മോണിംഗ് പേജസ്: സിംപിളാണ്, പക്ഷേ പവര്‍ഫുള്‍!
നിങ്ങളുടെ ദിവസത്തിന് മികച്ച ഒരു തുടക്കം നല്‍കാന്‍ മോണിംഗ് പേജസ് സഹായിക്കും
ഞാന്‍ കോളെജില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് 'Artists Way' യുടെ രചയിതാവായ ജൂലിയ കാമറോണിന്റെ മോണിംഗ് പേജസ് എന്ന് വിളിക്കുന്ന സംഗതിയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലും ഇതേകുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ആളുകള്‍ അതേകുറിച്ച് വളരെ ഉജ്വലമായി സംസാരിക്കുന്നതും കേട്ടു.
മോണിംഗ് പേജസ് ചെയ്യുന്നത് തങ്ങളുടെ ജീവിതം പൂര്‍ണമായും മാറ്റിമറിച്ചുവെന്ന് വരെ ചിലര്‍ പറഞ്ഞു. എഴുത്തുകാരിയായ എലിസബത്ത് ഗില്‍ബര്‍ട്ട് പറയുന്നത്, മോണിംഗ് പേജസ് (ആര്‍ട്ടിസ്റ്റ്‌സ് വേ എന്ന പുസ്തകവും) ഇല്ലായിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും 10 ദശലക്ഷം കോപ്പി വിറ്റഴിയുകയും ഹോളിവുഡ് സിനിമയ്ക്ക് വരെ അടിസ്ഥാനമാകുകയും ചെയ്ത ബെസ്റ്റ് സെല്ലറായ, ഈറ്റ്, പ്രേ, ലവ് എന്ന പുസ്തകം എഴുതുമായിരുന്നില്ലെന്നാണ്.
എന്താണ് ശരിക്കും മോണിംഗ് പേജസ്? ജൂലിയ കാമറോണ്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
'നമ്മുടെ മനസ്സിലുള്ളതെല്ലാം വിശദമായി രാവിലെ എഴുന്നേറ്റയുടനെ മൂന്നു പേജുകളിലായി എഴുതിയിടുന്നതിനെയാണ് മോണിംഗ് പേജസ് എന്നു പറയുന്നത്. അതു ചെയ്യുന്നതിന് കൃത്യമായ രീതികളില്ല. അത് ഉയര്‍ന്ന കലയൊന്നുമല്ല. ഒരു 'എഴുത്ത്' പോലുമല്ല അത്. നിങ്ങളുടെ മനസ്സില്‍ കടന്നു വരുന്ന എന്തും ഏതും ആകാം അത്. അവ നിങ്ങളുടെ കണ്ണുകള്‍ക്ക് മാത്രമായുള്ളതാണ്. മോണിംഗ് പേജസിനെ കുറിച്ച് അമിതമായി ചിന്തിക്കേണ്ടതില്ല. മൂന്നു പേജുകളില്‍ എന്തും എഴുതാം. നിസാരമെന്നും മണ്ടത്തരങ്ങളെന്നും വിചിത്രമെന്നും പറഞ്ഞ് ഒഴിവാക്കാനൊന്നുമില്ല.'
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ മോണിംഗ് പേജസ് ചെയ്യുന്നുണ്ട്. അത് ലളിതമായ പ്രകിയയാണെങ്കിലും വളരെ ഫലവത്തായ ഒരു കാര്യമായാണ് എനിക്ക് അനുഭവപ്പെടുന്നത്.
എന്റെ അനുഭവം
എന്റെ ചിന്തകളുടെയും വൈകാരികാനുഭവങ്ങളുടെയും ആശയങ്ങളുടെയും നിരീക്ഷണങ്ങളുടെയും സ്വപ്‌നങ്ങളുടെയും ആന്തരിക അന്വേഷണമായാണ് എനിക്കത് തോന്നുന്നത്.
ഇതിലെ രസകരമായ കാര്യം മോണിംഗ് പേജസ് ചെയ്യുമ്പോള്‍ എന്റെ മനസ്സ് എവിടെയൊക്കെ അലയുമെന്നോ എവിടെച്ചെന്ന് എഴുത്ത് പൂര്‍ത്തിയാക്കുമെന്നോ എനിക്കു തന്നെ നിശ്ചയമില്ല എന്നതാണ്. ഇത് ചെയ്യുമ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകള്‍ ചിലപ്പോള്‍ എന്നെ തന്നെ അത്ഭുതപ്പെടുത്താറുണ്ട്.
എന്നിലുണ്ടെന്ന് ഞാന്‍ പോലും അറിയാത്ത, എന്നിലെ പുതിയ താല്‍പ്പര്യങ്ങളെയും സ്വഭാവങ്ങളെയും കണ്ടെത്താന്‍ ഇത് സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ഞാന്‍ എന്തിനെ കുറിച്ചെങ്കിലും ചിന്തിക്കുമ്പോള്‍ ശ്രദ്ധമാറാതെ കുറേ നേരം ആ ചിന്താധാര നിലനിര്‍ത്തുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. 'മോണിംഗ് പേജസ്' ചെയ്യുന്നത് ചിന്താധാര നിലനിര്‍ത്താന്‍ സഹായകമാണ്. എന്റെ ചിന്തകള്‍ എഴുതിയിടുന്നതിലൂടെ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിനും എന്നോട് തന്നെ സംഭാഷണം നടത്തുന്നതിനും സഹായിക്കുന്നു.
