വിജയവും സന്തോഷവും - ബീറ്റ്ല്‍സ് നല്‍കുന്ന പാഠം

വിജയത്തിനു പുറകെ പായുന്നവര്‍ മനസ്സിലാക്കേണ്ട ഒരു സത്യം

Update:2021-05-30 09:10 IST

'ബീറ്റ്ല്‍സ്' പോലെ വിജയിച്ചൊരു മ്യൂസിക് ബാന്‍ഡ് ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. 1963 ലാണ് ആദ്യ ആല്‍ബവുമായി അവര്‍ ലോകത്തിനു മുന്നില്‍ അവതരിച്ചത്. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ടായിരുന്നു അവരുടെ കുതിപ്പ്. പൊതുജനം അവരെ ആരാധിച്ചു. സ്ത്രീകളാകട്ടെ, അവരെ കാണുന്ന മാത്രയില്‍ മയങ്ങി വീഴുകപോലും ചെയ്യുമായിരുന്നു!

എങ്കിലും എല്ലാ മഹത്വവും പൊതുജന ആരാധനയും നേടാനായെങ്കിലും അവര്‍ അസന്തുഷ്ടരായിരുന്നു.
അവരുടെ വന്യമായ സ്വപ്‌നങ്ങള്‍ക്കുമപ്പുറമായിരുന്നു അവരുടെ വിജയം. എന്നിട്ടും അത് മതിയായില്ല. എന്തിന്റേയോ കുറവ് അനുഭവപ്പെട്ടു. കൂടുതല്‍ പണം, പ്രശസ്തി, ആഡംബര വസ്തുക്കള്‍ എന്നിവയൊന്നും അതിന് പരിഹാരമായില്ല.
എന്നാല്‍, അസാധാരണമായ വിജയം കൈവരിച്ചിട്ടും അസന്തുഷ്ടരാകുന്നത് ബീറ്റ്ല്‍സിന്റെ മാത്രം അനുഭവമല്ല. ഇതേ അനുഭവം മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
എക്കാലത്തേയും ഏറ്റവും വിജയിയായ ഒളിംപിക് അത്‌ലറ്റാണ് മൈക്കിള്‍ ഫെല്‍പ്‌സ്. 28 ഒളിംപിക് മെഡലുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. അതില്‍ 23 എണ്ണവും സ്വര്‍ണമായിരുന്നു.
എല്ലാ മെഡലുകളും അംഗീകാരങ്ങളും ഉണ്ടായിട്ടും ഫെല്‍പ്‌സ് വിഷാദ രോഗത്തിന് അടിമപ്പെടുകയും ആത്മഹത്യയെ കുറിച്ചു വരെ ചിന്തിക്കുകയും ചെയ്തു.
നമ്മള്‍ മനുഷ്യര്‍ വിജയമാണ് എല്ലാം എന്ന് കരുതുന്നു. വിജയം കൈവരിക്കുക എന്നതാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നു കരുതുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിജയം നേടൂ, കാരണം അത് നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ട സന്തോഷവും പൂര്‍ണതയും നല്‍കുമെന്നാണ് സമൂഹം നമ്മോട് പറയുന്നത്.
പക്ഷേ ചരിത്രം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. വിജയം നേടി എന്നതു കൊണ്ട് സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന് യാതൊരു ഗാരന്റിയുമില്ല.
ധാരാളം സമ്പത്ത്, സമൂഹത്തിലെ ഉയര്‍ന്ന പദവി, അസാമാന്യ നേട്ടം കൈവരിക്കുന്നത് എന്നതിനെയെല്ലാം കേന്ദ്രീകരിച്ചാണ് വിജയം എന്നതിനെ സമൂഹം നിര്‍വചിക്കുന്നത്.
എന്നാല്‍ പണം കൊണ്ട് ദീര്‍ഘകാലത്തേക്ക് ഒരിക്കലും മനസമാധാനമോ സന്തോഷമോ വാങ്ങാനാവില്ല.
ബാഹ്യമായുള്ള മഹത്വവും വിജയവും നീണ്ടു നില്‍ക്കുന്നതും പൂര്‍ണതയുള്ളതുമായ ആന്തരികാനുഭവം നല്‍കുമെന്നാണ് മിഥ്യാധാരണ. എന്നാല്‍ ബീറ്റ്ല്‍സിന്റെയും മൈക്കിള്‍ ഫെല്‍പ്‌സിന്റെയും ഉദാഹരണമെടുത്താല്‍ യാഥാര്‍ത്ഥ്യം തീര്‍ത്തും വ്യത്യസ്തമാണ്.
വിജയിക്കുക എന്നത് മോശമാണെന്നാണോ അതിനര്‍ത്ഥം? തീര്‍ച്ചയായും അല്ല.
വിജയം എന്നതു മാത്രമായിരിക്കരുത് ജീവിത ലക്ഷ്യം. അല്ലെങ്കില്‍ വിജയം നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മാന്ത്രിക പരിഹാരം ഉണ്ടാക്കുമെന്നും നിങ്ങളെ സന്തോഷവാനാക്കുമെന്നും പ്രതീക്ഷിക്കരുത്.
ഇക്കാര്യത്തില്‍ എന്റെ വാക്കുകള്‍ മാത്രം എടുക്കേണ്ടതില്ല. അസാമാന്യ വിജയം നേടിയ ആളുകളുടെ ജീവിതത്തെ കുറിച്ച് വായിച്ചറിയുക- വിജയം നേടുന്നതിലല്ല എല്ലാം എന്ന് അവര്‍ ആത്യന്തികമായി കണ്ടെത്തിയെന്ന് മനസ്സിലാക്കാം.
To Read More Articles by Anoop : https://www.thesouljam.com


Tags:    

Similar News