. റിലാക്‌സ് ചെയ്യാന്‍ കുറച്ചു സമയം എല്ലാ ദിവസവും മാറ്റിവെക്കുക. സംഗീതം ആസ്വദിച്ചോ പാട്ടുപാടിയോ ശ്വസന വ്യായാമം ചെയ്‌തോ അല്ലെങ്കിൽ നിങ്ങള്‍ക്ക് സ്വസ്ഥത തോന്നുന്ന എന്തു ചെയ്തും റിലാക്‌സ് ചെയ്യാം.ദിവസവും കുറച്ചു
സമയം നിങ്ങള്‍ക്ക് സന്തോഷം തോന്നുന്ന എന്തെങ്കിലും കാര്യം ചെയ്യാന്‍ മാറ്റിവെക്കുന്നതും നല്ലതാണ്.
നിങ്ങളുടെ കാഴ്ചപ്പാട് മാറ്റുക
നിങ്ങളില്‍ പോസിറ്റീവോ നെഗറ്റീവോ ആയ മനോഭാവം ഉണ്ടാകുന്നത് നിങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ചാണ്. എന്തിനെയും നമ്മൾ നോക്കിക്കാണുന്നത് എങ്ങനെയെന്നതാണ് കാഴ്ചപ്പാട് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഒരു സംഭവമാകാം, സാഹചര്യമാകാം, അനുഭവമാകാം, ആളുകളോ ബന്ധങ്ങളോ ആകാം.
ചില അനുഭവങ്ങളേയോ സംഭവങ്ങളേയോ നെഗറ്റീവ് ആണെന്ന് പെട്ടെന്ന് തന്നെ നാം മുദ്രകുത്താറുണ്ട്. പിന്നീട് അതു തന്നെയാകുന്നു നമ്മുടെ അനുഭവവും. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പല വെല്ലുവിളികളെയും മനസ്സ് തുറന്ന് വിശാലമായ കാഴ്ചപ്പാടോടെ കാണാന്‍ തയാറായാല്‍ അത് ഒരനുഗ്രഹമായി മാറിയേക്കാം.
ഏതാനും ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ട് നിങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാനാകും.
ഈ അനുഭവം കൊണ്ട് ഞാന്‍ എന്തു പഠിച്ചു/ പഠിക്കുന്നു?
ഈ അനുഭവം എന്നില്‍ എന്ത് ഗുണങ്ങളാണ് ഉണ്ടാക്കിയത്?
ഇത് എന്നെ വളരാന്‍ എങ്ങനെ സഹായിച്ചു/സഹായിക്കുന്നു?
ചിലപ്പോള്‍ ഉത്തരം പെട്ടെന്ന് ലഭിക്കാനിടയില്ല. എന്നാല്‍ പോസിറ്റാവായ കാഴ്ചപ്പാട് നിലനിര്‍ത്തിയാല്‍ കുറച്ച് വൈകിയാണെങ്കിലും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും.
ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതിലൂടെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും മനസമാധാനത്തോടെയിരിക്കാന്‍ അതെന്നെ സഹായിക്കാറുണ്ട്. മുമ്പ് നെഗറ്റീവ് എന്ന് കരുതിയിരുന്ന പല കാര്യങ്ങളും പോസിറ്റീവായി കാണാന്‍ കൂടി അത് സഹായിക്കുന്നുണ്ട്.
ദിവസവും വ്യായാമം ചെയ്യുക
ദിവസവും വ്യായാമം ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. മാത്രമല്ല, നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്തുന്നതിനും പോസിറ്റീവ് ആയിരിക്കാനും സഹായിക്കുകയും ചെയ്യും. മനസ്സും ശരീരവും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്തിന് തോന്നുന്ന സുഖം മനസ്സിനും തോന്നും.
സെറോടോണിന്‍, ഡൊപമൈന്‍, എന്‍ഡോര്‍ഫിന്‍സ്, നോര്‍പൈന്‍ഫ്രൈന്‍ തുടങ്ങിയ മാനസിക നില മെച്ചപ്പെടുത്തുകയും സുഖം തോന്നിപ്പിക്കുകയും ചെയ്യുന്ന ഹോര്‍മോണുകള്‍ വ്യായാമം ചെയ്യുന്നതിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
നടത്തം, യോഗ, കായികാഭ്യാസം, ഓട്ടം, സൈക്ലിംഗ് തുടങ്ങി ശരീരം അനങ്ങുന്ന എന്തിലൂടെയും നിങ്ങള്‍ക്കതിന് കഴിയും. പ്രഭാതത്തില്‍ തന്നെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച വഴിയാണ്.
ഉത്തരവാദിത്തം ഏറ്റെടുക്കുക
ബാഹ്യ സാഹചര്യങ്ങള്‍ എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ പോകണമെന്നുമില്ല. അതിനാല്‍, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ബാഹ്യസാഹചര്യങ്ങളേയോ മറ്റു ആളുകളേയോ ആശ്രയിച്ചാണ് നിങ്ങളുടെ മനോഭാവമെങ്കില്‍ പോസിറ്റീവ് ആയിരിക്കുക എന്നത് ദുഷ്‌കരമാണ്. നിങ്ങളുടെ മനോഭാവത്തിന്റെ ഉത്തരവാദിത്തം നിങ്ങള്‍ തന്നെ ഏറ്റെടുക്കുക. ഏത് പ്രതികൂല സഹചര്യത്തിലും പോസിറ്റീവായിരിക്കും എന്ന് സ്വയം തീരുമാനം എടുക്കുക. ജീവിതം നമ്മുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് നീങ്ങാത്തപ്പോള്‍ മുഷിച്ചില്‍ തോന്നുകയും നെഗറ്റീവ് ആയിരിക്കുകയും ചെയ്യുന്നതു കൊണ്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല (എന്നാല്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ അവഗണിക്കണമെന്നോ അടിച്ചമര്‍ത്തണമെന്നോ ഇതിനര്‍ത്ഥമില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. അതിനെ കുറിച്ച് മറ്റൊരു ലേഖനത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. (
https://www.thesouljam.com/post/a-magical-approach-to-free-yourself-of-negative-feelings
)
തന്നോട് തന്നെ ദയയോടെ പെരുമാറുകയെന്നത് പോസിറ്റീവ് മനോഭാവം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ലക്ഷ്യങ്ങള്‍ വെക്കരുത്, ലക്ഷ്യം നേടാനാകാതെ പോയാല്‍ സ്വയം കുറ്റപ്പെടുത്തുകയും വേണ്ട. എപ്പോഴും പോസിറ്റീവ് ആയിരിക്കുക എന്നത് അത്ര എളുപ്പമെല്ലങ്കിലും സ്വയം വിമര്‍ശനം കുറച്ചാൽ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താൻ കൂടുതല്‍ എളുപ്പമാണ്.
To read more articles by Anoop click on the link below: https://www.thesouljam.com


Tags:    

Similar News