ശ്രമിച്ചു നോക്കാതെ എങ്ങനെ മനസ്സിലാകും ?

നടക്കില്ല എന്ന ചിന്തയാണ് നമ്മളെ പലതും നേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഒന്നു ശ്രമിച്ചു നോക്കിയാല്‍ ചിലപ്പോള്‍ ഫലം അത്ഭുതപ്പെടുത്തുന്നതായിരിക്കും

Update:2021-05-16 09:39 IST

കുറച്ചു വര്‍ഷം മുമ്പ് ഒരു സുഹൃത്തിനൊപ്പം റസ്റ്റൊറന്റിലിരുന്ന് ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മത്സരം കാണുകയായിരുന്നു ഞാന്‍. നോക്ക് ഔട്ട് സ്‌റ്റേജില്‍ ബ്രസീലും മെക്‌സികോയും തമ്മിലുള്ള മത്സരമായിരുന്നു അത്. എന്നാല്‍ കാര്യമായ സംഭവവികാസങ്ങളൊന്നുമില്ലാതെ, സത്യത്തില്‍ ബോറിംഗ് ആയിരുന്നു മത്സരം.

മത്സരം പുരോഗമിച്ചു കൊണ്ടിരിക്കേ ഞങ്ങള്‍ പതുക്കെ സംസാരിച്ചു തുടങ്ങി. സുഹൃത്ത് എന്‍ജിനീയറിംഗ് ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. എന്റെ നല്ല സുഹൃത്തുക്കളോടൊക്കെ പലപ്പോഴായി ചോദിച്ച അതേ ചോദ്യം തന്നെ ഞാന്‍ അവനോടും ചോദിച്ചു, 'യഥാര്‍ത്ഥത്തില്‍ ഇനി എന്ത് ചെയ്യാനാണ് താല്‍പ്പര്യം? '

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനാണ് തന്റെ ആഗ്രഹമെന്ന് അവന്‍ പറഞ്ഞു. പക്ഷേ അത് നാടക്കാന്‍ സാധ്യതയുള്ള ഒരു കാര്യമായി അവന് തോന്നിയതേയില്ല. കാരണം അവന്റെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് പിതാവിന് അവനെ എന്‍ജിനീയറാക്കണം എന്നാണ് ആഗ്രഹം. അവന് ഹോട്ടല്‍ മാനേജ്‌മെന്റിനോടുള്ള ആത്മാര്‍ത്ഥമായ താല്‍പ്പര്യം മനസ്സിലാക്കിയപ്പോള്‍ ഇതേകുറിച്ച് മാതാപിതാക്കളോട് സംസാരിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു. അവന്‍ എന്നോട് പറഞ്ഞ അതേ കാര്യം അവരോട് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവുമെന്നും അവന്റെ താല്‍പ്പര്യത്തെ പിന്തുണയ്ക്കാന്‍ തയാറാവുമെന്നും ഞാന്‍ പറഞ്ഞു.

എന്നാല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ അവര്‍ സമ്മതിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച അവന്‍ അവരോട് ഇക്കാര്യം സംസാരിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ലെന്ന് പറഞ്ഞു. എന്‍ജിനീയറിംഗ് തനിക്ക് പറ്റിയതല്ലെന്ന് അവന് അറിയാമെങ്കിലും മാതാപിതാക്കളെ വിഷമിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു. അവരോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ട് എല്ലാം വിധിയാണെന്ന് സമാധാനിച്ച് എന്‍ജിനീയറിംഗ് മേഖലയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. മാത്രമല്ല, എന്‍ജിനീയറിംഗ് ബിരുദം നേടാനായി ചെലവഴിച്ച നാലു വര്‍ഷം വെറുതെയാകുമെന്നും അവന്‍ എന്നോട് പറഞ്ഞു.

താന്‍ തെരഞ്ഞെടുത്ത മേഖലയില്‍ കൂടുതല്‍ അസംതൃപ്തനായി 5-10 വര്‍ഷം കഴിഞ്ഞ് മറ്റൊരു മേഖലയിലേക്ക് മാറുന്നതിനേക്കാള്‍ ഇപ്പോള്‍ തന്നെ ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഒരു കൈ നോക്കുന്നതല്ലേ നല്ലത് എന്നായിരുന്നു എന്റെ പ്രതികരണം.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോഴേക്കും അവന്‍ മാതാപിതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അവന്‍ വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങള്‍.

അവന്റെ മാതാപിതാക്കള്‍ കാര്യം മനസ്സിലാക്കുകയും അവന്റെ ഇഷ്ടത്തിന് പിന്തുണ നല്‍കുകയും ചെയ്തു. വിദേശത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യാനായിരുന്നു അവന്റെ തീരുമാനം.

രണ്ടാഴ്ച മുമ്പ് അവന്റെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ ഞാന്‍ വിളിച്ചപ്പോള്‍ കാര്യങ്ങള്‍ എല്ലാം നന്നായി പോകുന്നുവെന്ന് അവന്‍ പറഞ്ഞു. ന്യൂസീലന്‍ഡിലെ അവന്‍ ജോലി ചെയ്തിരുന്ന റസ്‌റ്റൊറന്റിലെ മാനേജരായി അടുത്തിടെ അവന് സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ എത്ര വ്യത്യസ്തമാകുമായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തു.

മാതാപിതാക്കള്‍ പിന്തുണയ്ക്കില്ലെന്ന ബോധ്യം ഉണ്ടായത് എന്തെങ്കിലും വസ്തുത അടിസ്ഥാനമാക്കിയായിരുന്നില്ല, മറിച്ച് അനുമാനം മാത്രമായിരുന്നു. നമ്മളില്‍ പലരുടെയും കാര്യത്തിലും അങ്ങനെ തന്നെയാകാം കാര്യങ്ങള്‍. ഭയം കൊണ്ട് പല അനുമാനങ്ങളിലും എത്തിച്ചേരാനുള്ള പ്രവണത നമ്മുടെ മനസ്സിനുണ്ട്. യാഥാര്‍ത്ഥ്യം മറ്റൊരു തരത്തിൽ ആകാമെങ്കിലും ഈ അനുമാനങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു.

എന്നാല്‍ പലപ്പോഴും, എന്തിന്റെയെങ്കിലും ഫലം അറിയാനുള്ള മാര്‍ഗം അതിനായി ശ്രമിക്കുക എന്നതുമാത്രമാണ്. എല്ലാ ശ്രമവും അനുകൂല ഫലം ഉണ്ടാക്കണമെന്നില്ല, പക്ഷേ കുറഞ്ഞത്, ഭാവിയില്‍ നിങ്ങള്‍ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഖേദം തോന്നാനിടയില്ല- അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ എന്ന്.

To read more articles by Anoop click on the link below:

https://www.thesouljam.com/best-articles

Tags:    

Similar News