നിങ്ങളുടെ മനസ്സ് നിങ്ങളോട് കള്ളം പറയുന്നത് എപ്പോഴാണ്?

സൂക്ഷിക്കുക, നിങ്ങളുടെ മനസ്സ് നിങ്ങളെ കളിപ്പിക്കുന്ന മൂന്നു വഴികളെ കുറിച്ചാണ് ഈ ലേഖനം

Update: 2021-09-26 04:13 GMT

അത്ഭുതകരമായ ഒരുപ്രതിഭാസമാണ് നമ്മുടെ മനസ്സ്. അതിന്റെ അതുല്യമായ കഴിവുകള്‍ക്കും ഉജ്വലതയ്ക്കും പകരം വെക്കാന്‍ മറ്റൊന്നില്ല. എന്നാല്‍ നമുക്കു ചുറ്റുമുള്ള ലോകത്തെ വ്യാഖ്യാനിക്കുന്നതിലും വിലയിരുത്തുന്നതിലും അതിന് ഒരിക്കലും തെറ്റ് പറ്റുകയില്ലെന്ന് അതു കൊണ്ട് അര്‍ത്ഥമില്ല. മനശാസ്ത്രജ്ഞര്‍ ഇത്തരത്തിലുള്ള തെറ്റുകളെ cognitive biases എന്നും cognitive distortions എന്നും വിളിക്കുന്നു.

യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കാത്ത തരത്തില്‍ ലോകത്തെ കുറിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതികളാണ് അവ.
ഈ ലേഖനത്തില്‍ ഞാന്‍ എഴുതാനാഗ്രഹിക്കുന്നത് യഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടവരുത്തുന്ന മൂന്ന് അപഭ്രംശം സംഭവിച്ച ചിന്താധാരകളെ കുറിച്ചാണ്.
വൈകാരിക യുക്തി (Emotional Reasoning)
എന്റെ ജീവിതത്തില്‍ ഞാന്‍ വൈകാരിക യുക്തിക്ക് നിരവധി തവണ ഇരയായിട്ടുള്ളതാണ്. അതാകട്ടെ എന്നെ എല്ലാതരത്തിലുമുള്ള അസുഖകരമായ നിഗമനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. യാന്ത്രികമായും അബോധപൂര്‍വമായും സംഭവിക്കുന്നതാണത്. അങ്ങനെ ചെയ്യുന്നുവെന്ന് നമുക്ക് ചിലപ്പോള്‍ മനസ്സിലാക്കാന്‍ പോലുമാവില്ല.
വൈകാരിക യുക്തിയില്‍ നിങ്ങളുടെ വികാരങ്ങളെ സത്യത്തിന്റെ തെളിവായി എടുക്കുകയാണ് ചെയ്യുന്നത്. അതിന് ബലമേകുന്ന ഒരു തെളിവും ഇല്ലെങ്കിലും അല്ലെങ്കില്‍, തെളിവുകള്‍ അങ്ങനെയല്ലെന്ന് കാട്ടുമ്പോഴും 'എനിക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കും' എന്ന ധാരണയുടെ പുറത്താണ് അത് ഉടലെടുക്കുന്നത്.
ഒരാള്‍ക്ക് സ്വയം വിവരദോഷിയും പരിഹാസ്യനും ആണെന്ന് തോന്നിയാല്‍ അങ്ങനെ തന്നെയാണെന്ന് അയാള്‍ നിഗമനത്തിലെത്തുന്നു.
ഡോ ലിയോണ്‍ എഫ് സെറ്റ്‌ലേഴ്‌സിന്റെ 'സൈക്കോളജി ടുഡേ'യില്‍ നിന്നുള്ള ലേഖനത്തില്‍ വൈകാരിക യുക്തിയുടെ രണ്ട് ഉദാഹരണങ്ങള്‍ നല്‍കുന്നു.
  • നിങ്ങളും മറ്റുള്ളവരെ പോലെ കഴിവുള്ളയാളാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുണ്ടെങ്കിലും, തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന ചിന്തയില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന ധാരണയില്‍ തന്നെ നിലനില്‍ക്കുന്നു.
  • മറ്റുള്ളവരെ പോലെയോ അതിനേക്കാളോ മികച്ച ഗ്രേഡ് സ്‌കൂളില്‍ നിന്ന് നേടിയിട്ടുണ്ടെങ്കിലും മുതിര്‍ന്നപ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ പോലെ പലതും നേടാന്‍ ആയിട്ടുണ്ടെങ്കിലും നിങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന ബോധ്യം മനസ്സിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വയം വിഡ്ഢിയായി തോന്നാം.
വൈകാരിക യുക്തിയുടെ പ്രശ്‌നം: എന്തിനെകുറിച്ചെങ്കിലും നമുക്കുള്ള ചിന്തകളും വിശ്വാസങ്ങളും നമ്മുടെ വികാരങ്ങളെ സൃഷ്ടിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത് തെറ്റായ രീതിയിലാണെങ്കില്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ അതിടയാക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്ക തോന്നുന്നുവെന്ന് കരുതുക. അതിന് വൈകാരികമായ ന്യായം കണ്ടെത്തി നിങ്ങളുടെ ആശങ്കയ്ക്ക് ന്യായമായ കാരണമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു.
വൈകാരിക യുക്തിയുടെ പാര്‍ശ്വഫലമാണ്, നീട്ടിവെക്കല്‍ (Procrastination). ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യാനാവില്ലെന്നതിന്റെ സൂചകമായി അത് നിങ്ങളെടുക്കുന്നു. അതോടെ അക്കാര്യം നീട്ടിവെക്കുകയോ പൂര്‍ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു.
ബ്ലാക്ക് & വൈറ്റ് ചിന്ത (ഏകകേന്ദ്രീകൃത ചിന്ത)
ഒന്നെങ്കില്‍ നല്ലത് അല്ലെങ്കില്‍ മോശം, ശരി അല്ലെങ്കില്‍ തെറ്റ്, എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല എന്ന തരത്തില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയാണിത്. എല്ലാറ്റിന്റെയും അങ്ങേയറ്റം മാത്രം കാണുകയും ഇടയിലെ കാര്യം വിസ്മരിക്കുകയും ചെയ്യുന്നതില്‍ നിന്നാണ് ബ്ലാക്ക് & വൈറ്റ് ചിന്ത ഉടലെടുക്കുന്നത്.
ബ്ലാക്ക് & വൈറ്റ് ചിന്തയ്ക്ക് ചില ഉദാഹരണങ്ങളിതാ..
  • എന്റെ ജീവിതം മുമ്പത്തെ പോലെ ഇനിയൊരിക്കലും നന്നാകാന്‍ പോകുന്നില്ല
  • ഞാന്‍ എപ്പോഴും നിര്‍ഭാഗ്യവാനാണ്
  • ഇന്ന് വളരെ മോശം ദിവസമായിരുന്നു
  • ഞാന്‍ --- ചെയ്യുമ്പോള്‍ എപ്പോഴും തെറ്റ് വരുത്തുന്നു
നിങ്ങളുടെ സംസാരത്തിലും ചിന്തയിലും താഴെ പറയുന്ന വാക്കുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങള്‍ ബ്ലാക്ക് & വൈറ്റ് വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ കാണാന്‍ തുടങ്ങിയെന്നതിന്റെ സൂചനയാണത്.
നശിപ്പിച്ചു (Ruined)
എപ്പോഴും (Always)
ഒരിക്കലും (Never)
ദുരന്തം (Disaster)
അസാധ്യം (Impossible)
ബ്ലാക്ക് & വൈറ്റ് ചിന്തയുടെ പ്രശ്‌നം: ആളുകള്‍, സാഹചര്യങ്ങള്‍, സംഭവങ്ങള്‍ എന്നിവയെ ഒരിക്കലും രണ്ടു ഭാഗമായി മാത്രം വര്‍ഗീകരിക്കാനാവില്ല. കാരണം യഥാര്‍ത്ഥ്യം പലപ്പോഴും രണ്ട് അറ്റങ്ങള്‍ക്കിടയിലാണ്. എല്ലാം ശരിയോ തെറ്റോ അല്ലെങ്കില്‍ നല്ലതോ മോശമോ മാത്രമല്ല.