അതിലൂടെ കൂടുതല്‍ ഉള്‍ക്കാഴ്ചയും പ്രചോദനവുമെല്ലാം ലഭിക്കുന്നു. ചിലപ്പോള്‍ എന്നെ തന്നെ മറ്റൊരാളായി സങ്കല്‍പ്പിക്കുന്നതിലൂടെ എന്നില്‍ പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കപ്പെടാനും സ്വയം നല്ല ഉപദേശങ്ങള്‍ നല്‍കാനും കഴിയുന്നു.
പലപ്പോഴും നൊമ്പരപ്പെടുത്തുന്ന ചിന്തകള്‍ എഴുതിയിടുന്നതിലൂടെ അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
എന്നാല്‍, 'മോണിംഗ് പേജസില്‍' ഞാന്‍ ഇഷ്ടപ്പെടുന്നത് അതുണ്ടാക്കുന്ന ഫലത്തിനേക്കാളേറെ ആ പ്രക്രിയയെയാണ്. അതു ചെയ്യുമ്പോള്‍ സമയം പോലും ഞാന്‍ മറക്കും. കൂടുതല്‍ ഉണര്‍വും സംതൃപ്തിയും തോന്നുകയും ചെയ്യുന്നു.
'മോണിംഗ് പേജസ്' എങ്ങനെ ചെയ്യാം?
മോണിംഗ് പേജസ് എഴുതുമ്പോള്‍ മനസ്സില്‍ വരുന്നതെന്തോ അത് അതേപടി പകര്‍ത്തുകയാണ് വേണ്ടത്. രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എഴുതിയത് തിരുത്തുകയും വേണ്ട. ഇതിലൂടെ ലക്ഷ്യം വെക്കുന്നത് നിങ്ങള്‍ മനോഹരമായും കാവ്യാത്മകമായും വ്യാകരണത്തെറ്റില്ലാതെയും എഴുതുക എന്നതിനല്ല, മറിച്ച് മനസ്സില്‍ തോന്നുന്നതെന്തും - അതു ചിലപ്പോള്‍ സാമാന്യബോധത്തിന് നിരക്കാത്തതാണെന്ന് തോന്നിയാല്‍ പോലും- എഴുതുക എന്നതാണ്.
നിങ്ങള്‍ മോണിംഗ് പേജസ് ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ പേജുകള്‍ എഴുതിക്കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സില്‍ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് തോന്നിയേക്കാം. എന്നാൽ നിങ്ങള്‍ മൂന്നു പേജുകള്‍ എഴുതി പൂര്‍ത്തിയാക്കുന്നതു വരെ എഴുത്ത് നിര്‍ത്തരുത്, ഇടയ്ക്ക് നിര്‍ത്താന്‍ തോന്നിയാലും തുടരുക. ഇവിടെയാണ് പലപ്പോഴും മാജിക് സംഭവിക്കുക. നിങ്ങളില്‍ പുതിയ ആശയങ്ങളും പ്രചോദനങ്ങളും ഉണ്ടായേക്കാം.
ഓര്‍ക്കുക, 'ഒന്നും നിസാരമോ, മണ്ടത്തരമോ ഉള്‍പ്പെടുത്താന്‍ കഴിയാത്തത്ര വിചിത്രമോ അല്ല.'
A4 സൈസ് കടലാസ് ഉള്ള ബുക്കില്‍ മോണിംഗ് പേജസ് തയാറാക്കാനാണ് ജൂലിയ കാമറോണ്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് രാവിലെ ആദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറയുന്നുണ്ട്. കാരണം എന്തെങ്കിലും ചെയ്യുന്നതില്‍ ആന്തരികമായ വിലക്കും ന്യായങ്ങളും ഉയര്‍ത്തുന്ന നമ്മുടെ മസ്തിഷ്‌കത്തിലെ യുക്തിയുടെ ഭാഗം അപ്പോള്‍ സജീവമായിരിക്കില്ല എന്നതു തന്നെ.
ഓര്‍ക്കാന്‍
നിത്യജീവിതത്തില്‍ നാം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് വിവരങ്ങളുടെ അതിപ്രസരമാണ്. നിരന്തരമായ മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍, വാര്‍ത്തകള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവ നമുക്ക് ആവശ്യത്തിലേറെ വിവരങ്ങള്‍ നല്‍കുകയും ഏകാഗ്രത നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു.
മോണിംഗ് പേജസ് എന്നത് നിങ്ങളുടെ മനസില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാനും ദിവസം ആരംഭിക്കുന്നതിനു മുമ്പ് സ്വയം സജ്ജമാകാനും നിങ്ങളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനും പ്രചോദിതമായ ജീവിതത്തിനായി ആശയങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സ്വകാര്യ സങ്കേതമാണ്.
മോണിംഗ് പേജസ് ചെയ്യാന്‍ പ്രചോദനത്തിനു വേണ്ടി കാത്തിരിക്കരുത്. രണ്ടാഴ്ച എഴുതാനായി ശ്രമിക്കുക, നിങ്ങളുടെ ജീവിതത്തില്‍ അത് എന്തെങ്കിലും മാറ്റം കൊണ്ടു വരുന്നുണ്ടോ എന്ന് നോക്കുക. അതിനു ശേഷം അത് തുടരുന്നത് മൂല്യവത്താണോ എന്ന് തീരുമാനിക്കുക.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com