കൂടാതെ, കടുത്ത നെഗറ്റീവ് ചിന്ത സ്വയം ബുദ്ധിമുട്ടിക്കുകയും ബന്ധങ്ങളെ ബാധിക്കുകയും അനാരോഗ്യകരമായ പരിപൂര്‍ണതാ( perfection) സിദ്ധാന്തം കൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുമെന്നതിനാല്‍ നമ്മുടെ മനസികാരോഗ്യത്തിന് ദോഷമാണ്.
വര്‍ണശമ്പളമായ തിരിഞ്ഞുനോട്ടം (Rosy Retrospection)
കഴിഞ്ഞു പോയ സംഭവങ്ങളെ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പോസിറ്റീവായി ഓര്‍മിക്കുന്ന പ്രവണതയെയാണ് വര്‍ണശബളമായ തിരിഞ്ഞു നോട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പഠനത്തില്‍, മൂന്നു ഗ്രൂപ്പുകളോട് അവരുടെ അവധിക്കാലത്തെ കുറിച്ച് അപ്പോഴും അതു കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷവും വിലയിരുത്താന്‍ ആവശ്യപ്പെട്ടു. രസകരമെന്നു പറയട്ടെ, അവധിക്കാലത്ത് നല്‍കിയതിനേക്കാള്‍ മികച്ച റേറ്റിംഗാണ് അവധിക്കാലം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അവര്‍ നല്‍കിയത്.
ഉദാഹരണത്തിന്, കൊഗ്നിറ്റീവ് ബയാസ് കാരണം ഒരാള്‍ അയാളുടെ കുട്ടിക്കാലത്തേയോ അല്ലെങ്കില്‍ കോളെജില്‍ പഠിച്ചിരുന്ന കാലത്തേയോ കുറിച്ച് ഓര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ചതും സന്തോഷകരമായതും ആയിരുന്നുവെന്ന് വിചാരിക്കുന്നു.
ഇത്തരം സംഭവങ്ങളില്‍ കൊഗ്നിറ്റീവ് ബയാസ് പൂര്‍ണമായും നിരുപദ്രവകാരിയോ അതല്ലെങ്കില്‍ ഗുണകരമായതോ ആകാം. എന്നാല്‍ വര്‍ണാഭമായ തിരിഞ്ഞു നോട്ടം ചിലപ്പോഴൊക്കെ പ്രശ്‌നമാകുന്നു.
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്: നിങ്ങളുടെ കഴിഞ്ഞ കാല അനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഭൂതകാലത്തെ നെഗറ്റീവ് ആയതോ അല്ലെങ്കില്‍ നെഗറ്റീവും പോസിറ്റീവും അല്ലാത്തതോ ആയ ഭാഗങ്ങളെ നമ്മള്‍ അവഗണിക്കുകയോ മറന്നു പോകുകയോ ചെയ്‌തേക്കാം. അതുകൊണ്ടു തന്നെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ പോസിറ്റീവായി ആ സംഭവങ്ങള്‍ പിന്നീട് നമ്മുടെ ഓര്‍മയിലെത്തുന്നു.
വര്‍ണശബളമായ തിരിഞ്ഞു നോട്ടം എന്നതിനെ മനഃശാസ്ത്ര പ്രൊഫസറായ ആര്‍ട്ട് മാര്‍ക്ക്മാന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്;
'ദൈനംദിന ജീവിതത്തില്‍ ചെറിയ തോതില്‍ ശല്യമായി തോന്നുന്ന കുറേ കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. അടയ്‌ക്കേണ്ട ബില്ലുകള്‍, അലക്കാനുള്ള തുണിയുടെ കൂമ്പാരം, നടത്താനുള്ള ചില പരിശോധനകള്‍, ചില ദൗത്യങ്ങള്‍ തുടങ്ങിയവയെല്ലാം അതില്‍പ്പെടുന്നു. നിങ്ങള്‍ ഭൂതകാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇത്തരം ചെറിയ ബുദ്ധിമുട്ടുകള്‍ ഓര്‍മയിലുണ്ടാവില്ല. അതുകൊണ്ട് നിങ്ങളുടെ ഓര്‍മയില്‍ അവ മഹത്തായ കാലമെന്ന് തോന്നും. കൂടാതെ, കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഓരോ സംഭവങ്ങളും എങ്ങനെ പരിണമിച്ചു എന്ന് നിങ്ങള്‍ക്കറിയാം. അനിശ്ചിതത്വം സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. വര്‍ത്തമാന കാലം പലപ്പോഴും സന്തോഷം കുറഞ്ഞവയായിരിക്കും. കാരണം ജീവിതത്തിലെ പല കാര്യങ്ങളും എങ്ങനെ പരിണമിക്കും എന്ന് തേടിക്കൊണ്ടിരിക്കുകയാണ് നാം. '
വര്‍ണാഭമായ തിരിഞ്ഞുനോട്ടത്തിന്റെ പ്രശ്‌നം: യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ മികച്ചതായിരുന്നു ഭൂതകാലമെന്ന് ഇത് മൂലം ആളുകള്‍ വിശ്വസിക്കുന്നു. ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ത്തമാനകാലം മോശമായി അനുഭവപ്പെടുന്നു. ഇത് നമ്മുടെ മനസ്സിനെ പ്രശ്‌നങ്ങളൊഴിഞ്ഞതും സന്തോഷകരവുമായി ആദര്‍ശവത്കരിക്കപ്പെട്ട ഭൂതകാലത്തിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കും.
ഇത്തരത്തിലുള്ള മിക്ക അപഭ്രംശം സംഭവിച്ച ചിന്താധാരകളും അബോധപൂര്‍വമായും നൈമിഷികമായും സംഭവിക്കുന്നു.
നല്ല കാര്യം എന്തെന്നാല്‍, ഈ അപഭ്രംശങ്ങളെ കുറിച്ചുള്ള ബോധ്യം ഉണ്ടെങ്കില്‍ അവയെ തിരിച്ചറിയാനും നിങ്ങളുടെ മനസ്സ് കൃത്യതയില്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയാനും എളുപ്പമാകും. അപഭ്രംശം സംഭവിച്ച ഈ ചിന്തകളെ നേരിടാന്‍ എന്നെ സഹായിച്ചത് മെഡിറ്റേഷന്‍ പരിശീലിച്ചതും, വാക്കുകളെയും ചിന്തകളെയും മനസ്സിലാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയതുമാണ്. മാത്രമല്ല, മനസ്സിലേക്ക് യാന്ത്രികമായി ഉയര്‍ന്നു വരുന്ന ചിന്തകളെ ചോദ്യം ചെയ്യുകയും ചെയ്തു.
യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണയെ മറയ്ക്കുന്ന ഈ വികലമായ ചിന്താരീതികളെ കൈകാര്യം ചെയ്യാന്‍ ഈ രീതികള്‍ പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്.
For more simple and practical tips to live better and be happier Visit Anoop's website: https://www.thesouljam.com


Tags:    

Similar News